Quantcast

റിയാൻ പരാഗ് വെർഷൻ 2.0; ട്രോളുകളിൽ നിന്ന് ടോപ്പിലേക്കുള്ള യുവതാരത്തിന്റെ സഞ്ചാരം

വിരാട് കോഹ്‌ലിയെ പിന്തള്ളി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരിക്കുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 181 റൺസാണ് സമ്പാദ്യം. 181 ശരാശരിയിലാണ് ബാറ്റ് വീശിയത്.

MediaOne Logo

Sports Desk

  • Updated:

    2024-04-02 11:18:57.0

Published:

1 April 2024 6:48 PM GMT

റിയാൻ പരാഗ് വെർഷൻ 2.0; ട്രോളുകളിൽ നിന്ന് ടോപ്പിലേക്കുള്ള യുവതാരത്തിന്റെ സഞ്ചാരം
X

ഐപിഎലിൽ ഏറ്റവും കൂടുതൽ ട്രോളിന് വിധേയനായ താരമാണ് റിയാൻ പരാഗ്. ഓരോ സീസണിലും തിരഞ്ഞിടിപിടിച്ചുള്ള ആക്രമണം. ഒരുവേള താരം തന്നെ തനിക്കെതിരെയുള്ള ഇത്തരം കളിയാക്കലുകൾക്കെതിരെ രംഗത്തുവരികയും ചെയ്തു. ഐപിഎൽ പിച്ചിൽ നിരന്തരം പരാജയപ്പെടുമ്പോഴും താരത്തിൽ വിശ്വാസമർപ്പിച്ച് ഓരോ സീസണിലും അവസരം നൽകിയാണ് രാജസ്ഥാൻ മാനേജ്‌മെന്റ് ചേർത്ത് പിടിച്ചത്. 2024 സീസണിലും രാജസ്ഥാൻ നിരയിൽ യുവതാരം ഇടം പിടിച്ചു. എന്നാൽ വിമർശകർക്കുള്ള ചുട്ടമറുപടിയാണ് ഈ ഐപിഎലിൽ താരം ബാറ്റിലൂടെ നൽകിയത്. കളിച്ച മൂന്നിൽ രണ്ടിലും അർധസെഞ്ച്വറി. ഓറഞ്ച് ക്യാപ് നേട്ടം. വരാനിരിക്കുന്ന മത്സരങ്ങളിൽ സഞ്ജുവും സംഘവും കരുതിവെച്ച ട്രംകാർഡ്‌.

വികൃതി പയ്യനിൽ നിന്ന് മികച്ച യൂട്ടിലിറ്റി പ്ലെയറിലേക്കുള്ള പകർന്നാട്ടം. മൂന്ന് മത്സരങ്ങളിൽ നിന്ന് 181 റൺസാണ് സമ്പാദ്യം. 181 ശരാശരിയിലാണ് ബാറ്റ് വീശിയത്. ഈ സീസണിൽ രാജസ്ഥാന്റെ ആദ്യ മത്സരം ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയായിരുന്നു. ആദ്യ മാച്ചിൽ 22 കാരൻ നേടിയത് 29 പന്തിൽ 43 റൺസ്. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിലാണ് ഗുവഹാത്തിക്കാരൻ വിശ്വരൂപം പൂണ്ടത്. 45 പന്തിൽ 84 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം മത്സരത്തിലും വാംഖഡെയിൽ രാജസ്ഥാൻ നിരയിലെ വിശ്വസ്ത ഫിനിഷറായി അവതരിച്ചു. ബാറ്റിങ് അൽപം ദുഷ്‌കരമായ പിച്ചിൽ അനായാസം റൺസ് കണ്ടെത്തിയ പരാഗ് പേരുകേട്ട മുംബൈ താരങ്ങളെ ബൗണ്ടറികടത്തി. രാജസ്ഥാൻ ഏറെ പ്രതീക്ഷവെച്ചിരുന്ന ഇംഗ്ലീഷ് താരം ജോഷ് ബട്‌ലറും ഇന്ത്യയുടെ പുതിയ സെൻസേഷൻ യശസ്വി ജയ്‌സ്വാളും പരാജയപ്പെടുന്നിടത്താണ് ടീമിനെ ഒറ്റക്ക് തോളിലേന്തി യുവതാരത്തിന്റെ മുന്നേറ്റം. നിലവിൽ തോൽവിയറിയാതെ മുന്നേറുന്ന രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിലും റിയാൻ പരാഗിന്റെ ബാറ്റിൽനിന്നൊഴുകുന്ന റൺസ് നിർണായകമാണ്.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഐപിഎലിൽ പലപ്പോഴും ഫോമിലെത്താൻ താരത്തിനായിരുന്നില്ല. ബിഗ് ഹിറ്ററാണെങ്കിലും ഷോട്ട് സെലക്ഷൻ പലപ്പോഴും പ്രശ്‌നമായിരുന്നു. എന്നാൽ ഇത്തവണ ക്യാപ്റ്റൻ സഞ്ജു സാംസണിന്റേയും ടീം മാനേജ്‌മെന്റിന്റേയും പിന്തുണ താരത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ കാരണമായി. ക്രീസിൽ നിൽക്കെ സഞ്ജു നൽകിയ പിന്തുണ തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് താരം തുറന്നു പറയുകയും ചെയ്തിരുന്നു.

ഐപിഎല്ലിൽ സീസണിലെ മൂന്നാം തോൽവിയാണ് രാജസ്ഥാനെതിരെ മുംബൈ ഇന്ത്യൻസ് നേരിട്ടത്. മുംബൈയുടെ വിജയലക്ഷ്യമായ 126 റൺസ് 15.3 ഓവറിൽ സഞ്ജുവും സംഘവും മറികടന്നു. അർധ സെഞ്ച്വറി നേടിയ റിയാൻ പരാഗാണ് വിജയ ശിൽപി. 39 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 54 റൺസാണ് യുവതാരം നേടിയത്. മുംബൈക്കായി ആകാശ് മധ്വാൽ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ: മുംബൈ: 125-9, രാജസ്ഥാൻ: 15.3 ഓവറിൽ 127-4. തുടർച്ചയായി മൂന്നാം ജയത്തോടെ പോയന്റ് ടേബിളിൽ രാജസ്ഥാൻ ഒന്നാമതെത്തി. മൂന്നിലും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്

TAGS :

Next Story