; കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതി | MediaOne Television 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതി

പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഡോ കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപീകരിക്കും. റിപ്പോര്‍ട്ട് സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് സമിതി. റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നാളെ സര്‍വ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.

വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് പുതിയ സമിതി രൂപീകരിക്കുക. സമിതിയിലെ മറ്റ് അംഗങ്ങളെ ഉടന്‍ തീരുമാനിക്കും. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം മന്ത്രാലയം ഉടന്‍ വിജ്ഞാപനം ചെയ്യും. പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി അറുപതിനായിരം ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല മേഖലയായി കണക്കാക്കും. ഈ മേഖലയില്‍ ഖനനം, പാറപൊട്ടിക്കല്‍, താപവൈദ്യുതി നിലയങ്ങള്‍, മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവ അനുവദിക്കില്ല. കാറ്റാടി, ജലവൈദ്യുതി തുടങ്ങിയ മറ്റ് പദ്ധതികള്‍ ഗ്രാമസഭകളുടെ അനുവാദത്തോടെ മാത്രമെ നടപ്പാക്കുകയുളളു.

ജൈവവൈവിധ്യം , വനമേഖല, ജനസാന്ദ്രത എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍ വരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കും. ഇതിനിടെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നാളെ വൈകിട്ട് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

comments powered by Disqus

Columns