; സുരക്ഷയുടെ പേരില്‍ ഫേസ്ബുക്കും ഗൂഗിളും ചോര്‍ത്തുന്നു | MediaOne Television 

സുരക്ഷയുടെ പേരില്‍ ഫേസ്ബുക്കും ഗൂഗിളും ചോര്‍ത്തുന്നു

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി പ്രബലമായ സോഷ്യല്‍നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളിലെ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ദ വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. പ്രിസം (PRISM) എന്ന രഹസ്യ കോഡുള്ള തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഒരോ വ്യക്തികളും ആരെല്ലാമായാണ് സമ്പര്‍ക്കം പുലര്‍ത്തുന്നതെന്നതുള്‍പ്പെടെയുള്ള വസ്തുതകള്‍ നിരീക്ഷിക്കാനാണ് ഇ-മെയില്‍, ഫോട്ടോ, മറ്റ് വസ്തുക്കള്‍ എന്നിവ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ പരിശോധനക്ക് വിധേയമാക്കുന്നത്. അമേരിക്കയിലെ പ്രധാനപ്പെട്ട ഒമ്പത് ഇന്‍റര്‍നെറ്റ് സേവനദാതാക്കളുടെ പ്രധാന സര്‍വറുകളില്‍ പ്രവേശിച്ചാണ് ചോര്‍ത്തല്‍.

ആഗോള തലത്തിലെ നെറ്റ്‍വര്‍ക്കിംഗ് ഭീമന്‍മാരായ സിലിക്കണ്‍വാലി, മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാള്‍ടോക്ക്, സ്കൈപ്പ്, യു ട്യൂബ്, ആപ്പിള്‍ എന്നിവയുടെ സെര്‍വറുകള്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. തിവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി അമേരിക്കകാരുടെ ഫോണുകള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് മറ്റൊരു പത്രമായ ഗാര്‍ഡിയന്‍ രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തങ്ങളുടെ പ്രധാന സെര്‍‌വറുകളിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗൂഗിളും ഫേസ്ബുക്കും വ്യക്തമാക്കി.

comments powered by Disqus

Columns