Quantcast

മുംബൈ നട്ടിളക്കി ബോൾട്ട്, ഫിനിഷ് ചെയ്ത് പരാഗ്; രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം

തുടർച്ചയായി മൂന്നാം മത്സരത്തിലും രാജസ്ഥാനായി റിയാൻ പരാഗ് മികച്ച പ്രകടനം പുറത്തെടുത്തു

MediaOne Logo

Sports Desk

  • Updated:

    2024-04-01 17:59:03.0

Published:

1 April 2024 4:04 PM GMT

മുംബൈ നട്ടിളക്കി ബോൾട്ട്, ഫിനിഷ് ചെയ്ത് പരാഗ്; രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റ് ജയം
X

മുംബൈ: ഐപിഎല്ലിൽ സീസണിലെ മൂന്നാം തോൽവി നേരിട്ട് മുംബൈ ഇന്ത്യൻസ്. സ്വന്തം തട്ടകമായ വാംഖഡെയിൽ രാജസ്ഥാൻ റോയൽസ് ആറുവിക്കറ്റിനാണ് കീഴടക്കിയത്. മുംബൈയുടെ വിജയലക്ഷ്യമായ 126 റൺസ് 15.3 ഓവറിൽ സഞ്ജുവും സംഘവും മറികടന്നു. അർധ സെഞ്ച്വറി നേടിയ റിയാൻ പരാഗാണ് വിജയ ശിൽപി. 39 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 54 റൺസാണ് യുവതാരം നേടിയത്. മുംബൈക്കായി ആകാശ് മധ്വാൽ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ: മുംബൈ: 125-9, രാജസ്ഥാൻ: 15.3 ഓവറിൽ 127-4.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ തുടക്കം മോശമായിരുന്നു. രാജസ്ഥാൻ സ്പിൻ-പേസ് ബൗളിങിന് മുന്നിൽ മുൻ ചാമ്പ്യൻമാർ തകർന്നടിഞ്ഞു. പവർപ്ലേയിൽ നാല് വിക്കറ്റ് നഷ്ടമായ ടീമിന്റെ മൂന്ന് മുൻനിര ബാറ്റർമാർ പൂജ്യത്തിനാണ് മടങ്ങിയത്. ന്യൂസിലാൻഡ് താരം ട്രെൻഡ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിൽതന്നെ രണ്ട് വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. ഓപ്പണർ രോഹിത് ശർമ്മയും നമാൻ ധിറും പൂജ്യത്തിന് മടങ്ങി. അവിശ്വസിനീയ ഡൈവിങ് ക്യാച്ചിലൂടെയാണ് സഞ്ജു സാംസൺ ഹിറ്റ്മാനെ കൈപിടിയിലൊതുക്കിയത്. പിന്നാലെയെത്തിയ ഇംപാക്ട് പ്ലെയർ ഡെവാൾഡ് ബ്രേവിസ്(0)വന്നതും പോയതും ഒരുമിച്ചായിരുന്നു. ട്രെൻഡ് ബോൾട്ടിന്റെ ഓവറിൽ ബർഗറിന്റെ കൈയിൽ അവസാനിച്ചു. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇഷാൻ കിഷൻ (14 പന്തിൽ 16) ദക്ഷിണാഫ്രിക്കൻ താരം നന്ദ്രെ ബർഗറിന്റെ ഓവറിൽ പുറത്തായി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന തിലക് വർമ്മ-ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ടീമിനെ മുന്നോട്ട് നയിച്ചത്. മുംബൈ സ്‌കോർ 76ൽ നിൽക്കെ വമ്പൻ അടിക്ക് ശ്രമിച്ച ഹാർദിക് പാണ്ഡ്യയെ മടക്കി വീണ്ടും പ്രഹരം. 21 പന്തിൽ 34 റൺസാണ് ഹാർദിക് നേടിയത്. പിന്നാലെ ചഹലിന്റെ ഓവറിൽ തിലക് വർമ്മയും(32) മടങ്ങി. ടിം ഡേവിഡ് നിൽക്കെ സർപ്രൈസ് നീക്കത്തിലൂടെ പീയുഷ് ചൗളയാണ് ഏഴാമനായി ക്രീസിലെത്തിയത്. എന്നാൽ കളിക്കളത്തിൽ ശോഭിക്കാൻ വെറ്ററൻ സ്പിന്നർക്കായില്ല. ആറു പന്തിൽ മൂന്ന് റൺസിൽ നിൽക്കെ ആവേഷ് ഖാന്റെ ഓവറിൽ അത്യുഗ്രൻ ഡൈവിങ് ക്യാച്ചിൽ ഷിംറോൺ ഹെറ്റ്മെയർ താരത്തെ പറഞ്ഞയച്ചു. ബർഗറിന്റെ ഓവറിൽ ട്രെന്റ് ബോൾട്ടിന് ക്യാച്ച് നൽകി ടിം ഡേവിഡ്(24 പന്തിൽ 17)കൂടി മടങ്ങിയതോടെ അവസാന ഓവറുകളിൽ എല്ലാം ചടങ്ങായി അവശേഷിച്ചു. രാജസ്ഥാനായി ട്രെൻഡ് ബോൾട്ടും യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

കളിയിലുടനീളം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസി മികച്ചുനിന്നു. ബൗളിങ് മാറ്റങ്ങളും ഫീൽഡിങ് ക്രമീകരണവുമെല്ലാം കൃത്യമായി. ഒരുഘട്ടത്തിൽ പോലും രാജസ്ഥാൻ ബൗളർമാർ മുംബൈക്ക് അവസരം നൽകിയില്ല. ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് ആദ്യ ഓവറിൽതന്നെ ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെ(10) നഷ്ടമായി. ദക്ഷിണാഫ്രിക്കൻ കൗമാരതാരം ക്വീന മപാകക്കായിരുന്നു വിക്കറ്റ്. ഐപിഎലിൽ മപാകയുടെ ആദ്യവിക്കറ്റായിരുന്നു. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാസണെ നഷ്ടമായി. ടീമിലേക്ക് മടങ്ങിയെത്തിയ ആകാശ് മധ്വാലിന്റെ ഓവറിൽ ബൗൾഡാകുകയായിരുന്നു. ജോഷ് ബട്‌ലർ(13) വേഗം മടങ്ങിയതോടെ ഒരുഘട്ടത്തിൽ സന്ദർശകർ പ്രതിസന്ധി നേരിട്ടു. എന്നാൽ ഉജ്ജ്വല ഫോമിൽ കളിക്കുന്ന റിയാൻ പരാഗ് വാംഖഡയിലും ഇതാവർത്തിച്ചു. ആംഗർ റോളിൽ കളിച്ച താരം അനാവശ്യ പന്തുകളെ തേടിപിടിച്ച് സ്‌കോറിംഗ് ഉയർത്തി. 39 പന്തിൽ അർധസെഞ്ച്വറി നേടിയ താരം അനായാസം രാജസ്ഥാനെ വിജയതീരത്തെത്തിച്ചു. മൂന്നാം ജയത്തോടെ ജയത്തോടെ രാജസ്ഥാൻ ഒന്നാംസ്ഥാനത്തേക്കുയർന്നു.തുടരെ മൂന്ന് തോൽവി നേരിട്ട മുംബൈ അവസാന സ്ഥാനത്താണ്.

TAGS :

Next Story