Quantcast

ഫലസ്തീൻ അനുകൂല പ്രതിഷേധം: അമേരിക്കയിൽ അറസ്റ്റിലായ 57 വിദ്യാർഥികൾക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കി

വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്

MediaOne Logo

Web Desk

  • Published:

    27 April 2024 2:27 PM GMT

pro Palestine protest at austin university
X

ടെക്സസ്: ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റി കാമ്പസിൽ ഫലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ അറസ്റ്റിലായ 57 പേർക്കെതിരെയും ചുമത്തിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കി. ട്രാവിസ് കൗണ്ടി അറ്റോർണി ഓഫീസാണ് ഇക്കാര്യ അറിയിച്ചത്. ക്രമിനൽ അതിക്രമമായിരുന്നു ഇവർക്കെതിരെ ​പൊലീസ് ചുമത്തിയിരുന്നത്. ഇതിന് മതിയായ തെളിവില്ലെന്ന് അറ്റോർണി ഓഫീസ് അറിയിച്ചു. അറസ്റ്റിനെ സാധൂകരിക്കാൻ ​​പൊലീസ് കുറ്റങ്ങൾ എഴുതിച്ചേർക്കുകയായിരുന്നുവെന്നും കൗണ്ടി അറ്റോർണി ഡെലിയ ഗാർസ പറഞ്ഞു.

ബുധനാഴ്ചത്തെ പ്രതിഷേധത്തിൽ പ​ങ്കെടുത്ത് അറസ്റ്റിലായവരെ സർവകലാശാലയിൽ നിന്ന് വിലക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി, നാഷനൽ സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ ചാപ്പ്റ്റർ എന്നിവ ചേർന്നാണ് ബുധനാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത്. ഫലസ്തീൻ സോളിഡാരിറ്റി കമ്മിറ്റി കാമ്പസിനകത്ത് ടെന്റുകൾ സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉടനടി അവ നീക്കി.

അമേരിക്കയിലെ മറ്റു കാമ്പസുകളിൽ നടക്കുന്നത് പോലെ ഇവിടെ പ്രതിഷേധങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സർവകലാശാലാ അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതി​നെ അവഗണിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യക്കെതിരെ ടെക്സാസ് മുതൽ കാലിഫോർണിയ വരെയുള്ള അമേരിക്കൻ കാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. നൂറുകണക്കിന് പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയത്.

കൊളംബിയ യൂണിവേഴ്സിറ്റിക്ക് പിന്നാലെ യേൽ യൂണിവേഴ്സിറ്റി, ന്യൂയോർക്ക് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന, ബ്രൗൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്. ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ അവസാനിപ്പിക്കണമെന്നും വംശഹത്യക്ക് കൂട്ടുനിൽക്കരുതെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

അതേമസയം, വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ വലിയ ​വിമർശനമാണ് ഉയരുന്നത്. പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ച കൊളംബിയ യൂണിവേഴ്സിറ്റി​ പ്രസിഡന്റിന്റെ നടപടിയെ കാമ്പസ് മേൽനോട്ട സമിതി ശക്തമായി അപലപിച്ചു.

ഏപ്രിൽ 17നാണ് കൊളംബിയൻ വിദ്യാർഥികൾ ഗസ്സ ​ഐക്യദാർഢ്യ ക്യാമ്പ് സ്ഥാപിച്ചത്. പ്രതിഷേക്കാരെ പിരിച്ചുവിടാൻ യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമാറ്റ് മിനോഷ് ഷാഫിക് അമേരിക്കൻ പൊലീസിനെ വിളിപ്പിച്ചു. പൊലീസെത്തി നൂറോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കൂടുതൽ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുവന്നു.

വിദ്യാർഥികൾക്ക് വെള്ളിയാഴ്ച യൂണിവേഴ്സിറ്റി പ്രസിഡന്റ് അന്ത്യശാസനം നൽകിയിട്ടുണ്ട്. കാമ്പസിനകത്തെ ടെന്റുകൾ സ്വയം നീക്കിയില്ലെങ്കിൽ അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നൽ, പ്രതിഷേധക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മാത്രമല്ല, പുതുതായി നിരവധി പേരാണ് പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്.

പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയതിനെതിരെ വെള്ളിയാഴ്ച കൊളംബിയ യൂണിവേഴ്സിറ്റി സെനറ്റ് പ്രമേയം പാസാക്കി. അക്കാദമിക് സ്വാതന്ത്ര്യവും വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്വകാര്യതയും ന്യായമായ അവകാശങ്ങളും പ്രസിഡന്റ് ഹനിക്കുകയാണെന്നും സെനറ്റ് ചൂണ്ടിക്കാട്ടി.

വൈറ്റ് ഹൗസിന് സമീപം ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ ഏകദേശം 200 വിദ്യാർഥികൾ തുടർച്ചയായി രണ്ടാം ദിവസവും പ്രതിഷേധവുമായി ഒത്തുകൂടി. വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ സർവകലാശാലാ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു. ഇതിനെ തുടർന്ന് ഇവരെ സസ്​പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

അതേസമയം, വിദ്യാർഥി പ്രതിഷേധം യഹൂദ വിരോധത്തിൽ നിന്ന് ഉയർന്നതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി. കാമ്പസുകളിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യ നയങ്ങൾ പരിഷ്കരിച്ച് സർവകലാശാലകളിലെ യഹൂദവിരുദ്ധത തടയണമെന്ന് ടെക്സസ് ഗവർണർ ഗ്രേഗ് ആബട്ടും ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥികൾക്കെതിരായ നടപടിക്കെതിരെ പൗരാവകാശ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. വിദ്യാർഥികളുടെ അറസ്റ്റിനെ അപലപിച്ച സംഘടനകൾ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

TAGS :

Next Story