Quantcast

കാതുകൊണ്ടല്ല, കരളുകൊണ്ട് കേള്‍ക്കാം; ഇന്ന് ലോക സംഗീത ദിനം

കെട്ട കാലത്തിന്‍റെ നീറ്റലകറ്റാൻ എന്നും കോരിച്ചൊരിയട്ടെ സംഗീത മഴ…

MediaOne Logo
കാതുകൊണ്ടല്ല, കരളുകൊണ്ട് കേള്‍ക്കാം; ഇന്ന് ലോക സംഗീത ദിനം
X

ഇന്ന് ലോക സംഗീത ദിനം. കാതിലേക്കല്ല, കരളിലേക്കാണ് സംഗീതം പതിക്കുന്നത്. അതുകൊണ്ടാണ് സംഗീതത്തെ മധുരതരമെന്ന് വിശേഷിപ്പിക്കുന്നത്... സംഗീതം ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. ആഗോള ഭാഷയാണ്.. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളുടെ പ്രതിഫലനം.

സംഗീതത്തിന്‍റെ സാഗരം ലോകമെങ്ങും പടരുമ്പോള്‍ ആ ലോകത്തില്‍ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത പ്രതിഭകള്‍ക്കുള്ള ആദരവ് കൂടിയാണ് ലോക സംഗീതം ദിനം. സിംഫണിയുടെ മാസ്മരികത ലോകത്തിന് പകര്‍ന്ന ബീഥോവൻ തൊട്ട് എണ്ണിയാലൊടുങ്ങാത്ത പേരുകളാൽ സമ്പന്നമാണ് ലോക സംഗീത സദസ്...


''സംഗീതം മനോഹരമായ ഒരു സ്വപ്നമാണ്.

എനിക്ക് കേൾക്കാനാവാത്ത മനോഹാരിത... '' ബീഥോവന്‍റെ മനസിലെ സംഗീതം മുഴുവൻ അദ്ദേഹത്തിന്‍റെ ഈ വാക്കുകളിലുണ്ട്.

ഗിറ്റാറുകൊണ്ട് മിസ്സിസിപ്പിയൻ സംഗീതത്തിന്‍റെ മാന്ത്രികത പകർന്നുതന്ന എക്കാലത്തെയും ഗിത്താർ മാന്ത്രികൻ റോബർട്ട്‌ ജോൺസൻ, നാലാം വയസിൽ ക്ലാസ്സിക് രചനകൾ ചെയ്തു തുടങ്ങി ഏഴാം വയസിൽ ഒരു വയലിനും കയ്യിലെടുത്ത് ലോകത്തെ അമ്പരപ്പിച്ച മൊസാർട്, റോക്ക് ആൻഡ് റോൾ സംഗീത ശാഖയുടെ എക്കാലത്തെയും മുടിചൂടാമന്നനായ് അറിയപ്പെടുന്ന എൽവിസ് പ്രെസ്‌ലെ, ഒരു കൊച്ചു സ്റ്റേഡിയമുണ്ടെങ്കിൽ ഒരു നഗരത്തെ മുഴുവൻ ഞാൻ ആനന്ദത്തിലാക്കാം എന്നുറക്കെ പറഞ്ഞ ബോബ് ഡിലൻ, സംഗീതം നിങ്ങളിലേക്കെത്തിയാൽ പിന്നെ നിങ്ങൾ വേദനയറിയില്ലെന്ന് പറഞ്ഞ ബോബ് മാർലി മഡോണ, മൈക്കിൾ ജാക്ക്സൺ, എൽട്ടൻ ജോൺ... അങ്ങനെയങ്ങനെ ലോകത്തിന് സ്വന്തമായ അനേകമനേകം സംഗീത മാന്ത്രികര്‍...


ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച മഹാ പ്രതിഭകള്‍- കബീർദാസ്, സൂർദാസ്, മിയാൻ താൻസെൻ, രബീന്ദ്രനാഥ് ടാഗോർ, പണ്ഡിറ്റ്‌ രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, എം. എസ് സുബലക്ഷ്മി, എസ്. ബാലചന്ദർ, ഹരിപ്രസാദ് ചൗരസ്യ, ബീഗം അക്തർ തുടങ്ങി സംഗീതത്തിന്‍റെ അമൃത ധാര പൊഴിച്ച മഹാ മനുഷ്യര്‍.

കോവിഡിന്‍റെ പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾ ഇത്തവണത്തെ ഒട്ടേറെ സംഗീത വേദികൾ നഷ്ടപെടുത്തിയെങ്കിലും മനസിൽ സംഗീതം സൂക്ഷിക്കുന്ന ഓരോരുത്തരിലും ഈ ദിനം സംഗീതമഴ പെയ്തുകൊണ്ടേയിരിക്കും. കെട്ട കാലത്തിന്‍റെ നീറ്റലകറ്റാൻ എന്നും കോരിച്ചൊരിയട്ടെ സംഗീത മഴ…

TAGS :

Next Story