Quantcast

ഡെയിൽ സ്റ്റെയിനാണ് ഹീറോ; പരിക്കിനോട് പടവെട്ടിയ കരിയർ, വരുന്നു മായങ്ക് എക്‌സ്പ്രസ്

ടെസ്റ്റ് മത്സരങ്ങളിൽ കണ്ടുവരുന്ന ബൗളിങ് ബ്യൂട്ടിക്കാണ് ഇന്നലെ ബൗളർമാരുടെ ശവപറമ്പായ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.

MediaOne Logo

Sports Desk

  • Updated:

    2024-04-02 19:02:46.0

Published:

2 April 2024 7:01 PM GMT

ഡെയിൽ സ്റ്റെയിനാണ് ഹീറോ; പരിക്കിനോട് പടവെട്ടിയ കരിയർ, വരുന്നു മായങ്ക് എക്‌സ്പ്രസ്
X

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അതിവേഗ പേസർമാരെ വലച്ചിരുന്ന പ്രധാന പ്രശ്‌നം ലൈനും ലെങ്തും കൺട്രോൾ ചെയ്യുകയെന്നതാണ്. 150ന് പുറത്ത് പന്തെറിയുമ്പോൾ ലൈൻ നഷ്ടമായാൽ ബാറ്റ്‌സ്മാൻമാർ അനായാസം അതിർത്തികടത്തും. എന്നാൽ ഇവിടെയാണ് ലഖ്‌നൗ പേസർ മായങ്ക് യാദവ് വ്യത്യസ്തനാകുന്നത്. കൃത്യം ലൈനുകൾ. ബാറ്റ്‌സ്മാൻമാരെ വലക്കുന്ന ലെങ്ത് ബോൾ. ബെംഗളൂരുവിനെതിരായ മത്സരത്തിൽ കാമറൂർ ഗ്രീനിനെ ക്ലീൻബൗൾഡാക്കിയ തീയുണ്ട മാത്രം മതി ഇക്കാര്യം അടയാളപ്പെടുത്താൻ. പന്തിന്റെ ഗതി മനസിലാക്കാതെ ഈ ഓസീസ് ഓൾറൗണ്ടർ നിരായുധനായി.വിക്കറ്റ് വീണ ശേഷമുള്ള താരത്തിന്റെ എക്‌സ്പ്രഷനിൽ എല്ലാമുണ്ടായിരുന്നു.

ടെസ്റ്റ് മത്സരങ്ങളിൽ കണ്ടുവരുന്ന ബൗളിങ് ബ്യൂട്ടിക്കാണ് ഇന്നലെ ബൗളർമാരുടെ ശവപറമ്പായ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ബെംഗളൂരുവിലെ റണ്ണൊഴുകുന്ന ഈയൊരു പിച്ചിൽ ഇങ്ങനെയൊരു പ്രകടനം ആരും പ്രതീക്ഷിച്ചു കാണില്ല. അവിടെയും തീർന്നില്ല മായങ്കിന്റെ അത്ഭുത സ്‌പെൽ. ക്രീസിലെത്തി രണ്ടാം പന്തിൽതന്നെ യുവതാരത്തെ പുൾഷോട്ടിന് ശ്രമിച്ച ഗ്ലെൻ മാക്‌സ്‌വെലും ലെങ്ത് മനസിലാക്കുന്നതിൽ പരാജയപ്പെട്ടു. ഷോട്ട് ശ്രമം പാളി ക്യാച്ച് ഔട്ട്. ഒരുവേള ആർസിബിയ്‌ക്കൊപ്പമെന്നു കരുതിയിടത്തുനിന്നാണ് ഈ ഡൽഹിക്കാരൻ ടീമിനെ മടക്കികൊണ്ടുവന്നത്. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മുൻനിര വിക്കറ്റുകൾ. തുടർച്ചയായി രണ്ടാംമാച്ചിലും മാൻഓഫ്ദിമാച്ച്. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യതാരം.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബൗളർമാരുടെ പട്ടികയിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തോടെ തന്നെ 21 കാരൻ ഇടംപിടിച്ചിരുന്നു. പിതാവിൽ നിന്ന് വിൻഡീസ് ഇതിഹാസം ക്വാർട്ട്‌ലി ആംബ്രോസിന്റെ കഥകൾ കേട്ടുവളർന്ന താരം അതിവേഗ ബൗളറായില്ലെങ്കിലേ അത്ഭുതമുള്ളൂ. മൈതാനത്ത് പന്തെറിഞ്ഞ് തുടങ്ങിയ സമയം ആരാധനാ ക്രിക്കറ്റർ ദക്ഷിണാഫ്രിക്കൻ താരം ഡെയിൻ സ്റ്റെയിൻ. ഐപിഎലിൽ 156.7 കിലോമീറ്റർ വേഗതിയിൽ പന്തെറിഞ്ഞ ഈ യുവതാരത്തെ അഭിനന്ദിച്ച് ആദ്യമെത്തിയതും സാക്ഷാൽ സ്റ്റെയിൻതന്നെ.

ഡൽഹിയിൽ ആഭ്യന്തര ക്രിക്കറ്റിൽ സഹ താരങ്ങളുടെ ഹെൽമറ്റ് തകർക്കുന്ന ഈ ബൗളറുടെ പിന്നീടുള്ള യാത്രകൾ അതിവേഗമായിരുന്നു. കഴിഞ്ഞ സീസണിൽതന്നെ ലഖ്‌നൗ ടീം താരത്തെ നോട്ടമിട്ട് ടീമിലെടുത്തു. എന്നാൽ പരിക്ക് വില്ലനായി കൂടെകൂടി. എന്നാൽ താരത്തിന്റെ ഉള്ളിലെ തീകെടുത്താൻ പരിക്കിനും കഴിഞ്ഞില്ല. അരങ്ങേറ്റത്തിൽതന്നെ വരവറിയിച്ചു. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ നീല ജഴ്‌സിയിൽ താരം ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല. പതർച്ചയില്ലാതെ ഏതു സമ്മർദ്ദഘട്ടത്തിലും പന്തെറിയാൻ തിനിക്കാവുമെന്ന് യുവതാരം ഇതിനകം തെളിയിച്ചുകഴിഞ്ഞു.

TAGS :

Next Story