Quantcast

ശല്യം ചെയ്ത പതിനാലുകാരനെ ആ വിദേശ വനിത കൈകാര്യം ചെയ്തത് ഇങ്ങിനെയായിരുന്നു

MediaOne Logo

Jaisy

  • Published:

    25 May 2018 9:59 AM GMT

ശല്യം ചെയ്ത പതിനാലുകാരനെ ആ വിദേശ വനിത കൈകാര്യം ചെയ്തത് ഇങ്ങിനെയായിരുന്നു
X

ശല്യം ചെയ്ത പതിനാലുകാരനെ ആ വിദേശ വനിത കൈകാര്യം ചെയ്തത് ഇങ്ങിനെയായിരുന്നു

മധ്യപ്രദേശിലെ പന്നായിലെ തെരുവില്‍ വച്ച് ഒരു പതിനാലുകാരനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായപ്പോള്‍ അവര്‍ പ്രതികരിക്കുക തന്നെ ചെയ്തു

രാജ്യത്തെ ഭാരത് മാതാ എന്ന് വിശേഷിപ്പിക്കുമേങ്കിലും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭയം കൂടാതെ സഞ്ചരിക്കാന്‍ പറ്റിയ ഒരു നാടായി നമ്മുടെ രാജ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല. വീടിനകത്തും പുറത്തും അവള്‍ സുരക്ഷിതയല്ലെന്ന് പണ്ട് പണ്ടേ നാം അറിഞ്ഞ കാര്യവും. അപ്പോള്‍ പിന്നെ ഒറ്റക്ക് യാത്ര ചെയ്യുന്ന പെണ്ണിന്റെ കാര്യം പറയേണ്ടതുണ്ടോ. ബോധവത്ക്കരണങ്ങള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും അവയ്ക്കൊക്കെ ദിവസങ്ങളുടെ ആയുസേ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ കൊടുക്കുന്ന പ്രതികരണമായിരിക്കും പലപ്പോഴും കാത്തു നിന്ന് കിട്ടുന്ന നീതിയെക്കാള്‍ ഫലം ചെയ്യുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരവധി സഞ്ചാരികള്‍ വന്നുപോകുന്ന രാജ്യമാണ്, നിരവധി പേര്‍ ഇവിടെ താമസിക്കുന്നു, പഠിക്കുന്നു, ജോലി ചെയ്യുന്നു, സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അവരെ പോലും ദ്രോഹിക്കുന്ന തരത്തില്‍ നമ്മുടെ ആതിഥേയ സംസ്കാരം അധംപതിച്ചു കഴിഞ്ഞു. വിദേശ വനിതകളെ നാട്ടുകാര്‍ ലൈംഗികമായി ആക്രമിച്ച വാര്‍ത്തകള്‍ പലം വട്ടം നാം കണ്ടു, ആരും പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ ഇവിടെ തന്നെ ശല്യപ്പെടുത്തിയ പതിനാലുകാരനെ ജര്‍മ്മന്‍കാരിയായ ഉള്‍റൈക്ക് റെയിന്‍ഹാര്‍ഡ് കൈകാര്യം ചെയ്ത രീതി ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അതൊരു ചരിത്രമാവുകയും ചെയ്തു.

കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയുടെ സിഇഒ ആണ് ഉള്‍റൈക്ക്. മധ്യപ്രദേശിലെ പന്നായിലെ തെരുവില്‍ വച്ച് ഒരു പതിനാലുകാരനില്‍ നിന്നും മോശമായ അനുഭവം ഉണ്ടായപ്പോള്‍ അവര്‍ പ്രതികരിക്കുക തന്നെ ചെയ്തു. പന്നായിലൂടെ തെരുവിലൂടെ നടക്കുമ്പോള്‍ പതിനാല് വയസുള്ള ഒരു ആണ്‍കുട്ടി അവരുടെ ഇടത് തുടയില്‍ സ്പര്‍ശിച്ചു. രണ്ട് പ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോള്‍ ഉള്‍റൈക്ക് അവനോട് കാര്യം തിരക്കി, ഞാനൊരു പുരുഷനാണ് എന്നായിരുന്നു അവന്റെ മറുപടി. സംഭവത്തെക്കുറിച്ച് ഉള്‍റൈക്ക് ഫേസ്ബുക്കില്‍ കുറിക്കുകയും പോസ്റ്റ് വൈറലാവുകയും ചെയ്തു.

ഉള്‍റൈക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതൊരു നീണ്ട ഫേസ്ബുക്ക് പോസ്റ്റാണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യം എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. എവിടെയും അതാണ് കാണാന്‍ സാധിക്കുന്നത്. കൊച്ചുകട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങള്‍ സ്ത്രീകളെക്കാള്‍ മുന്നിലാണെന്ന് കരുതുന്നു. മനോഭാവത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ ശ്രേഷ്ഠ സ്വഭാവം, പ്രവൃത്തിയില്‍ ഇല്ല. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഒരുത്തനെ ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു.

ഫോട്ടോ ഷൂട്ടിന് വേണ്ടിയുള്ള ലൊക്കേഷന്‍ തേടിയാണ് പന്നായിലെ സണ്‍ഡേ മാര്‍ക്കറ്റില്‍ ഞങ്ങളെത്തിയത്. നാട്ടുകാര്‍ തന്നെയാണ് അവിടെ പച്ചക്കറികള്‍ വില്‍ക്കുന്നത്. തിരക്കനിടയില്‍ ഒരു ചെറുപ്പക്കാരന്‍ എന്റെ വലത് തുടയില്‍ അമര്‍ത്തി കടന്നു പോയി, ഇത് രണ്ട് പ്രാവശ്യം ആവര്‍ത്തിച്ചു. എന്തിനാണ് എന്നെ സ്പര്‍ശിച്ചതെന്ന് ചോദിച്ചപ്പോള്‍ താനൊരു പുരുഷനാണെന്നായിരുന്നു അഹങ്കാരത്തോടെയുള്ള അവന്റെ മറുപടി. അതിനിടയില്‍ മാര്‍ക്കറ്റിലുള്ളവരെല്ലാം ഞങ്ങള്‍ക്ക് ചുറ്റും കൂടിയിരുന്നു. ഞാനവനോട് ദേഷ്യപ്പെടുമ്പോള്‍ ചിരിച്ച് കളിയാക്കിയായിരുന്നു അവന്‍ പ്രതികരിച്ചത്. നിന്നെ പൊലീസില്‍ ഏല്‍പിക്കുമെന്ന് പറഞ്ഞപ്പോള്‍ പോലും അവന് കൂസലുണ്ടായില്ല. ഒടുവില്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി, അവന്‍ എന്നോട് മാപ്പ് പറഞ്ഞു. പക്ഷേ അവന്റെ ഗര്‍വ്വ് നിറഞ്ഞ പ്രവൃത്തി കണ്ട് എനിക്ക് ആ മാപ്പ് സ്വീകരിക്കാന്‍ തോന്നിയില്ല. ഞാനവനെയും കൊണ്ട് 50 മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. എന്നാല്‍ ആ തക്കം നോക്കി അവന്‍ ഒരു മോട്ടോര്‍ ബൈക്കില്‍ കടന്നു കളഞ്ഞു, അപ്പോഴും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു.

അഞ്ച് മിനിറ്റ് കൊണ്ട് ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് നടപടിയും പെട്ടെന്നായിരുന്നു, അവര്‍ അവനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. അപ്പോഴാണ് താന്‍ കുഴപ്പത്തില്‍ ചാടിയതായി അവന് മനസിലായത്. ഇതിനിടയില്‍ അവന്റെ കുടുംബവും സുഹൃത്തുക്കളും സ്റ്റേഷനിലെത്തിയിരുന്നു. അവന്‍ നല്ലൊരു കുടുംബത്തില്‍ പെട്ട പയ്യനാണെന്നും പരാതി പിന്‍വലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. വീട്ടിലെത്തിയ ശേഷം അവര്‍ അവരെ ശിക്ഷിച്ചുകൊള്ളാമെന്നും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യങ്ങള്‍ക്കും അവന്‍ നുണ പറഞ്ഞു. ഇതിനിടയില്‍ അവന്റെ അധ്യാപകന്‍ വന്ന് അവന് വേണ്ടി എന്നോട് സംസാരിച്ചു, അവന്‍ നല്ലൊരു കുട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അവന്‍ ഒരിക്കലും തെറ്റ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു. അവരുടെ സ്കൂളില്‍ എത്ര കുട്ടികളുണ്ടെന്ന് ചോദിച്ചപ്പോള് ആയിരം എന്നായിരുന്നു അയാളുടെ ഉത്തരം. അപ്പോഴാണ് ഒരു ആശയം എന്റെ മനസില്‍ മിന്നിമറഞ്ഞത്. സ്ത്രീകളോട് എങ്ങിനെ പെരുമാറാം എന്നതിനെക്കുറിച്ച് സ്കൂളില്‍ ഒരു ബോധവത്ക്കരണം നടത്തിയാലോ..മറ്റുള്ളവരുടെ പ്രതികരണം അതിശയപ്പെടുത്തുന്നതായിരുന്നു, എല്ലാവരും പൂര്‍ണ്ണ പിന്തുണ നല്‍കി. അവന്‍ ആ ക്യാമ്പയിന് എന്തു സംഭാവന നല്‍കുന്നു എന്നതിനെ അടിസ്ഥാനാമാക്കിയായിരിക്കും അവനെതിരെ പരാതി നല്‍കുക എന്നും ഞാന്‍ വ്യക്തമാക്കി. എന്റെ ആശയത്തെ അവനും പിന്താങ്ങി.

TAGS :

Next Story