Quantcast

ഇതാ, ഖത്തർ അമീറിന്റെ വിമാനത്തിലെ ആദ്യ മലയാളി പെൺകുട്ടി

ഗൂഗ്ൾ മാപ്പിൽ ഇല്ലാത്തവ അടക്കം 150ലേറെ രാജ്യങ്ങളില്‍ ഇവർ സഞ്ചരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-14 12:51:11.0

Published:

14 Oct 2021 12:37 PM GMT

ഇതാ, ഖത്തർ അമീറിന്റെ വിമാനത്തിലെ ആദ്യ മലയാളി പെൺകുട്ടി
X

സ്വപ്‌നങ്ങളിലേക്ക് ചിറകുവിരിച്ചു പറക്കുകയെന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. ആകാശയാത്രയിലൂടെ ആ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കിയ ഒരു പെൺകുട്ടിയുണ്ട് കേരളത്തിൽ. താര ജോർജ് എന്ന മലയാളിപ്പെൺകൊടി. താരയെ രണ്ടു രീതിയിൽ കേരളമറിയും. ഒന്ന്, വിഖ്യാത സംവിധായകൻ കെ.ജി ജോർജിന്റെയും സൽമയുടെയും മകൾ എന്ന നിലയിൽ.

രണ്ടാമത്തേതാണ് ഏറെ കൗതുകകരം. ഖത്തർ അമീറിന്റെ രാജകീയ വിമാനങ്ങളിലെ ആദ്യ മലയാളി കാബിൻ ക്രൂവാണ് താര. 2005ൽ എമിറേറ്റ്‌സ് എയർവേയ്‌സിൽനിന്ന് ആരംഭിച്ച പറക്കൽ ജോലിയാണ് ഒടുവിൽ അമീറിന്റെ റോയൽ ഫ്‌ളൈറ്റില്‍ ലാന്‍ഡ് ചെയ്തത്. 2019 നവംബറിൽ പണി കളഞ്ഞ് കേരളത്തിൽ തിരിച്ചെത്തി. ഇപ്പോൾ റെന്റ് എ ഫാഷൻ എന്ന ബിസിനസ് നടത്തുന്നു. ഹോളിസ്റ്റിക് വെൽനസ് കോച്ചാണ്.


തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായിരുന്നു ഫ്‌ളൈറ്റ് അറ്റന്റഡ് കരിയർ എന്ന് താര പറയുന്നു. "സെന്റ് തെരേസാസ് കോളജിലെ പഠനശേഷം ഫൈറ്റർ ജെറ്റിൽ പൈലറ്റ് ആകണമെന്നായിരുന്നു മോഹം. അതിനായി ഇന്റർവ്യൂ അറ്റൻഡ് ചെയ്‌തെങ്കിലും കിട്ടിയില്ല. ഇനിയെന്ത് എന്ന് ആലോചിക്കുന്ന വേളയിലാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ കാണാൻ പോയത്. പപ്പയുടെ ഒരു സുഹൃത്ത് എന്തു കൊണ്ട് കാബിൻ ക്രൂവാകാൻ ശ്രമിച്ചുകൂടാ എന്ന് ചോദിച്ചു. അങ്ങനെയാണ് കാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കുന്നത്. എമിറേറ്റ്‌സ് എയർവേയ്‌സിൽ ജോലി കിട്ടുകയും ചെയ്തു. എമിറേറ്റ്‌സിൽ ഏഴു വർഷമാണ് ജോലി ചെയ്തത്. ഒരിക്കൽ മികച്ച പ്രവർത്തനത്തിനുള്ള നജ്മ് മെറിറ്റ് പുരസ്‌കാരം ലഭിച്ചു. പിന്നീടാണ് ഖത്തർ റോയൽ ഫ്‌ളൈറ്റിൽ നിന്ന് ഇന്റർവ്യൂ ഓഫർ വന്നത്. ദോഹയിൽ പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ജോലിക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു"- അവർ കൂട്ടിച്ചേർത്തു.


അതിൽപ്പിന്നെ ഖത്തർ രാജാവിനും കുടുംബത്തിനുമൊപ്പം ലോകം മുഴുവൻ പറക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നെന്ന് താര പറയുന്നു. ഏഴര വർഷമാണ് ഖത്തർ അമീറിന്റെ റോയൽ ഫ്‌ളൈറ്റിൽ കാബിൻ ക്രൂവായത്. 'അവര്‍ നമ്മളെ എങ്ങനെ ട്രീറ്റ് ചെയ്യുമെന്ന ഭയവും ഉത്കണ്ഠയുമൊക്കെ ആദ്യമുണ്ടായിരുന്നു. എന്നാൽ അമീർ പേരുവിളിച്ച് അഭിവാദ്യം ചെയ്യുന്നതു വരെയെത്തി പരിചയം. അമീർ മാത്രമല്ല, കുടുംബവും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും റോയൽ ഫ്‌ളൈറ്റിലാണ് സഞ്ചരിക്കുന്നത്. രാജകുടുംബവുമായി വലിയ അടുപ്പമാണുള്ളത്. കുടുബക്കാരുമായി ഇപ്പോഴും ബന്ധമുണ്ട്. മലയാളികളെ അവർക്ക് ഇഷ്ടമാണ്. അവരുടെ മിക്ക സ്റ്റാഫുകളും മലയാളികളാണ്. കേരളത്തിൽ വന്ന് റമദാൻ കൂടണം എന്നൊക്കെ അവർ പറയും' - താര പറഞ്ഞു.


ഖത്തർ അമീറിന്റെ ബഹുഭൂരിപക്ഷം യാത്രകളും ഔദ്യോഗികമാണെന്ന് താര വിശദീകരിച്ചു. 'അപൂർവ്വമായി മാത്രമാണ് കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ പോകുന്നത്. ബെഡ്‌റൂം, ബാത്ത്‌റൂം, ലിവിങ് റൂം, സ്പാ, ഹോം തിയേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് അമീറിന്റെ വിമാനം. രാജകുടുംബാംഗങ്ങൾക്കൊപ്പം 35 ദിവസം വരെ വിദേശത്തു ചെലവഴിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യൂറോപ്പ്, യുഎസ്, മാലിദ്വീപ് എന്നിങ്ങനെയായിരുന്നു ആ യാത്ര. വേട്ടയാടലും മീൻപിടിത്തവുമാണ് രാജകുടുംബത്തിന്റെ ഹോബി. ഗൂഗ്ൾ മാപ്പിൽ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും ഫിഷിങ്ങിന് പോയിട്ടുണ്ട്. മിലിട്ടറി നിയന്ത്രണത്തിലുള്ള ദ്വീപുകളാണ് അതൊക്കെ'- താര പറയുന്നു.

താര ജോർജുമായി ട്രാവൽ ബ്ലോഗർ ബൈജു എൻ നായർ നടത്തിയ വീഡിയോ ഇന്റർവ്യൂവിനോട് കടപ്പാട്

TAGS :

Next Story