Quantcast

നോവല്‍ പരമ്പരയുമായി ഏഴാം ക്ലാസുകാരി

കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. സാജന്റെയും ഗൈനക്കോളജിസ്റ്റായ ഡോ.സ്വപ്നയുടെയും മകളാണ് സന സാജന്‍.

MediaOne Logo

Web Desk

  • Updated:

    2021-10-09 11:18:24.0

Published:

9 Oct 2021 11:07 AM GMT

നോവല്‍ പരമ്പരയുമായി ഏഴാം ക്ലാസുകാരി
X

നാല് ഇംഗ്ലീഷ് നോവലുകള്‍ ഉള്‍പ്പെടുന്ന പരമ്പര പ്രസിദ്ധീകരിക്കാനൊരുങ്ങി ഒരു എഴാം ക്ലാസുകാരി. ഒറ്റപ്പാലം സ്വദേശിയും ഏറണാകുളം രാജഗിരി പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ സന സാജനാണ് ചെറുപ്പത്തില്‍ തന്നെ മലയാളികള്‍ക്ക് കൗതുകവും അഭിമാനവുമായി മാറുന്നത്. പരമ്പരയിലെ ആദ്യ പുസ്തകം 'ക്ലെറ്റ മാക്സണ്‍ ആന്‍റ്‌ ദ ക്വസ്റ്റ്' (Kleta maxen and the Quest to the Baities) വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഞായറാഴ്ച പ്രകാശനം ചെയ്യും. ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോര്‍ജ് പുസ്തകം ഏറ്റുവാങ്ങും.

പെട്ടെന്നൊരു ദിവസം അത്ഭുതകരമായ ചില കഴിവുകള്‍ തനിക്കുണ്ട് എന്ന് മനസിലാക്കിയ പതിനൊന്നു വയസുകാരി ക്ലെറ്റ മാക്സണ്‍, മജീഷ്യ എന്ന മാന്ത്രികലോകത്തില്‍ എത്തിച്ചേരുന്നു. ഭീകരരൂപികളും ഹിംസ്ര ജന്തുക്കളും നിറഞ്ഞ മജീഷ്യയില്‍ ക്ലെറ്റയെയും കൂട്ടുകാരെയും കാത്തിരിക്കുന്നത് അതികഠിനമായ വെല്ലുവിളികളാണ്. അതിസാഹസികമായ ഈ യാത്രയിലൂടെ വികസിക്കുന്ന സംഭവ പരമ്പരകളാണ് നോവലിന്‍റെ ഇതിവൃത്തം. പത്തു വയസ് തികയുന്നതിനു മുമ്പേ എഴുതി തുടങ്ങിയ നോവല്‍ രണ്ടു വര്‍ഷം കൊണ്ടാണ് സന പൂര്‍ത്തിയാക്കിയത്. നോവലിന്‍റെ രണ്ടാം ഭാഗമായ ക്ലെറ്റ മാക്സണ്‍ ആന്‍റ്‌ ദ റൈസ് ഓഫ് ദ മൊണാര്‍ക്ക് (Kleta Maxen and the rise of the Monarch) ഡിസംബറില്‍ പുറത്തിറങ്ങും. പൈതല്‍ ബുക്സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വളരെ ചെറുപ്പം മുതലേ ഇംഗ്ലീഷ് നോവലുകളും കഥകളും വായിക്കുന്ന ശീലമുണ്ടായിരുന്നു സനയ്ക്ക്. പ്രത്യേകിച്ച് ഫാന്റസി, സാഹസിക ശ്രേണിയില്‍ പെട്ട കഥകള്‍. അവയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട്‌ എട്ടാം വയസിലാണ്സന ചെറു നോവലുകള്‍ എഴുതി തുടങ്ങിയത്. ഭാവിയില്‍ സാഹിത്യ രംഗത്ത് ചുവടുറപ്പിക്കണമെന്നാണ് സന ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉന്നത പഠനം വിദേശത്തായിരിക്കുമെന്ന് സന ഉറപ്പിച്ചുകഴിഞ്ഞു.

കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. സാജന്റെയും ഗൈനക്കോളജിസ്റ്റായ ഡോ.സ്വപ്നയുടെയും മകളാണ് സന സാജന്‍. രാജഗിരി പബ്ലിക് സ്കൂളില്‍ ഒമ്പതാംതരത്തില്‍ പഠിക്കുന്ന സയന സഹോദരിയാണ്.



Next Story