Quantcast

'നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു'; വൈറ്റ്ഹൗസ് ലേഖകരുടെ അത്താഴ വിരുന്നിനിടെയും പ്രതിഷേധം, ഫലസ്തീൻ പതാക ഉയർത്തി

വൈറ്റ് ഹൗസ് ലേഖകന്മാർക്കായി അമേരിക്കന്‍ പ്രസിഡന്റ് സംഘടിപ്പിച്ച വാർഷിക അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നേരെയാണ് പ്രതിഷേധം അരങ്ങേറിയത്.

MediaOne Logo

Web Desk

  • Updated:

    2024-04-28 16:38:31.0

Published:

28 April 2024 4:24 PM GMT

നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു; വൈറ്റ്ഹൗസ് ലേഖകരുടെ അത്താഴ വിരുന്നിനിടെയും പ്രതിഷേധം, ഫലസ്തീൻ പതാക ഉയർത്തി
X

വാഷിങ്ടൺ: ക്യാമ്പസുകളിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നിറഞ്ഞുനിൽക്കെ ചൂടറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിന്റെ അതിഥികളും. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, പത്രലേഖകന്മാർക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇവിടേക്ക് എത്തിയ അതിഥികൾക്ക് നേരെയാണ് പ്രതിഷേധം അരങ്ങേറിയത്.

'നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു' എന്ന് പ്രതിഷേധക്കാർ ഉറക്കെ വിളിച്ചുപറഞ്ഞു. മാധ്യമപ്രവർത്തകർക്ക് പുറമെ രാഷ്ട്രീയ-ഹോളിവുഡ് രംഗത്തെ പ്രമുഖരാണ് അതിഥികളായി ചടങ്ങിന് എത്തിയത്. പക്ഷപാതപരമായി യുദ്ധം റിപ്പോർട്ട് ചെയ്യുന്നതും ബൈഡൻ ഭരണകൂടം യുദ്ധത്തിൽ സ്വീകരിക്കുന്ന നിലപാടുകളുമൊക്കെ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.

ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനും എതിരാളികളെ വിമര്‍ശിക്കാനുമൊക്കെയാണ് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. വൈറ്റ് ഹൗസ്, അമേരിക്കൻ പ്രസിഡന്റ് എന്നിവയെച്ചുറ്റിപ്പറ്റി റിപ്പോർട്ട് ചെയ്യുന്നവരെയാണ് വിരുന്നിന് ക്ഷണിക്കുക. ബൈഡന്റെ മുന്‍ഗാമികളൊക്കെ ഇത്തരത്തില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടിക്ക് വേദിയാകുന്ന വാഷിങ്ടണ്‍ ഹില്‍ട്ടണിന് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. പരമ്പരാഗത ഫലസ്തീനിയൻ വസ്ത്രമായ കഫിയ അണിഞ്ഞായിരുന്നു പ്രതിഷേധക്കാര്‍ എത്തിയിരുന്നത്. നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് അതിഥികള്‍ എത്തുമ്പോള്‍ പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരണങ്ങളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ നല്‍കുന്നതെന്നും നിങ്ങള്‍ എല്ലാ ഭീകരതകളും മറയ്ക്കുകയാണെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറഞ്ഞു.

ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിരുന്ന് നടക്കുന്ന വേദിക്ക് സമീപം ഫലസ്തീന്‍ പതാക പ്രതിഷേധക്കാര്‍ ഉയര്‍ത്തുകയും ചെയ്തു.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കെതിരെയും യുദ്ധം കൈകാര്യം ചെയ്യുന്നതില്‍ ബൈഡന്‍ ഭരണകൂടം വെച്ച് പുലര്‍ത്തുന്ന നിസ്സംഗതയ്ക്കെതിരെയുമാണ് യു.എസിലെ ക്യാമ്പസുകളിലുടനീളം വിദ്യാര്‍ഥികളുടെ പ്രതിഷേധം. 500ലേറെ വിദ്യാര്‍ത്ഥികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്താലും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയ ഫലസ്തീൻകാരെയും അറബ് മാധ്യമപ്രവർത്തകരെയും ശ്രദ്ധയിൽകൊണ്ടുവരാന്‍ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിഷേധമൊരുക്കിയ സംഘാടകരിലൊരാള്‍ പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ ഫലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ, വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ സംഘടന മൗനം പാലിക്കുകയാണ് ചെയ്തതെന്ന് പ്രതിഷേധക്കാരിലൊരാൾ ആരോപിച്ചു. അതേസമയം ഈ ആരോപണത്തോട് സംഘടന പ്രതികരിച്ചിട്ടില്ല.

അതേസമയം ഗസ്സയിലെ നിരവധി പത്രപ്രവര്‍ത്തകര്‍ വാഷിംഗ്ടണിലെ തങ്ങളുടെ സഹപ്രവർത്തകരോട് അത്താഴം പൂർണ്ണമായും ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് ഒരു കത്ത് എഴുതിയിരുന്നു. എന്നാൽ ഈ കത്ത് കാര്യമായി പരിഗണിച്ചില്ല. നിങ്ങളുടെ സഹപ്രവർത്തകർ വിരുന്നിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും പിന്നെ നിങ്ങൾ എന്തിന് പോകുന്നുവെന്ന് പ്രതിഷേധക്കാരിലൊരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

TAGS :

Next Story