Quantcast

മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് സഞ്ജു വ്യത്യസ്തനാകുന്നത് എങ്ങനെയാണ്?

ക്രിക്ഇൻഫോ സീനിയർ സബ് എഡിറ്റർ കാർത്തിക് കൃഷ്ണസ്വാമി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

MediaOne Logo
മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് സഞ്ജു വ്യത്യസ്തനാകുന്നത് എങ്ങനെയാണ്?
X
Listen to this Article

നിങ്ങളാണ് സഞ്ജു സാംസൺ എന്നു വിചാരിക്കുക. ഇന്ത്യയുടെ ടി20 സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷമുള്ള ആദ്യപന്ത് നേരിടുകയാണ് നിങ്ങൾ. ആക്രമണാത്മകമായ ശൈലി നിങ്ങളുടെ സ്ഥിരതയെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് നിങ്ങളെ ഇന്ത്യൻ ടീമിന്റെ പുറത്തു നിർത്തിയിരിക്കുന്നത്.

നിങ്ങൾ എന്തായിരിക്കും ചെയ്യുക?

ചൊവ്വാഴ്ച രാത്രി ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ, ആദ്യപന്ത് നേരിടുന്നു. സ്റ്റംപ് ടു സ്റ്റംപ് ലൈനിൽ യാഷ് ദയാൽ എറിഞ്ഞ ആ ഗുഡ് ലെങ്ത് ബോളിനെ സഞ്ജു മിഡ്ഓണിനു മുകളിലൂടെ സിക്‌സറിനു പറത്തുകയാണ്, നിസ്സാരമായി...

അതൊരു ഉറച്ച പ്രസ്താവനയായിരുന്നു; സെലക്ഷൻ അയാളുടെ മനസ്സിന്റെ വിദൂരതയിൽ പോലും ഇല്ലെങ്കിലും, അയാൾ ആ പന്തിനോട് സ്വാഭാവികമായി പ്രതികരിക്കുകയായിരുന്നു എങ്കിൽപോലും...

ട്വന്റി 20 മാച്ചിൽ ക്രീസിലെത്തിയതിന്റെ തൊട്ടുടനെയുണ്ടായ ആ പ്രതികരണം ഇന്ത്യൻ കളിക്കാരിൽ അധികമാരും ചെയ്യാത്തതാണ്. അനുഗൃഹീതമായ കയ്യും കണ്ണുമായിരുന്നു ആ ഷോട്ടിന്റെ ഒരു വശം; മറുവശമാകട്ടെ അതയാളുടെ ദൗത്യവുമായിരുന്നു.

ഈ മാസാദ്യം 'ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്' എന്ന യൂട്യൂബ് ഷോയുടെ ഒരു എപ്പിസോഡിൽ ടി20 ഫോർമാറ്റിനോടുള്ള തന്റെ സമീപനം സഞ്ജു ലളിതമായി വിവരിക്കുന്നുണ്ട്: 'ഞാനിവിടെ നിൽക്കുന്നത് കുറെയധികം റൺസുകൾ നേടാനല്ല. മറിച്ച്, എടുക്കുന്ന റൺസ് ടീമിന് വളരെ ഉപകാരപ്രദമായിരിക്കാനാണ്...'

ടി20-യിൽ ഈ രീതിയിലാണ് ബാറ്റ് ചെയ്യേണ്ടത് എന്ന വാദഗതിക്ക് ഇപ്പോൾ സ്വീകാര്യത വർധിച്ചുവരുന്നുണ്ട്. ബുധനാഴ്ച എലിമിനേറ്റർ മത്സരത്തിൽ കെ.എൽ രാഹുൽ നടത്തിയ പഴയ മട്ടിലുള്ള ഇന്നിങ്‌സിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പലതട്ടിലാണ്. ഇ.എസ്.പി.എൻ ക്രിക്ഇൻഫോ വിശകലനത്തിൽ ഡാനിയൽ വെട്ടോറി പറഞ്ഞത് രാഹുൽ റിസ്‌കെടുക്കാനുള്ള പേടും മടിയും ഒഴിവാക്കണമെന്നാണ്.

സഞ്ജുവിന്റെ മനസ്സിൽ റിസ്‌കെടുക്കാൻ ഒരു മടിയും പേടിയുമില്ല. രാജസ്ഥാൻ റോയൽസിൽ താൻ നിർവഹിക്കേണ്ട റോളിനോട് അയാളുടെ ഈ മനോഭാവം ഏറ്റവും നന്നായി ചേർന്നുപോകുന്നുമുണ്ട്. മറ്റ് ഫ്രാഞ്ചൈസികളെ നയിക്കുന്ന ടോപ് ഓർഡർ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ നിന്ന് വ്യത്യസ്തമാണിത്. റോയൽസിൽ നിലയുറപ്പിച്ചു കളിച്ച് വലിയ റൺസ് കണ്ടെത്തുക എന്ന ദൗത്യം ജോസ് ബട്‌ലറിന്റേതാണ്. അവരുടെ ആദ്യ ആറ് ബാറ്റ്‌സ്മാന്മാരിൽ മറ്റെല്ലാവരെയും പോലെ തുടക്കം മുതൽക്കേ അടിച്ചുകളിക്കുക എന്നതാണ് സഞ്ജുവിന്റെ ജോലി.

ചൊവ്വാഴ്ചത്തെ പിച്ചിനെ സഞ്ജു പിന്നീട് വിശേഷിപ്പിച്ചത് 'ഒട്ടിയത്' എന്നാണ്. ആ പിച്ചിൽ പന്തുകൾക്കുമേലുള്ള സഞ്ജുവിന്റെ ടൈമിങ് തന്റെ സഹതാരങ്ങളേക്കാൾ നന്നായിരുന്നു. അയാളുടെ ബോൾ സ്‌ട്രൈക്കിങ്ങിന്റെ ഗുണനിലവാരം പരിഗണിക്കുമ്പോൾ, ഒന്ന് മനസ്സുവെച്ച് സൂക്ഷിച്ച് കളിച്ചിരുന്നെങ്കിൽ അയാൾക്ക് വലിയ സ്‌കോർ കണ്ടെത്താമായിരുന്നു.

പക്ഷേ, ഒരുവശത്ത് ബട്‌ലർ തപ്പിത്തടയുമ്പോൾ റോയൽസിന്റെ സ്‌കോറിങ് റേറ്റ് താഴോട്ടുപോകാതെ നോക്കേണ്ട ഉത്തരവാദിത്തം സഞ്ജു ഏറ്റെടുത്തു. തുടർച്ചയായി റിസ്‌കെടുക്കുമ്പോൾ സംഭവിക്കുന്നതു പോലെ, 26 പന്തിൽ 47 റൺസെടുത്തുനിൽക്കെ ഉയർത്തിയടിച്ച പന്തിൽ അയാൾക്കു പിഴക്കുകയും ചെയ്തു. സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ ഗുണം, ബുദ്ധിമുട്ടിയ സമയത്ത് ബട്‌ലറിൽ നിന്ന് സമ്മർദമകറ്റി എന്നതാണ്. അതുകൊണ്ട് പിന്നീട് സ്ലോഗ് ഓവറുകളിൽ തന്റെ സ്വതസിദ്ധമായ രീതിയിൽ തകർത്തടിക്കാനും 56 പന്തിൽ 89 റൺസ് നേടാനും ബട്‌ലർക്ക് കഴിഞ്ഞു.

ടൈറ്റൻസ് ചേസ് ചെയ്യുമ്പോൾ മഞ്ഞിറങ്ങി പിച്ചിന്റെ സ്വഭാവം മാറ്റിക്കളഞ്ഞു. എന്നിട്ടുപോകും രണ്ട് ടീമുകളിലെ ബാറ്റ്‌സ്മാന്മാരിൽ ഒരാൾക്കു പോലും സഞ്ജുവിന്റെ 180.76 എന്ന സ്‌ട്രൈക്ക് റേറ്റ് നേടാൻ കഴിഞ്ഞില്ല.

താൻ എന്തുകൊണ്ടാണ് വ്യത്യസ്തനാകുന്നത് എന്നതിന്റെ എല്ലാ ഉത്തരവും സഞ്ജുവിന്റെ ആ ഇന്നിങ്‌സിലുണ്ടായിരുന്നു. അതോടൊപ്പം, സെലക്ടർമാർ എന്തുകൊണ്ട് അയാളെ പുറത്തുനിർത്തുന്നു എന്നതിനുള്ള വിശദീകരണവും. ഈയിടെയുള്ള ഇന്ത്യയുടെ ടി20 സ്‌ക്വാഡുകളിലൂടെ കണ്ണോടിച്ചുനോക്കിയാൽ ഒരു കാര്യം മനസ്സിലാകും. റിസ്‌കെടുത്ത് കളിക്കുന്ന, ശരാശരി കുറഞ്ഞ ബാറ്റർമാരേക്കാൾ ഐ.പി.എല്ലിൽ കൂടുതൽ റൺസ് നേടുന്ന ടോപ് ഓർഡർ ബാറ്റർമാർക്കാണ് എളുപ്പത്തിൽ അവസരം കിട്ടുന്നത്...

2020 സീസൺ മുതൽ കുറഞ്ഞത് 200 പേസ് പന്തുകളും 100 സ്പിൻ പന്തുകളും നേരിട്ട ഇന്ത്യൻ ബാറ്റർമാരെ എടുത്തുനോക്കിയാൽ, സഞ്ജുവിനും പൃഥ്വി ഷായ്ക്കും മാത്രമാണ് രണ്ടിലും 140-നു മുകളിൽ സ്‌ട്രൈക്ക്‌റേറ്റുള്ളത്. അതേ കാലയളവിൽ 200 പന്ത് നേരിട്ട കളിക്കാരിൽ, പവർപ്ലേയിൽ 150-ലേറെ സ്‌ട്രൈക്ക് റേറ്റുള്ള ഒരേയൊരാൾ പൃഥ്വി ഷാ മാത്രമാണ്. മിഡിൽ ഓവറുകളിൽ 150-ലേറെ സ്‌ട്രൈക്ക് റേറ്റുള്ള രണ്ട് ഇന്ത്യൻ താരങ്ങളേയുള്ളൂ; സഞ്ജുവും മായങ്ക് അഗർവാളും.

സഞ്ജുവിനും ഷായ്ക്കും ഈ സീസണിൽ 150-ലേറെ സ്‌ട്രൈക്ക് റേറ്റുണ്ട്. പക്ഷേ, ഷായുടെ ശരാശരി 28.30 മാത്രമാണ്. സഞ്ജുവിന്റെ ശരാശരി ക്വാളിഫൈയർ മത്സരത്തിനു മുമ്പ് 30-നു താഴെയായിരുന്നു താനും. രണ്ടുപേർക്കും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതുമില്ല.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ രണ്ടാം ക്വാളിഫൈയറിന് തയാറെടുക്കുമ്പോൾ ഇന്ത്യൻ ടീമിൽ അവസരം നിഷേധിക്കപ്പെട്ട കാര്യം സഞ്ജുവിന്റെ മനസ്സിൽ ഉണ്ടായിരിക്കാം, അല്ലെങ്കിൽ ഇല്ലാതിരിക്കാം. വല്ലപ്പോഴും മാത്രം അവസരം കിട്ടുന്ന അന്താരാഷ്ട്ര കരിയറിനെപ്പറ്റിയുള്ള ചിന്ത എന്തായിരുന്നാലും ഒരു കാര്യം ഒരിക്കലും അയാൾ ചെയ്യാനിടയില്ല. തന്റെ കളിശൈലി അയാൾ മാറ്റാൻ സാധ്യതയില്ല.

(പരിഭാഷ: മുഹമ്മദ് ഷാഫി. ക്രിക്ഇൻഫോ ലേഖനം ഇവിടെ വായിക്കാം.)

TAGS :

Next Story