Quantcast

'റദ്ദ് ചെയ്യാനാവില്ല വിവാഹം' ഹാദിയ കേസ് നാള്‍വഴികള്‍

MediaOne Logo

Muhsina

  • Published:

    30 May 2018 5:47 PM GMT

റദ്ദ് ചെയ്യാനാവില്ല വിവാഹം ഹാദിയ കേസ് നാള്‍വഴികള്‍
X

'റദ്ദ് ചെയ്യാനാവില്ല വിവാഹം' ഹാദിയ കേസ് നാള്‍വഴികള്‍

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം 2017 മെയ് 24 നായിരുന്നു കേരളാ ഹൈക്കോടതി അസാധുവാക്കിയത്. ആ ഹൈക്കോടതി വിധിയെ റദ്ദ് ചെയ്യുന്നതാണ്

ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയയും കൊല്ലം സ്വദേശി ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം 2017 മെയ് 24 നായിരുന്നു കേരളാ ഹൈക്കോടതി അസാധുവാക്കിയത്. ആ ഹൈക്കോടതി വിധിയെ റദ്ദ് ചെയ്യുന്നതാണ് ഇന്നത്തെ സുപ്രീംകോടതി വിധി. ഹാദിയ ഷെഫിന്‍ വിവാഹം സാധുവായി അംഗീകരിച്ച സുപ്രീംകോടതി വിധി പൌരന്റെ മൌലികാവകാശ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നതാണ്.

ഹാദിയയുടെ അച്ഛൻ അശോകൻ നൽകിയ ഹർജിയിലാണ് ഹാദിയയുടെ വിവാഹം കോടതി റദ്ദാക്കിയത്. അച്ഛനോടൊപ്പം കോടതി അയച്ച ഹാദിയ വീട്ടുതടങ്കലിലായിരുന്നു. ഹാദിയയെ കാണാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്കോ മനുഷ്യാവകാശ പ്രവർത്തകർക്കോ മാത്രമല്ല, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ ഉൾപ്പടെയുളളവര്‍ക്ക് പോലും ഹാദിയയെ കാണാൻ അനുവാദമുണ്ടായില്ല. ആറ് മാസത്തെ ഏകാന്തവാസത്തിന് ശേഷം ഹാദിയയുടെ ശബ്ദം പുറംലോകം കേൾക്കുന്നത്, നവംബർ 25 ന് സുപ്രീംകോടതിയിലേക്കുള്ള യാത്രാമധ്യേ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചായിരുന്നു.

2017 നവംബർ 27ന് ഹാദിയ കോടതിയിൽ ഹാജരായ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഇസ്ലാം വിശ്വാസം അനുസരിച്ച് ജീവിക്കണമെന്നും ആവശ്യപ്പെട്ടു. ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ നിന്നും മാറ്റിയ കോടതി പഠനത്തിനായി സേലത്തേക്ക് അയക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ പരസ്പര സമ്മതത്തോടെയുള്ള വിവാഹം റദ്ദ് ചെയ്യാനാവില്ലെന്ന സുപ്രീംകോടതിയുടെ ഈ ഇടക്കാലവിധി ഹാദിയക്കും ഷെഫിനും ആശ്വാസം നല്‍കുന്നതാണ്. കേസിന്റെ ഇതുവരെയുള്ള പ്രധാന നാള്‍വഴികളിലേക്ക്..

ഹാദിയ കേസ് നാള്‍വഴികള്‍
∙ ഹാദിയയുടെ പിതാവ് അശോകന്‍ 2016 ജനുവരി 19ന് ഹൈക്കോടതിയില്‍ ആദ്യത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.‌

∙ 2016 ജനുവരി 25ന് ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു.

∙ 2016 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മഞ്ചേരി സത്യസരണിയില്‍ ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.

∙ 2016 ആഗസ്ത് 16ന് അശോകന്‍ ഹൈക്കോടതിയില്‍ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.

∙ 2016 ആഗസ്ത് 22ന് ഹാദിയ ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് 2016 സപ്തംബര്‍ ഒന്നിന് വീണ്ടും ഹാജരാവണമെന്ന നിര്‍ദേശത്തോടെ കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു.

∙ 2016 സപ്തംബര്‍ ഒന്നിന് വീണ്ടും കോടതിയില്‍ ഹാജരായ ഹാദിയയോട് സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു.

∙ സപ്തംബര്‍ അഞ്ചിന് വീണ്ടും ഹാദിയ കോടതിയില്‍ ഹാജരായി. അന്നു തന്നെ കേസ് സംബന്ധിച്ച ആദ്യത്തെ അന്വേഷണ റിപോര്‍ട്ട് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചു.

∙ 2016 സപ്തംബര്‍ 27ന് വീണ്ടും കേസ് പരിഗണിച്ച കോടതി ഹാദിയ ബോധിപ്പിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ സഹായിച്ച സൈനബയ്‌ക്കൊപ്പം വിട്ടയച്ചു. ഇനി ഉത്തരവുണ്ടായാല്‍ മാത്രം കോടതിയില്‍ ഹാജരായാല്‍ മതിയെന്നും സൈനബയുടെ കൂടെ നിന്നും മാറുകയാണെങ്കില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിയെ രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

∙ 2016 നവംബര്‍ 14ന് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കോടതി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് നിര്‍ദേശിച്ചു.

∙ 2016 ഡിസംബര്‍ 15ന്സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു റിപോര്‍ട്ട്.

∙ 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ മഹലില്‍വച്ച് ഹാദിയയുടെയും ഷഫിന്‍ ജഹാന്റെയും വിവാഹം നടന്നു.

∙ 2016 ഡിസംബര്‍ 20ന് ഹാദിയയും ഷഫിനും ചേര്‍ന്ന് ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തില്‍ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചു.

∙ 2016 ഡിസംബര്‍ 21 ന് ഉത്തരവുപ്രകാരം ഹാദിയയും ഷഫിനും ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് അന്നേ ദിവസം തന്നെ ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചുകൊണ്ട് ഉത്തരവിടുകയും ഇരുവരുടെയും വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഇവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു.

∙ ഹാദിയയുടെയും ഷഫിന്റെയും വിവാഹത്തില്‍ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

∙ 2017 ഫെബ്രുവരി ഒന്നിന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഹാദിയയുടെ നിക്കാഹ് സംബന്ധിച്ച രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കി.

∙ 2017 ഫെബ്രുവരി ഏഴിന് ഷഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും കേസ് വീണ്ടും പരിഗണിക്കാന്‍ 22ലേക്ക് മാറ്റുകയും ചെയ്തു.

∙ ഫെബ്രുവരി 22ന് വീണ്ടും കേസ് പരിഗണിച്ച കോടതി അന്നുവരെയുള്ള മുഴുവന്‍ അന്വേഷണ റിപോര്‍ട്ടും രേഖപ്പെടുത്തിയ മൊഴികളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മാര്‍ച്ച് രണ്ടിലേക്ക് പരിഗണിക്കാന്‍ കേസ് മാറ്റി.

∙ മാര്‍ച്ച് രണ്ടിന് വിശദമായ വാദം കേട്ട കോടതി വേനലവധിക്കു മുമ്പ് കേസ് തീര്‍ക്കുമെന്ന് പറഞ്ഞുവെങ്കിലും കേസ് അനിശ്ചിതമായി നീട്ടിവച്ചു.

∙ 2017 മെയ് 24 കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു.

∙ 2017 മേയ് 24 ഷഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുന്നു. നിർബന്ധിച്ചു മതം മാറ്റിയെന്ന അഖിലയുടെ പിതാവ് അശോകന്റെ ഹേബിയസ് കോര്‍പസ് ഹർജിയിലാണ് വിധി. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നു. മേയ് 24 മുതല്‍ സായുധ പൊലീസിന്റെ കാവലില്‍.

∙ 2017 ജൂലൈ 5: ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലുള്ള യുവതിയെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യം.

∙ 2017 ഓഗസ്റ്റ് 4: ‌എൻഐഎയ്ക്കും സംസ്‌ഥാന സർക്കാരിനും സുപ്രീം കോ‍ടതി നോട്ടിസ്. മതംമാറ്റം സാധൂകരിക്കുന്ന രേഖ ഹാജരാക്കാന്‍ അശോകനു നിര്‍ദേശം. ചീഫ് ജസ്‌റ്റിസ് ജെ.എസ്. കേഹാർ, ജസ്‌റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.

∙ 2017 ഓഗസ്റ്റ് 10: ഹാദിയ - ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിവരങ്ങള്‍ എന്‍ഐഎയ്ക്കു കൈമാറാന്‍ കേരള പൊലീസിനു സുപ്രീം കോടതി നിര്‍ദേശം.

∙ 2017 ഓഗസ്റ്റ് 16: ഹാദിയ - ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിഷയം എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി മുൻ ജഡ്ജി ആർ.വി. രവീന്ദ്രനെ മേൽനോട്ടത്തിനായി കോടതി നിയോഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി താല്‍പര്യപ്രകാരമായിരുന്നു തീരുമാനം.

∙ 2017 ഓഗസ്റ്റ് 19: എന്‍ഐഎ കൊച്ചി കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മലപ്പുറം സ്വദേശി ചെറക്കപ്പറമ്പ് അബൂബക്കറായിരുന്നു കേസിലെ പ്രതി. കൂട്ടുകാരി ജസീനയുടെ പിതാവായ അബൂബക്കർ മതം മാറാൻ അഖിലയെ പ്രലോഭിപ്പിച്ചെന്നാണ് അശോകന്റെ പരാതി.

∙ 2017 ഓഗസ്റ്റ് 30: മേൽനോട്ട ചുമതലയിൽനിന്നു മുൻ സുപ്രീം കോടതി ജഡ്ജി ആർ.വി. രവീന്ദ്രൻ പിന്മാറി.

∙ 2017 സെപ്റ്റംബര്‍ 16: എന്‍ഐഎ അന്വേഷണം പിന്‍വലിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നും വീണ്ടും ഷഫിന്‍ ജഹാന്‍റെ ഹര്‍ജി.

∙ 2017 ഒക്ടോബര്‍ 3: കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. പ്രായപൂർത്തി വിവാഹം അസാധുവാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടോ? എൻഐഎ അന്വേഷണത്തിനു നിർദേശിച്ച ഉത്തരവു ശരിയോ?

∙ 2017 ഒക്ടോബര്‍ 7: എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം.

∙ 2017 ഒക്ടോബര്‍ 9: ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാൻ അധികാരമില്ലെന്നു വാക്കാൽ സുപ്രീം കോടതി. യുവതിക്കു മാനസിക പ്രശ്നങ്ങളില്ലെങ്കില്‍ പിതാവിന്റെ കസ്റ്റഡിയില്‍ വയ്ക്കാനാകില്ല.

∙ 2017 ഒക്ടോബര്‍ 30: നവംബര്‍ 27നു ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം കോടതി ഉത്തരവ്.

∙ 2017 നവംബർ 27: ഹാദിയ കോടതിയിൽ ഹാജരായി. തനിക്ക് സ്വാതന്ത്ര്യം വേണമെന്നും ഇസ്ലാം വിശ്വാസം അനുസരിച്ച് ജീവിക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ ചെലവില്‍ പഠിക്കേണ്ടെന്നും ചെലവ് വഹിക്കാന്‍ ഭര്‍ത്താവുണ്ടെന്നും ഹാദിയ പറഞ്ഞു. രക്ഷിതാവായി ഭര്‍ത്താവല്ലാതെ മറ്റാരെയും വേണ്ടെന്നും ഹാദിയ കോടതിയെ അറിയിച്ചു. ഹാദിയയെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ നിന്നും മാറ്റിയ കോടതി പഠനത്തിനായി സേലത്തേക്ക് അയച്ചു.

∙ 2017 ഫെബ്രുവരി 20ന് ഹാദിയ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നു.
മുസ്‍ലിമായി, സ്വതന്ത്രയായി ജീവിക്കാനാവണമെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിന് മറുപടി നൽകാൻ എൻഐഎക്കും അശോകനും കോടതി ഒരാഴ്ച സമയം നൽകി.

∙ 2017 മാര്‍ച്ച് 6ന് ഹാദിയ ഇസ്‌ലാം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് പിതാവ് അശോകൻ സുപ്രീംകോടതിയെ അറിയിച്ചു. തീവ്രവാദികളുടെ പിടിയിലാവുന്നതാണ് പ്രശ്നമെന്നും അശോകൻ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

∙ 2017 മാര്‍ച്ച് 8ന് ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍‌ഐഎക്ക് അന്വേഷണം തുടരാം.

TAGS :

Next Story