Quantcast

'ചെന്നൈ ബാറ്റിങ് ഓര്‍ഡര്‍ പൊളിക്കണം, ധോണിയെ നേരത്തേ ഇറക്കണം'- എ.ബി ഡിവില്ലിയേഴ്സ്

'42ാം വയസിലും ക്രീസിൽ ധോണി സർവ സംഹാരിയാണ്. വർഷങ്ങളായി ചെന്നൈ ജഴ്‌സിയിൽ അയാൾ അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോഴും അത് തുടരുന്നു'

MediaOne Logo

Web Desk

  • Updated:

    2024-04-24 10:09:39.0

Published:

24 April 2024 7:30 AM GMT

ചെന്നൈ ബാറ്റിങ് ഓര്‍ഡര്‍ പൊളിക്കണം, ധോണിയെ നേരത്തേ ഇറക്കണം- എ.ബി ഡിവില്ലിയേഴ്സ്
X

അവസാന ഓവറുകളിൽ ക്രീസിലെത്തുന്നു. ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്നു. ഡ്രസ്സിങ് റൂമിലേക്ക് ഓടിക്കയറുന്നു. 42 വയസുണ്ട് എം.എസ് ധോണിക്ക്. അയാളുടെ വിരമിക്കലിനെ കുറിച്ച ചോദ്യങ്ങൾ ഏറെക്കാലമായി ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്. 2020 ഐ.പി.എല്ലിൽ ചെന്നൈയുടെ ഒരു മത്സരത്തിന് തൊട്ട് മുമ്പ് ഹർഷ ബോഗ്ലേ ധോണിയോട് ഇങ്ങനെ ചോദിച്ചു. ഇത് എം.എസ്.ഡിയുടെ അവസാന ഐ.പി.എൽ സീസണായിരിക്കുമോ. ഡെഫിനിറ്റ്‌ലി നോട്ട്. ധോണി ഒരു ചെറുപുഞ്ചിരി കലർത്തി മറുപടി നൽകി.

അവിടുന്നിങ്ങോട്ട് നീണ്ട മൂന്ന് വർഷങ്ങൾ. അയാളുടെ പ്രായം 40 കഴിഞ്ഞു. വിരമിക്കലിനെ കുറിച്ച ചോദ്യങ്ങൾ പലരും പലവുരു ആവർത്തിച്ചു. പക്ഷേ എം.എസ്.ഡി ഇപ്പോഴും പറയുന്നു സമയമായിട്ടില്ലെന്ന്. 42 വയസ്സുള്ളൊരു മനുഷ്യനായി അയാളുടെ ബാറ്റിൽ നിന്ന് പിറവിയെടുക്കുന്ന വിസ്‌ഫോടനങ്ങൾക്കായി കാത്തിരിക്കുന്ന ഗാലറികൾ. എതിരാളികളുടെ ഹോം ഗ്രൗണ്ടുകൾ ചെന്നൈയുടെ ഹോം ഗ്രൗണ്ടായി മാറുന്ന മായക്കാഴ്ചകൾ. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ കഴിഞ്ഞ ദിവസം മാർകസ് സ്‌റ്റോയിസിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ ചെന്നൈയെ തറപറ്റിച്ച ശേഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടൊരു തലവാചകം ഇങ്ങനെയായിരുന്നു. എം.എസ് ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. ധോണി ആരാധകരെ ചിലപ്പോഴിത് പ്രകോപിപ്പിച്ച് കാണണം.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ അവസാന ഓവറിൽ ശിവം ദൂബേ പുറത്തായ ശേഷം ക്രീസിലെത്തിയ ധോണിക്ക് ആകെ നേരിടാനുണ്ടായിരുന്നത് ഒരു പന്താണ്. അഞ്ചാം പന്തിൽ ഋതുരാജ് ഗെയിക്വാദ് ധോണിക്ക് സ്‌ട്രൈക്ക് കൈമാറിയില്ലായിരുന്നെങ്കിലോ. ചെപ്പോക്ക് ഗാലറികൾക്കത് എത്ര വലിയ നിരാശയായിരിക്കും സമ്മാനിച്ചിട്ടുണ്ടാവുക. ഒടുവിൽ ഇന്നിങ്‌സിലെ അവസാന പന്തിനെ ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി കടത്തി എം.എസ്.ഡി ഡ്രസ്സിങ് റൂമിലേക്ക് നടന്നു. ചെന്നൈ ആരാധകർക്ക് ഇത്രമേൽ സാറ്റിസ്ഫാക്ഷൻ നൽകുന്ന മറ്റൊരു കാഴ്ചയില്ല തന്നെ. എം.എസ്.ഡി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ എന്ന് കമന്‍ററി ബോക്സില്‍ നിന്ന് ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നതിനേക്കാള്‍ മനോഹരമായെന്തുണ്ട്.

അവസാന ഓവറുകളിൽ ഏഴാമനായോ അതിന് ശേഷമോ ക്രീസിലെത്തുന്ന ധോണിയുടെ ഈ സീസണിലെ പ്രകടനങ്ങൾ മാത്രമെടുത്ത് നോക്കൂ. ഡൽഹി ക്യാപിറ്റൽസിനെതിരെ 16 പന്തിൽ 37. മുംബൈക്കെതിരെ 4 പന്തിൽ 20. ലഖ്‌നൗവിനെതിരെ 9 പന്തിൽ 28. ബാറ്റ് ചെയ്ത ആറ് മത്സരങ്ങളിലും നോട്ട് ഔട്ട്. പ്രായം ഇയാൾക്ക് വെറും അക്കമാണെന്ന് പറയുകയാണീ കണക്കുകൾ. ധോണിക്ക് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകണമെന്ന മുറവിളികൾ ക്രിക്കറ്റ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായി ഉയരുന്നുണ്ടിപ്പോൾ.

കഴിഞ്ഞ ദിവസം മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞതിങ്ങനെയാണ്.

'ഏറെക്കാലം ക്രിക്കറ്റ് കളിക്കാതെ ധോണി ഐ.പി.എല്ലിനെത്തുന്നു. ടൂർണമെന്റിനായി ഒരുങ്ങുന്നു. എന്നിട്ടും എത്ര മനോഹരമായാണ് അയാൾ ബാറ്റ് വീശുന്നത്. വെറും നാല് പന്തിൽ 20, 9 പന്തിൽ 28. അതിശയിപ്പിക്കുന്നതാണ് ഈ സ്‌കോറുകൾ. ധോണിയെ മൂന്നാമനായി ഇറക്കണമെന്നൊന്നും ഞാൻ പറയില്ല. എന്നാൽ അഞ്ചാമനായോ ആറാമനായോ ഒക്കെ സ്ഥാനക്കയറ്റം നൽകിയാൽ അയാൾക്ക് ടീമിനായി ഇതിലേറെ സംഭാവനകൾ നൽകാനാവും. 42ാം വയസിലും ക്രീസിൽ ധോണി ഒരു സർവ സംഹാരിയാണ്. വർഷങ്ങളായി ചെന്നൈ ജഴ്‌സിയിൽ അയാൾ അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്. ഇപ്പോഴും അയാളത് തുടരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫിനിഷറാണ് അയാൾ. അത് കൊണ്ട് എന്നെ പോലെ തന്നെ എല്ലാവരും അയാൾക്ക് കുറച്ചധികം പന്തുകൾ കൂടി നേരിടാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടാവും'

ഐ.പി.എല്ലിൽ അവസാന ഓവറുകളിലെ ധോണി സുപ്രീമസി അനിഷേധ്യമായൊരു യാഥാർഥ്യമാണ്. ഐ.പി.എൽ കരിയറിലുടനീളം അവസാന ഓവറുകളിലാകെ 313 പന്ത് നേരിട്ട ധോണി അടിച്ച് കൂട്ടിയത് 772 റൺസാണ്. 246 ആണ് സ്‌ട്രൈക്ക് റൈറ്റ്. 65 സിക്‌സുകളും 53 ഫോറുകളും 20ാം ഓവറിൽ മാത്രം എം.എസ്.ഡിയുടെ ബാറ്റിൽ നിന്ന് പിറന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഇതിഹാസങ്ങൾ പലരും ഇക്കാര്യത്തിൽ ധോണിയുടെ അരികിൽ പപോലുമില്ലെന്നറിയുമ്പോൾ മനസ്സിലാവും എം.എസ്.ഡി ബ്രില്ല്യൻസ് എന്താണെന്ന്.

TAGS :

Next Story