Quantcast

വീഴ്ത്തിയത് കുഞ്ഞാലിക്കുട്ടിയെ, ലീഗ് വിട്ട് ഇടതിലേക്ക്; ജലീലിന്റെ രാഷ്ട്രീയജീവിതം

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം ജലീലിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഉയർത്തി

MediaOne Logo

abs

  • Updated:

    2021-04-13 09:35:01.0

Published:

13 April 2021 9:32 AM GMT

വീഴ്ത്തിയത് കുഞ്ഞാലിക്കുട്ടിയെ, ലീഗ് വിട്ട് ഇടതിലേക്ക്; ജലീലിന്റെ രാഷ്ട്രീയജീവിതം
X

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിലെ അതികായൻ പി.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് തോൽപ്പിച്ചതോടെയാണ് കെ.ടി ജലീൽ എന്ന 'രാഷ്ട്രീയക്കാരൻ' ജന്മമെടുക്കുന്നത്. പച്ചക്കോട്ടയായ മലപ്പുറത്ത് ലീഗിനെ വെല്ലുവിളിച്ചു നേടിയ ജയമായിരുന്നു അത്. തൊട്ടടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽ നിന്ന് ജലീൽ തുടർച്ചയായി നിയമസഭയിലെത്തി. രണ്ടാമൂഴത്തിൽ മന്ത്രിയും.

സിമിയിലൂടെയാണ് ജലീൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ഡിഗ്രി പഠനം നടത്തിയ തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ 1988ൽ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് സിമി സ്ഥാനാർത്ഥിയായി മത്സരിച്ചു. 124 വോട്ടിന് തോറ്റു. 1989ൽ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മത്സരം. അതിലും തോറ്റു. പിന്നെ മുസ്‌ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിലെത്തി. പിജി പഠനകാലത്ത് എംഎസ്എഫ് മലപ്പുറം ജില്ലാ കലാവേദി കൺവീനറായിരുന്നു.

പിന്നീട് കുറ്റിപ്പുറത്ത് നിന്നും ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചു ജയിച്ചു. ജില്ലാ കൗൺസിൽ പിരിച്ചു വിട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി. പതിയെ പാർട്ടിയിലും ജലീലിന്റെ ഗ്രാഫ് ഉയർന്നു. കുറ്റിപ്പുറം മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സ്ഥാനത്തു നിന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആയായിരുന്നു വളർച്ച.



സുനാമി ഫണ്ടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് തുറന്ന കത്തെഴുതിയതിന് പിന്നാലെ ജലീൽ ലീഗിൽ നിന്ന് പുറത്തായി. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ ഇടതുപിന്തുണയോടെ തോൽപ്പിച്ചത് രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായി. ഇതുവരെ സിപിഎം അംഗത്വമെടുത്തില്ലെങ്കിലും സജീവമായ പാർട്ടി പ്രവർത്തകനെപ്പോലെയാണ് ജലീൽ നിലകൊണ്ടത്. അനാഥമായ കാലത്ത് തുണയായതും തണലായതും സിപിഎമ്മാണെന്ന് അദ്ദേഹം പലകുറി പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദം ജലീലിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഉയർത്തി. പിണറായി നടത്തിയ നവകേരള യാത്രയിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. അപ്പോൾ തന്നെ അടുത്ത മന്ത്രിസഭയിൽ ജലീൽ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചിരുന്നു.

പിണറായി സർക്കാറിന് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കിയ മന്ത്രിയാണ് ജലീൽ. ബന്ധു നിയമനം മാത്രമല്ല, മാർക്ക് ദാനം, ഭൂമി വിവാദം, സ്വർണക്കടത്ത്, ചട്ടവിരുദ്ധ അദാലത്ത്... എന്നിങ്ങനെ ജലീൽ ഉൾപ്പെട്ട ആരോപണങ്ങൾ നിരവധി. സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനും ജലീൽ വിധേയനായി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്‌സ്‌മെന്റിന് മുമ്പിൽ ഹാജരായത്.

ഈ വേളയിൽ ജലീലിന്റെ രാജിക്കായി മുറവിളി ഉയർന്നെങ്കിലും അതു സംഭവിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ സംരക്ഷിച്ചു നിർത്തി. ബന്ധു നിയമന വിവാദത്തിൽ ഇ.പി ജയരാജന് ലഭിക്കാത്ത സംരക്ഷണമാണ് ജലീലിന് സർക്കാറിൽ കിട്ടുന്നത് എന്ന മുറുമുറുപ്പ് പാർട്ടിയിലും ഉയർന്നു. ഈ അതൃപ്തി സിപിഎമ്മിനുള്ളിൽ പടരുന്നതിനിടെയാണ് ജലീലിന്റെ രാജിയുണ്ടാകുന്നത്.

TAGS :

Next Story