Quantcast

പന്തളത്ത് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചെത്തി; പുലിവാല് പിടിച്ച് പൊലീസ്

അതേസമയം യുവാവിന്‍റെതെന്ന് കരുതി അടക്കം ചെയ്ത മൃതദേഹം പൊലീസിന് തലവേദനയായിരിക്കുകയാണ്

MediaOne Logo

  • Published:

    27 March 2021 1:37 AM GMT

പന്തളത്ത് മരിച്ചെന്ന് കരുതിയ യുവാവ് തിരിച്ചെത്തി; പുലിവാല് പിടിച്ച് പൊലീസ്
X

മരണം സ്ഥിരീകരിച്ച് മൃതദേഹം സംസ്കരിച്ച ബന്ധുക്കളെ അത്ഭുതപ്പെടുത്തി പത്തനംതിട്ട പന്തളത്ത് യുവാവിന്‍റെ തിരിച്ചുവരവ്. കുടശ്ശനാട് സ്വദേശി സാബു ജേക്കബാണ് താന്‍ മരിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ക്ക് തെറ്റ് പറ്റിയതായും കാട്ടി പന്തളം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം യുവാവിന്‍റെതെന്ന് കരുതി അടക്കം ചെയ്ത മൃതദേഹം പൊലീസിന് തലവേദനയായിരിക്കുകയാണ്.

2020 ഡിസംബര്‍ 26ന് പത്രത്തില്‍ കണ്ട അജ്ഞാത മൃതദേഹത്തെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞാണ് ബന്ധുക്കള്‍ സാബു ജേക്കബ് മരിച്ചതായി തെറ്റിദ്ധരിക്കുന്നത്. കോട്ടയം പാലാ സ്റ്റേഷന്‍ പരിധിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട അജ്ഞാതന്‍ സാബുവുമായി സാമ്യം കണ്ടെത്തിയതോടെ മൃതദേഹം ഏറ്റു വാങ്ങി മതാചാര പ്രകാരം ഇവര്‍ സംസ്കരിച്ചു. എന്നാല്‍ ഏറെ നാളുകളായി ബന്ധുക്കളില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്ന സാബു സുഹൃത്തുക്കള്‍ മുഖേന തന്‍റെ മരണ വാര്‍ത്തയറിഞ്ഞതോടെയാണ് പന്തളം പൊലീസ് സ്റ്റേഷനില്‍ താന്‍ മരിച്ചിട്ടില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില മോഷണ കേസുകളില്‍ പ്രതിയായതിനാലാണ് താന്‍ നാട്ടില്‍ വരാതിരുന്നതെന്നും ബന്ധുക്കളുമായി സഹകരിക്കാതിരുന്നതെന്നുമാണ് സാബു പൊലീസില്‍ അറിയിച്ചത്. ഇതോടെ ഇന്നലെ വൈകിട്ട് പന്തളം പൊലീസ് ബന്ധുക്കളെ വിളിച്ച് വരുത്തി സാബു മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പേരില്‍ കേസ് നിലവിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷന് സാബുവിനെ കൈമാറി. എന്നാല്‍ സാബുവിന്‍റെതെന്ന് തെറ്റിദ്ധരിച്ച് അടക്കം ചെയ്ത മൃതദേഹം ഇപ്പോള്‍ പൊലീസിന് തലവേദനയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് കേസിന്‍റെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാലാ - പന്തളം പൊലീസ് സ്റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.

TAGS :

Next Story