Quantcast

കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ബട്‌ലറിലൂടെ മറുപടി; റോയൽ വാറിൽ 'രാജ'സ്ഥാന് ജയം

58 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്‌സറും സഹിതമാണ് ഇംഗ്ലീഷ് താരം തകർത്തടിച്ചത്.

MediaOne Logo

Sports Desk

  • Updated:

    2024-04-06 18:14:26.0

Published:

6 April 2024 4:04 PM GMT

കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ബട്‌ലറിലൂടെ മറുപടി; റോയൽ വാറിൽ രാജസ്ഥാന് ജയം
X

ജയ്പൂർ: സീസണിലെ ആദ്യ രണ്ട് സെഞ്ച്വറികൾ പിറന്ന മത്സരത്തിൽ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനാണ് തകർത്തത്. ആർ.സി.ബിയുടെ വിജയ ലക്ഷ്യമായ 184 റൺസ് 19.1 ഓവറിൽ ആതിഥേയർ മറികടന്നു. സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന ജോഷ് ബട്‌ലർ 100 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സർ പായിച്ചാണ് വിജയ റൺസും സെഞ്ച്വറിയും നേടിയത്. 58 പന്തിൽ എട്ട് ബൗണ്ടറിയും നാല് സിക്‌സറും സഹിതമാണ് ഇംഗ്ലീഷ് താരം തകർത്തടിച്ചത്. 42 പന്തിൽ 69 റൺസുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മികച്ച പിന്തുണ നൽകി. ബെംഗളൂരുവിനായി റീസ് ടോഫ്‌ലി രണ്ട് വിക്കറ്റ് നേടി.

ജയ്പൂരിലെ സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസ് കുറിച്ചത്. ഐപിഎൽ കരിയറിലെ എട്ടാം ശതകം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ മികവിലായിരുന്നു ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. 72 പന്തിൽ 12 ബൗണ്ടറിയും നാല് സിക്സറും സഹിതം 113 റൺസുമായി കോഹ്ലി പുറത്താകാതെനിന്നു.

സീസണിൽ ആദ്യമായി ഓപ്പണിങിൽ മികച്ച തുടക്കം ലഭിച്ച ആർസിബി പവർപ്ലെയിൽ 53 റൺസാണ് നേടിയത്. തുടർന്നും ഫാഫ് ഡുപ്ലെസിയും വിരാടും ചേർന്ന് സ്‌കോറിംഗ് വേഗമുയർത്തി. അർധ സെഞ്ച്വറിക്ക് ആറു റൺസ് അകലെ യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ ജോസ്് ബട്ലർ പിടിച്ച് ഡുപ്ലെസിസ് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഗ്ലെൻ മക്സ്വെൽ വേഗത്തിൽ മടങ്ങി.നന്ദ്രെ ബർഗറിന്റെ ഓവറിൽ (1) ക്ലീൻബൗൾഡാകുകയായിരുന്നു. സൗരവ് ചൗഹാനും (6) മടങ്ങിയെങ്കിലും ഒരറ്റത്ത് ആംഗർ റോളിൽ കോഹ്ലി തകർത്തടിച്ചു. കാമറൂർ ഗ്രീൻ (5) പുറത്താകാതെ നിന്നു. രാജസ്ഥാൻ നിരയിൽ യുസ്വേന്ദ്ര ചഹൽ രണ്ട് വിക്കറ്റുമായി തിളങ്ങി.

മറുപടി ബാറ്റിങിൽ സ്‌കോർ ബോർഡിൽ റൺസ് തെളിയും മുൻപെ യശസ്വി ജെസ്വാളിനെ(0) നഷ്ടമായ രാജസ്ഥാനെ സഞ്ജുവും ബട്‌ലറും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ 15ാം ഓവറിൽ സഞ്ജു പുറുത്താകുമ്പോൾ രാജസ്ഥാൻ വിജയത്തോട് അടുത്തിരുന്നു. 148 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. 'പിങ്ക് പ്രോമിസ്' പരിപാടിയുടെ ഭാഗമായി ഇന്ന് പിറന്ന ഓരോ സിക്സറിനും ആറ് വീതം വീടുകളിൽ സോളാർ പാനൽ സ്ഥാപിച്ചുനൽകുമെന്ന് രാജസ്ഥാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story