Quantcast

ജനാധിപത്യത്തിന്റെ ചോർച്ചകൾ

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് വെളിച്ചം വീശുന്ന ലൂക് ഹാർഡിംഗിന്റെ Collusion: Secret Meetings, Dirty Money and How Russia Helped Donald Trump to Win എന്ന പുസ്തകം പരിചയപ്പെടാം

MediaOne Logo
ജനാധിപത്യത്തിന്റെ ചോർച്ചകൾ
X

ജനാധിപത്യം മുല്ലപ്പെരിയാർ അണക്കെട്ട് പോലെയാണെന്ന് കരുതാമോ? ആധുനികസമൂഹത്തിൽ ജനാധിപത്യവിരുദ്ധതയോളം പിന്തിരപ്പനായി കരുതപ്പെടുന്ന ചിന്താഗതിയോ സമീപനമോ ഇല്ല എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ചോദിക്കുന്നത്. മതമൗലികവാദം, ഫാഷിസം തുടങ്ങിയ വിപരീതാർത്ഥങ്ങൾ ചാർത്തി ജനായത്ത ഭരണകൂടങ്ങളും സിവിൽ സമൂഹവും നിയന്ത്രിക്കുന്ന “ജനാധിപത്യ വിരുദ്ധമായ” ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ഏറ്റവും പറ്റിയ സമയം ഇപ്പോഴാണ്. അതു കൊണ്ട് ചോദിക്കട്ടെ, ജനാധിപത്യം മുല്ലപ്പെരിയാർ അണക്കെട്ട് പോലെ ‘സുരക്ഷിത’മാണോ?

കാരണം “ദാ, അണക്കെട്ട് പൊട്ടി വെള്ളം ഇങ്ങടുത്തെത്തി,” “മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകൾ കാണാതായി,” “അണക്കെട്ടിൽ ലീക്കോട് ലീക്കാണ്” തുടങ്ങിയ ഫേക്കും പാതി ഫേക്കുമൊക്കെയായ വാർത്തകളിലൂടെ നമ്മുടെ ചർച്ചകളെ നിയന്ത്രിക്കുന്ന ആ അണക്കെട്ട് പോലെ ജനാധിപത്യം പ്രതിസന്ധിയിലാകാൻ തുടങ്ങിയിട്ട് കാലം കുറേയായി. ജനാധിപത്യം തകർന്നാൽ അതോടെ ലോകാവസാനമായി എന്ന നിലക്കാണ് കാര്യങ്ങൾ. മുല്ലപ്പെരിയാറിനുമുണ്ടല്ലോ അപോകലിപ്റ്റിക് ആയ ചില സന്ദിഗ്ദതകൾ. നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും മറ്റും അകമ്പടി സേവിക്കുന്ന ചില പൊതു സങ്കൽപങ്ങൾ.

ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാഷ്ട്രമായ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസമൂഹം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയം, ജനാധിപത്യത്തിന്റെ സംഭരണശേഷിയും ബലവും പ്രതീക്ഷിച്ചതുപോലെയുണ്ടോ എന്നതാണ്. ഇവാൻ ദ ടെറിബിളിനെയോ, തുഗ്ലക്കിനെയോ പോലുള്ളവരെ അരങ്ങത്തെത്തിക്കാതിരിക്കാൻ പറ്റിയ ഒരു വ്യവസ്ഥ എന്നതിനപ്പുറം അമേരിക്കക്കാർ ജനാധിപത്യത്തിന് വലിയ വിലകൽപിച്ചിരുന്നു. ലോകം മുഴുവൻ ജനാധിപത്യം കയറ്റുമതി ചെയ്യുകയും എങ്ങിനെ ജനാധിപത്യം നിലനിർത്തണം എന്ന വിഷയത്തിൽ സ്റ്റഡിക്ലാസുകൾ (ഉപരോധത്തിന്റെ രൂപത്തിൽ) സംഘടിപ്പിക്കുകയും ചെയ്യുന്നതവരാണല്ലോ. അഡോൾഫ് ഹിറ്റ്ലറെപ്പോലുള്ളൊരാൾക്ക് അട്ടിമറിക്കാൻ ഇടംകൊടുക്കാത്ത വിധം പൊതുസമൂഹത്തിലെ സംവാദങ്ങളിലൂടെ സ്ക്രീൻ ചെയ്തും, ചുമതല, വിശ്വസ്തത (Accountability and Trust) എന്നിവ ഉറപ്പുവരുത്താനുള്ള സ്ഥാപനങ്ങൾ രൂപപ്പെടുത്തിയും സംരക്ഷിക്കപ്പെട്ട ജനാധിപത്യത്തിലൂടെ ആ രാജ്യത്ത് അധികാരത്തിലേറി പൊതുജനങ്ങളെ ഇളിച്ച് കാണിക്കുന്നത് ഡോണള്‍ഡ് ട്രംപാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് അവർ വിരൽ ചൂണ്ടിയത് പുറം രാഷ്ട്രത്തിലേക്കാണ്, അതായത് റഷ്യയിലേക്ക്.

ലോകമെമ്പാടും ക്ലോണുകളാണെന്ന് തോന്നിപ്പിക്കും വിധം ഒരേ സ്വഭാവം പുലർത്തുന്ന പ്രസിഡണ്ടുമാരും പ്രധാനമന്ത്രിമാരും എന്തു കൊണ്ടാണുണ്ടാവുന്നത്? എന്തു കൊണ്ടാണവർ തിരഞ്ഞെടുപ്പുകളിൽ തോൽക്കാത്തത്? എന്തുകൊണ്ടാണ് ലോകരാഷ്ട്രീയത്തിന്റെ ജനിതകഘടനക്ക് മാറ്റമുണ്ടാവാത്തത്?

റഷ്യയിലെ ഹാക്കർമാർ ട്രംപിന്റെ എതിർ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റന്റെ ഇ-മെയിൽ ചോർത്തുകയും അത് പുറത്ത് വിട്ട് ഹിലരി വിരുദ്ധമായ തരംഗം വോട്ടർമാർക്കിടയിൽ സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പല സാഹചര്യത്തെളിവുകളിലൂടെയും കഴമ്പുള്ളതായി ഗണിക്കപ്പെടാവുന്ന ഈ ആരോപണം അന്വേഷിക്കാൻ പഴയ എഫ്.ബി.ഐ മേധാവിയായ റോബർട് മ്യുള്ളർ ചാർജെടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തതാണ് ഈ വിഷയത്തിലുള്ള ശ്രദ്ധേയമായൊരു ഹൈലൈറ്റ്. റിപബ്ലിക്കനും കൺസേവേറ്റീവും ഒക്കെയാണെങ്കിലും പക്ഷപാതിത്വമൊന്നുമില്ലാതെ, തന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ മിടുക്കനാണ് മ്യുള്ളർ എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. റഷ്യയിൽ നിന്ന് കിഴക്കൻ യൂറോപ്പിലേക്കുള്ള പണമൊഴുക്ക്, ട്രംപിന്റെ ക്യാംപെയിനിൽ ശ്രദ്ധേയമായ പങ്ക് വഹിച്ച പലർക്കും റഷ്യൻ ഗവൺമെന്റുമായും, ബിസിനസുകാരുമായും ഒക്കെയുള്ള ബന്ധം ഇങ്ങനെ മ്യുള്ളർക്കു തെളിയിക്കേണ്ട വിഷയങ്ങൾ പലതാണ്. അദ്ദേഹം അന്വേഷണത്തിലൂടെ വ്യക്തമായൊരു ചിത്രം നമുക്ക് നൽകുമെന്ന് പ്രത്യാശിക്കാം. അതോടൊപ്പം അന്വേഷണാത്മകമായ റിപ്പോർടിംഗിലൂടെ ഈ വിഷയത്തിൽ വെളിച്ചം വീശുന്ന ലൂക് ഹാർഡിംഗിന്റെ Collusion: Secret Meetings, Dirty Money and How Russia Helped Donald Trump to Win (ഗൂഡാലോചന: രഹസ്യയോഗങ്ങൾ, കള്ളപണം, വിജയിക്കാൻ ട്രംപിനെ റഷ്യ സഹായിച്ചതെങ്ങിനെ) എന്ന പുസ്തകം പരിചയപ്പെടാം.

ഏഴ് കൊല്ലം മുമ്പ് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ ‘കടക്ക് പുറത്തെ’ന്ന് പറഞ്ഞ പത്രപ്രവർത്തകനാണ് ഹാർഡിംഗ്. ഗാർഡിയന്റെ വിദേശകാര്യലേഖകനായ ഹാർഡിംഗ് റഷ്യയിൽ നിന്നാണ് ആദ്യം റിപോർട് ചെയ്തിരുന്നത്. കെ.ജി.ബി ചാരനായിരുന്ന അലക്സാണ്ടർ ലിറ്റ്വിനെൻകോയുടെ മരണത്തിൽ പുടിന് പങ്കുണ്ടെന്ന് വാദിച്ച് ഹാർഡിംഗ് റിപോർട് ചെയ്തതാണ് റഷ്യയിലേക്ക് കടന്നുചെല്ലാൻ പറ്റാത്ത സാഹചര്യമുണ്ടാക്കിയത്. അതേ വര്‍ഷം വികിലീക്സിനെ കുറിച്ചും (Wikileaks: Inside Julian Assange’s War on Secrecy) റഷ്യയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും (Mafia State: How One Reporter Became and Enemy of the Brutal New Russia) 2014-ൽ എഡ്വെഡ് സ്നോഡനെക്കുറിച്ചും (Snowden Files) 2016-ൽ ലിറ്റ്വിനെൻകോയുടെ മരണത്തെക്കുറിച്ചും (A Very Expensive Poison: The Definitive Story of the Murder of Litvinenko) പുസ്തകങ്ങളെഴുതി. അസാൺജെയെക്കുറിച്ചുള്ള പുസ്തകം ബിൽ കോൺഡൻ 2013-ൽ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരിൽ ചലച്ചിത്രമാക്കി. സ്നോഡനെക്കുറിച്ച് 2016- ൽ ഒലിവർ സ്റ്റോൺ സംവിധാനം ചെയ്ത ബയോപിക് ഹാർഡിംഗിന്റെ പുസ്തകത്തെ ആധാരമാക്കിയുള്ളതാണ്. (ഒലിവർ സ്റ്റോണിന്റെ ഏറ്റവും പുതിയ ചലച്ചിത്രം പുടിനെ വെള്ളപൂശുന്ന ഡോക്യുമെന്ററിയാണ് എന്നത് ഇതിനോട് ചേർത്ത് വായിക്കുക. കമ്മ്യൂണിസം കഴുകിയിട്ടും പോകാത്ത കറപോലെ ചില സ്ഥലങ്ങളിൽ പറ്റിപ്പിടിച്ച ഒരു ഭരണകൂടത്തെ അതിന്റെ പേരിൽ ന്യായീകരിക്കുകയും, അമേരിക്കൻ ഭരണകൂടം മാത്രമാണ് അടിച്ചമർത്തലും മുതലാളിത്തവും നടത്തുന്നതെന്ന് റാഡിക്കലായി വാദിക്കുകയും ചെയ്യുന്ന ഇടതുപക്ഷബോധം ഒരു പുതിയ പ്രതിഭാസമല്ലല്ലോ.)

പുടിനെന്ന് കേട്ടാൽ കുരു പൊട്ടുന്ന ഒരു പത്രപ്രവർത്തകന്റെ ഈ വിഷയത്തിലുള്ള ആഖ്യാനം എത്രമേൽ വിശ്വസിനീയമാണ് എന്ന് നമുക്ക് സംശയമുണ്ടാകും. അതിശയോക്തിയാൽ അവിശ്വസനീയമെന്ന് തോന്നുന്ന പല സംഭവങ്ങളും പുസ്തകത്തിലുണ്ട്. അതിലൊന്ന് ട്രംപിന്റെ ലൈംഗികപേക്കൂത്തുകളിലൊന്ന് വിവരിക്കുന്ന ഭാഗമാണ്. ഒബാമയോടുള്ള വിരോധത്താൽ മോസ്കോയിൽ അദ്ദേഹവും മിഷേലും താമസിച്ചിരുന്ന ഹോട്ടൽ മുറിതന്നെ വാടകക്കെടുത്ത് ട്രംപ് വേശ്യകളോടൊപ്പം ആ മുറിയിൽ ചിലവഴിച്ചുവെന്നും അവിടം വൃത്തികേടാക്കിയെന്നും, അതിന്റെ വീഡിയോ ക്ലിപ്പുകൾ പുടിന്റെ കൈവശമുണ്ടായിരുന്നെന്നും അത് ട്രംപിനെ ബ്ലാക്മെയിൽ ചെയ്യാനുപയോഗിച്ചുവെന്നും ഹാർഡിംഗ് വർണിക്കുന്നുണ്ട്. ട്രംപിന്റെ ബുദ്ധിശക്തിയിലും വിവേകത്തിലും വിശ്വാസമുള്ളവർ വളരെക്കുറവായിരിക്കും, സ്വന്തം അനുയായികൾക്കിടയിൽ പോലും. പക്ഷെ തൊണ്ണൂറുകളിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും പരാജയപ്പെടുകയും ഇക്കാലമത്രയും ആ സ്വപ്നം മനസിൽ കൊണ്ട് നടക്കുകയും ചെയ്യുന്ന സെലിബ്രിറ്റി ആയ ബിസിനസുകാരന് മോസ്കോയിലെ ഹോട്ടൽ മുറിയിൽ സി.സി.ടി.വിക്ക് മുമ്പാകെ പേക്കൂത്ത് നടത്താനുള്ള അവിവേകമുണ്ടാകുമോ. ചോദ്യം ചോദിക്കേണ്ടത് ലൂക് ഹാർഡിംഗിനോടല്ല, റിച്ചാർഡ് സ്റ്റീൽ എന്ന പഴയ ബ്രിട്ടിഷ് ഇന്റലിജൻസ് ഓഫീസറോടാണ്. എംസിക്സ്റ്റിന് വേണ്ടി ലണ്ടനിലും, മോസ്കോയിലും, പാരീസിലും പ്രവർത്തിച്ചിട്ടുള്ള സ്റ്റീൽ സ്വന്തമായി നടത്തുന്ന കോർപറേറ്റ് ഇന്റലിജൻസ് സ്ഥാപനമായ ഓർബിസിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ കുറ്റാന്വേഷണനിഗമനങ്ങൾ അടങ്ങിയ ഡോസിയറാണ് ഹാർഡിംഗിന്റെ അന്വേഷണത്തിനുള്ള പ്രധാനപ്പെട്ട രേഖ.

സ്റ്റീലിന്റെ കുറ്റാന്വേഷണ സോസിയർ രഹസ്യരേഖയൊന്നുമല്ല. ബസ്ഫീഡ് എന്ന ഓൺലൈൻ പോർട്ടലിൽ മുഴുവനായിത്തന്നെ സ്റ്റീലിന്റെ ഡോസിയർ പ്രസിദ്ധീകരിക്കപ്പെട്ടതാണ്. 2016 ജൂൺ മാസത്തിനും ഡിസംബർ മാസത്തിനുമിടയിലാണ് സ്റ്റീൽ ഡോസിയർ എഴുതുന്നത്. രഹസ്യാന്വേഷണ സ്രോതസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ആധാരമാക്കി ഹിലരി ക്ലിന്റന്റെ ജനസമ്മതി കുറയ്ക്കുവാൻ സഹായിക്കുന്ന വിവരങ്ങൾ ട്രംപിനു ലഭിച്ചുവെന്നും അഞ്ച് വർഷങ്ങളായി റഷ്യ ട്രംപിനെ വളർത്തിക്കൊണ്ടു വരുകയായിരുന്നുവെന്നും ഡോസിയർ കുറ്റപ്പെടുത്തി. എന്നാൽ ഹാർഡിംഗിന്റെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഡോസിയറിനപ്പുറം അന്വേഷിക്കുകയും റഷ്യയിൽ താൻ ജോലിചെയ്തകാലത്ത് ലഭിച്ച വിവരങ്ങളുമായി അന്വേഷണത്തെ ബന്ധിപ്പിക്കുകയും, അമേരിക്കൻ രാഷ്ട്രീയത്തിൽ റഷ്യ ഇടപെട്ടു എന്ന കേവലമായ നൈതിക പ്രശ്നത്തിനപ്പുറത്ത് ജനാധിപത്യം എപ്പോഴും അട്ടിമറിക്കപ്പെടാവുന്ന വിധം, പണമേധാവികളും മാഫിയ തലവൻമാരും, കണ്ണിൽച്ചോരയില്ലാത്ത രാഷ്ട്രീയക്കാരും കൈയ്യൊതുക്കിയ ഒരു കേവലസംവിധാനമാണെന്ന പരസ്യമായ രഹസ്യം വെളിപ്പെടുത്തുന്ന സംഭവങ്ങളെ ആഖ്യാനത്തിനകത്ത് ഉൾപ്പെടുത്തുകയും ചെയ്യുന്ന മിടുക്കാണ്.

ഉക്രൈനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റവും, ഉക്രൈന്റെ ഭാഗമായ ക്രൈമിയ (Crimea) 2014-ൽ പുടിൻ റഷ്യയുടെ ഭാഗമായി കൂട്ടിച്ചേർത്തതും, റഷ്യൻ പിന്തുണയോടു കൂടി തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം നടത്തിയിരുന്ന യാനുകോവിച് നൂറു മില്യൺ ഡോളറുമായി ഉക്രൈൻ വിട്ടുപോയതും, പ്രതിപക്ഷനേതാക്കളായ യൂലിയ ടൈമോഷൻകോ ഉൾപ്പെടെയുള്ളവർ വീട്ടുതടങ്കിലായതും ആഗോളസമിതികളിൽ നിന്ന് റഷ്യയെ അകറ്റി നിർത്തുന്നതിന് മതിയായ കാരണങ്ങളായിരുന്നു. ക്രൈമിയ അധിനിവേശത്തെത്തുടർന്ന് ബറാക് ഒബാമ റഷ്യയുടെ മേൽ തീർത്ത ഉപരോധമാണ് തനിക്ക് പറ്റിയ ഒരാൾ തന്നെ വാഷിംഗ്ടണിൽ വേണമെന്ന പിടിവാശിയിലേക്ക് പുടിനെ നയിച്ചത്. ഡൊമോക്രാറ്റുകളുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഹിലരി ക്ലിന്റൺ റഷ്യയുടെ കാര്യത്തിൽ കൂടുതൽ കണിശമായ നിലപാട് സ്വീകരിക്കുമെന്ന ഭീഷണിയിലാണ് ഇമൈൽ ലീക്കുകളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നത്. പിന്നെയുണ്ടാവുന്ന സംഭവങ്ങളിൽ ധാരാളം കണ്ണികളുണ്ട്.

ക്രൈമിയ അധിനിവേശത്തെത്തുടർന്ന് ബറാക് ഒബാമ റഷ്യയുടെ മേൽ തീർത്ത ഉപരോധമാണ് തനിക്ക് പറ്റിയ ഒരാൾ തന്നെ വാഷിംഗ്ടണിൽ വേണമെന്ന പിടിവാശിയിലേക്ക് പുടിനെ നയിച്ചത്.

  1. റഷ്യയിലെ കുപ്രസിദ്ധരായ ക്രിമിനൽ ഹാക്കർമാരുടെ സംഘമാണ് ഹംറ്റി-ഡംറ്റി എന്ന് ഓമനപ്പേരുള്ള ഷൽറ്റായി-ബോൽറ്റായി. പ്രശസ്തരുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുകയും ചോർത്തുകയും ബ്ലാക്മെയിൽ നടത്തുകയും ചെയ്യുന്ന സംഘത്തിന്റെ ഇരകളിൽ റഷ്യൻ പ്രധാനമന്ത്രിയായ ദിമിത്രി മെഡ്വെഡേവ് മുതൽ ഉക്രൈനിലെ പ്രതിപക്ഷനേതാക്കൾ വരെയുള്ളവരുടെ നീണ്ട നിരയുണ്ട്. ഗ്രൂപിന്റെ സ്ഥാപകനായ വ്ലാദിമിർ അൻകീവ്, ലീക് ചെയ്ത വിവരങ്ങൾ ജൂലിയൻ അസാഞ്ചെയെപ്പോലെ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതിനു പകരം, ബ്ലാക് പി.ആർ നിർമിക്കുന്നതിനു വേണ്ടി എതിരാളികൾക്ക് വിൽക്കും. മുതിർന്ന റഷ്യൻ നേതാക്കളുടെ പാസ്‍േവഡ് മുതൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവരുടെ അക്കൗണ്ടുകൾ വരെ കൈവശമുള്ള സബ് കോൺട്രാക്ടർമാരടങ്ങിയ വലിയൊരു സംഘമാണ് ഹംറ്റി ഡംറ്റി. പുടിനെപ്പോലെ സ്വന്തമായി ഇമെയില്‍ ഉപയോഗിക്കാതെ കെ.ജി.ബി കാലത്ത് ചെയ്ത പോലെ കടലാസിൽ ഗോപ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്നവരാണ് കെണിയിൽ പെടാതെ രക്ഷപെടുന്നത്.
  2. ട്രംപ് ഉൾപ്പെടെയുള്ളവർ, കെ.ജി.ബിയുടെ വിദേശകാര്യ ഇൻജലിൻസ് മേധാവിയായിരുന്ന ജനറൽ വ്ലാദിമിർ ക്രുഷ്കോവ് 1964-ൽ ആവിഷ്കരിച്ച തന്ത്രത്തിന്റെ ഇരയാണ്. ഇതനുസരിച്ച് സ്വാധീനശക്തിയുള്ള അമേരിക്കക്കാരെ സ്വാധീനവലയത്തിലാക്കുവാനും ബ്ലാക്മെയ്ൽ ചെയ്യുവാനും പദ്ധതിയിട്ടു. 1987-ലാണ് ട്രംപ് ആദ്യമായി റഷ്യയിലെത്തുന്നത്. അതും സോവിയറ്റ് ഗവൺമെന്റിന്റെ അതിഥിയായി. കെ.ജി.ബിയുടെ ഭാഗമായിരുന്ന ട്രാവൽ ഏജൻസി ഇൻടൂറിസ്റ്റ് ആണ് അന്നദ്ദേഹത്തെ അനുഗമിച്ചിരുന്നത്.
  3. റഷ്യയിലെയും, മധ്യേഷ്യയിലെയും പണാധിപതികളായ അറാസ് അഗാലറോവ് (ട്രംപിനോടൊപ്പം മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടത്തിയിരുന്നത് അഗാലറോവ് ആയിരുന്നു), ദിമിത്രി റയ്ബോലോലെവ് എന്നിവർക്ക് ട്രംപ് കുടുംബവുമായും വ്ലാദിമിർ പുടിനുമായുള്ള അടുത്ത ബന്ധം.
  4. ട്രംപിന്റെ വിദേശകാര്യ ഉപദേഷ്ടാവായിരുന്ന കാർടർ പേജ് പ്രചരണകാലത്ത് പുടിന്റെ ഏറ്റവും അടുത്ത അനുയായിയും ബിസിനസ്കാരനുമായിരുന്ന ഇഗോർ സെച്ചിനുമായി നടത്തിയ രഹസ്യയോഗങ്ങൾ.
  5. സ്റ്റീവ് ബാനനു മുൻപ് ട്രംപിന്റെ പ്രചരണത്തിന് ചുക്കാൻ പിടിച്ചിരുന്ന ലോബിയിസ്റ്റ് മാനഫോർട്. പഴയകാലത്തെ സോവിയറ്റ് പണാധിപതികളുമായി പ്രത്യകിച്ച് പുടിന്റെ സുഹൃത്തായ ഓലേഗ് ഡെറിപാസ്കയുമായുള്ള മാനഫോർടിന്റെ ബന്ധം. ഉക്രൈനിൽ പുടിന്റെ സഹായിയായ യാനുകോവിചിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനും ചുക്കാൻ പിടിച്ചിരുന്നത് മാനഫോർട് ആയിരുന്നു.
  6. റഷ്യയുടെ മിലിട്ടറി ചാര സംഘടനയായിരുന്ന GRU-വുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മൈക്കൽ ഫ്ലിൻ, ട്രംപിന്റെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവായിരുന്നു. പുടിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഫ്ലിന്നിന് പുതിയ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെടുക്കുന്നതിൽ സ്വാധീനിക്കാൻ കഴിഞ്ഞിരുന്നു.

ആഗോളരാഷ്ട്രീയത്തിൽ വിവാദമായ ഈ പ്രശ്നം ജനാധിപത്യത്തിന്റെ പ്രതിസന്ധിയായി അവതരിപ്പിക്കുന്നതിൽ ശരികേടില്ലേ എന്ന് തോന്നാം. സിറിയയിലെ ക്രൂരമായ റഷ്യൻ ഇടപെടലും അതെക്കുറിച്ചുള്ള അമേരിക്കയുടെ ഇപ്പോഴത്തെ നിശബ്ദതയും തൽക്കാലം നമുക്ക് മറക്കാം. പക്ഷെ, ലോകമെമ്പാടും ക്ലോണുകളാണെന്ന് തോന്നിപ്പിക്കും വിധം ഒരേ സ്വഭാവം പുലർത്തുന്ന പ്രസിഡണ്ടുമാരും പ്രധാനമന്ത്രിമാരും എന്തു കൊണ്ടാണുണ്ടാവുന്നത്? എന്തു കൊണ്ടാണവർ തിരഞ്ഞെടുപ്പുകളിൽ തോൽക്കാത്തത്? എന്തുകൊണ്ടാണ് ലോകരാഷ്ട്രീയത്തിന്റെ ജനിതകഘടനക്ക് മാറ്റമുണ്ടാവാത്തത്?

ജനങ്ങളുടെ രാഷ്ട്രീയ വിജ്ഞാനത്തേക്കാൾ രാഷ്ട്രീയ താല്‍പര്യങ്ങളെയും സമീപനങ്ങളെയും നിയന്ത്രിക്കലാണ് തിരഞ്ഞെടുപ്പ് വിജയമെന്ന രാഷ്ട്രീയ തന്ത്രം പുതുതായി പ്രയോഗിക്കപ്പെട്ട കാര്യമൊന്നുമില്ല. എന്നാൽ വ്യക്തിയുടെ സ്വകാര്യ താൽപര്യങ്ങളെയും അറിവിന്റെ തിരഞ്ഞെടുപ്പുകളെയും അറിയുവാനും സ്വാധീനിക്കുവാനും ചോർത്തുവാനും ഡേറ്റ കൈവശമുള്ള വിവര സാങ്കേതികരംഗത്തെ ഭീമൻമാർക്കും ക്രിമനലുകൾക്കും കഴിയുന്നു എന്നത് കേവലം അഭ്യന്തരപ്രശ്നമല്ലല്ലോ. അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രത്യകിച്ചും നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

TAGS :

Next Story