Quantcast

തകർത്തടിച്ച് ഹെഡ്, എറിഞ്ഞുവീഴ്ത്തി നടരാജൻ; ഡൽഹിക്കെതിരെ ഹൈദരാബാദിന് 67 റൺസ് ജയം

ഹൈദരാബാദിനായി പേസർ ടി നടരാജൻ നാല് വിക്കറ്റുമായി തിളങ്ങി.

MediaOne Logo

Sports Desk

  • Updated:

    2024-04-20 18:14:23.0

Published:

20 April 2024 4:15 PM GMT

തകർത്തടിച്ച് ഹെഡ്, എറിഞ്ഞുവീഴ്ത്തി നടരാജൻ; ഡൽഹിക്കെതിരെ ഹൈദരാബാദിന് 67 റൺസ് ജയം
X

ഡൽഹി: റൺമലകയറിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 67 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. സൺറൈസേഴ്‌സ് ഹൈദരാബാദ് വിജയലക്ഷ്യമായ 267 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ പോരാട്ടം 19.1 ഓവറിൽ 199 റൺസിൽ അവസാനിച്ചു. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച ഫ്രേസർ മക്ഗുർക്ക് ഡൽഹിക്ക് മികച്ച തുടക്കം നൽകിയെങ്കിലും ലക്ഷ്യത്തിയില്ല. സീസണിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി(14 പന്തിൽ) നേടിയ ഫ്രേസർ 18 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്‌സറും പറത്തി 65 റൺസെടുത്തു. സ്പിന്നർ മയങ്ക് മാർക്കണ്ഡെയുടെ ഓവറിൽ ഹെൻറിച് ക്ലാസൻ പിടിച്ചാണ് മടങ്ങിയത്. ഹൈദരാബാദിനായി പേസർ ടി നടരാജൻ നാല് വിക്കറ്റുമായി തിളങ്ങി. സ്‌കോർ: ഹൈദരാബാദ് 20 ഓവറിൽ ഏഴിന് 266, ഡെൽഹി: 19.1 ഓവറിൽ 199.

അടിക്ക് തിരിച്ചടിയായാണ് ഡൽഹി ബാറ്റർമാർ ക്രീസിലെത്തിയത്. സൺറൈസേഴ്‌സിനായി ബൗളിങ് ഓപ്പൺചെയ്ത വാഷിങ്ടൺ സുന്ദറിന്റെ ആദ്യ നാല് പന്തുകളും ബൗണ്ടറി പറത്തി പൃഥ്വി ഷാ നയം വ്യക്തമാക്കി. എന്നാൽ അഞ്ചാം പന്തിൽ പൃഥ്വിഷായെ സുന്ദർ അബ്ദുൽ സമദിന്റെ കൈകളിലെത്തിച്ചു(16). തുടർന്ന് ക്രീസിലെത്തിയ ഓസീസ് താരം ഡേവിഡ് വാർണർ(1) ഭുവനേശ്വർ കുമാർ മടക്കി. എന്നാൽ മൂന്നാംവിക്കറ്റിൽ ഒത്തുചേർന്ന ഫ്രേസർ-അഭിഷേക് പൊരേൽ കൂട്ടുകെട്ട് ഡൽഹി ടോപ് ഗിയറിൽ മുന്നോട്ട് നയിച്ചു. തുടരെ ബൗണ്ടറികളും സിക്‌സറും പായിച്ച് സൺറൈസേഴ്‌സിന്റെ സമാനമായ രീതിയിലാണ് സ്‌കോറിംഗ് വന്നത്. ഏഴാം ഓവറിൽ 109ൽ നിൽക്കെ ഫ്രേസർ മക്ഗുർക്ക് പുറത്തായത് നിർണായകമായി. തുടർന്ന് ക്രീസിലെത്തിയ ഫോമിലുള്ള ട്രിസ്റ്റൺ സ്റ്റബ്‌സിന് കാര്യമായൊന്നും ചെയ്യാനായില്ല. പത്ത റൺസെടുത്ത താരത്തെ നിതീഷ് കുമാർ റെഡ്ഡി മടക്കി. എന്നാൽ ഒരറ്റത്ത് ക്യാപ്റ്റൻ ഋഷഭ് പന്ത് നിലയുറപ്പിച്ചത് ഡൽഹിക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ മധ്യഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെ ഹൈദരാബാദ് ബൗളർമാർ മികച്ചുനിന്നതോടെ ഡൽഹി പരാജയം നേരിട്ടു.ജയത്തോടെ ഓറഞ്ച് ആർമി പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴിലേക്ക് വീണു.

നേരത്തെ ഡൽഹി അരുൺജെയിറ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് ഓസീസ് താരം ട്രാവിസ് ഹെഡിന്റെയും ഷഹബാസ് അഹമ്മദിന്റെയും അർധസെഞ്ച്വറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസിന്റെ കൂറ്റൻസ്‌കോറാണ് പടുത്തുയർത്തിയത്. ഐപിഎൽ ഉയർന്ന ടീം ടോട്ടലിലെ നാലാമത്തെ സ്‌കോറാണിത്. ആദ്യ രണ്ടും കഴിഞ്ഞ മത്സരങ്ങളിൽ ഓറഞ്ച് ആർമി സ്വന്തമാക്കിയിരുന്നു. 11 ഫോറും ആറു സിക്‌സറും സഹിതം 32 പന്തിൽ 89 റൺസാണ് ട്രാവിസ് ഹെഡ് നേടിയത്. കുൽദീപ് യാദവിന്റെ അത്യുഗ്രൻ പ്രകടനമാണ് 300ന് മുകളിൽ പോകേണ്ട ഇന്നിങ്‌സിനെ തടഞ്ഞുനിർത്തിയത്. നാല് വിക്കറ്റുമായി താരം ഡെൽഹി നിരയിൽ മികച്ചുനിന്നു. 29 പന്തിൽ 59 റൺസുമായി ഷഹബാസ് അഹമ്മദ് അവസാന ഓവറുകളിൽ തകർത്തടിച്ചു.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് സ്വപ്ന തുടക്കമാണ് ലഭിച്ചത്. ഓപ്പൺമാരായ ഓസീസ് താരം ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് തുടരെ ബൗണ്ടറിയും സിക്‌സറും പായിച്ച് റൺറേറ്റ് കുത്തനെ ഉയർത്തി. 5 ഓവറിൽ നൂറുപിന്നിട്ട എസ്ആർഎച്ച് പവർപ്ലെയിൽ 125 എന്ന റെക്കോർഡ് സ്‌കോറിലേക്കുമെത്തി. റണ്ണൊഴുക്ക് തടയാൻ പവർപ്ലെയിൽ അഞ്ച് ബൗളർമാരെ ഡൽഹി നായകൻ മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. 2017ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കുറിച്ച 105 റൺസാണ് ഹൈദരാബാദ് ഡൽഹിയിൽ മറികടന്നത്. ഇതിനിടെ സീസണിലെ അതിവേഗ അർധസെഞ്ച്വറിയും(16 പന്തിൽ) ട്രാവിസ് ഹെഡ് സ്വന്തമാക്കി.

7ാം ഓവറിൽ കുൽദീപ് യാദവാണ് ഒടുവിൽ ഡൽഹിക്ക് ആശ്വാസമായെത്തിയത്. തകർത്തടിച്ച അഭിഷേകിനെ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ചു. 12 പന്തിൽ രണ്ട് ബൗണ്ടറിയും ആറു സിക്‌സറും സഹിതം 46 റൺസാണ് സമ്പാദ്യം. തൊട്ടുപിന്നാലെ എയ്ഡൻ മാർക്രത്തിനേയും (1) പുറത്താക്കി കുൽദീപ് ഇരട്ടപ്രഹരം നൽകി. വിക്കറ്റ് വീഴുമ്പോഴും ഒരുവശത്ത് ട്രാവിസ് ഹെഡ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ കുൽദീപ് സ്പിൻ കെണിയിൽ ഹെഡ് വീണു.സിക്‌സറുമായി തുടങ്ങിയ ഹെൻറിക് ക്ലാസനെ (എട്ട് പന്തിൽ 15) അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡാക്കിയതോടെ 20ന് മേൽ ഉയർന്ന റൺറേറ്റ് പതുക്കെ താഴേക്ക് വന്നു. നിതീഷ് കുമാർ റെഡിയും ഷഹബാസ് അഹമ്മദും ചേർന്ന് മധ്യ ഓവറുകളിൽ കരുതലോടെ കളിച്ചതോടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 27 പന്തിൽ 37 റൺസ് നേടിയ നിതീഷിനെയും കുൽദീപ് മടക്കി. അവസാന ഓവറുകളിൽ ഷഹബാദ് അഹമ്മദ് തകർത്തടിച്ചതോടെ സ്‌കോർ 266 ലേക്കെത്തിക്കാനായി. മുംബൈ നിരയിൽ കുൽദീപ് 4 വിക്കറ്റുമായി തിളങ്ങി.

TAGS :

Next Story