Quantcast

കോവിഡ് പിടിവിട്ടു; ഒരു ചിതയിൽ അഞ്ചു പേർ വരെ- ഗുജറാത്തിൽ കൂട്ടശവദാഹം

മൃതദേഹങ്ങൾ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താൻ അധികൃതർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണ് എന്ന് അധികൃതർ പറയുന്നു.

MediaOne Logo

Web Desk

  • Published:

    16 April 2021 6:02 AM GMT

കോവിഡ് പിടിവിട്ടു; ഒരു ചിതയിൽ അഞ്ചു പേർ വരെ- ഗുജറാത്തിൽ കൂട്ടശവദാഹം
X

സൂറത്ത്: കോവിഡ് ബാധിച്ചു മരിച്ചവർ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഗുജറാത്തിൽ കൂട്ടശവദാഹം നടക്കുന്നതായി റിപ്പോർട്ട്. 18 അടി നീളവും എട്ടടി വീതിയുമുള്ള ഒരു പട്ടടയിൽ അഞ്ചു പേരെ വരെയാണ് ദഹിപ്പിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂറത്തിൽ ഇത്തരം ശവദാഹങ്ങൾ സാധാരണമായി എന്നാണ് പത്രം പറയുന്നത്.

മൃതദേഹങ്ങൾ കാത്തുകിടക്കുന്നതു മൂലമാണ് കൂട്ടദഹനം നടത്താൻ അധികൃതർ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹയരാണ് എന്നും അധികൃതർ പറയുന്നു. സൂറത്ത് പാലിലെ കൈലാശ് മോക്ഷ്ധാം ശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടമായി ദഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

'മിക്ക കേസുകളിലും ഒറ്റയ്ക്കാണ് ദഹിപ്പിക്കുന്നത്. എന്നാൽ മൃതദേഹങ്ങൾ കൂടുതലായതോടെ ഒരു പട്ടടയിൽ അഞ്ചെണ്ണം വയ്ക്കും. മൂന്ന് മീറ്റർ അകലത്തിൽ വച്ചാണ് ദഹിപ്പിക്കുന്നത്' - ശ്മശാനം ട്രസ്റ്റി പ്രവീൺ പട്ടേൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്ന് ചെറിയ വാനുകളിൽ പോലും മൂന്നു വീതം മൃതദേഹങ്ങളാണ് ശ്മശാനത്തിലേക്ക് എത്തുന്നത്. വലിയ ചിതയ്ക്കരികിലായാണ് വാനുകൾ നിർത്തുന്നത്. കൈലാശ് മോക്ഷ്ധാമിൽ മാത്രം മൂന്ന് കൂറ്റൻ ചിതകൾ എല്ലാ സമയവും പ്രവർത്തിക്കുന്നുണ്ട്. ശ്മശാനത്തിലേക്ക് നിലവിൽ സ്വകാര്യവ്യക്തികൾക്ക് പ്രവേശനമില്ല. ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദവുമില്ല.

ഒളിച്ചു കളിച്ച് സർക്കാർ

മരണവിവരം സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. സൂറത്ത്, വഡോദര, അഹമ്മദാബാദ്, രാജ്‌കോട്ട് മുനിസിപ്പൽ കോർപറേഷനുകൾ പുറത്തുവിട്ട വിവരപ്രകാരം ദിനം പ്രതി ശരാശരി 25 മരണങ്ങളാണ് അവരവരുടെ കോർപറേഷൻ പരിധിക്കുള്ളിൽ നടക്കുന്നത്. എന്നാൽ ഇതിലുമെത്രയോ കൂടുതലാണ് മരണങ്ങൾ എന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഭറൂച്ചിൽ എട്ടു ദിവസത്തിൽ 36 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ കോവിഡ് ബാധിച്ചു മരിച്ച 260 പേരെയാണ് ഇവിടത്തെ ശ്മശാനത്തിൽ ഈ ദിവസങ്ങളിൽ ദഹിപ്പിച്ചത്. സെൻട്രൽ ഗുജറാത്തിലെ ഏറ്റവും വലിയ ആശുപത്രിയായ വഡോദരയിലെ എസ്എസ്ജി ഹോസ്പിറ്റലിൽ ഒമ്പത് ദിവസത്തിനിടെ 180 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വഡോദരയിലെ രണ്ട് സർക്കാർ ആശുപത്രികളിൽ മാത്രം ഒരാഴ്ചയ്ക്കിടെ 350 കോവിഡ് മരണങ്ങളാണ് ഉണ്ടായത്. എന്നാൽ കോവിഡ് ഉണ്ടായ ശേഷം ഇതുവരെ 300 മരണങ്ങളാണ് വഡോദര ജില്ലയിൽ ആകെ ഉണ്ടായത് എന്നാണ് സർക്കാർ കണക്ക്.

രാജ്‌കോട്ടിൽ ഏപ്രിൽ 8-14 തിയ്യതികളിൽ കോവിഡ് ബാധിച്ചു മരിച്ചത് 298 പേരാണ്. എന്നാൽ 57 പേരാണ് മരിച്ചത് എന്നാണ് സർക്കാർ പറയുന്നത്. നർമദ നദീ തീരത്ത് ചിതയൊരുക്കുന്നതിന് നേതൃത്വം നൽകുന്ന ധർമേശ് സോളങ്കി പറയുന്നതിങ്ങനെ;

ഒരാഴ്ചയായി ദിവസം 22-25 മൃതദേഹങ്ങൾ ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. ഓരോ ദിവസവും 7500 കിലോ വിറകാണ് ആവശ്യമുള്ളത്.

അതിനിടെ, കോവിഡ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് ഗുജറാത്ത് ഹൈക്കോടതി രംഗത്തെത്തി. മുന്‍കരുതല്‍ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കില്‍ വിഷയം ഇത്രമാത്രം ഗുരുതരമാകില്ലായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.

TAGS :

Next Story