Quantcast

മികവിന്‍റെ കൂട്ടുകാർക്ക് മാധ്യമത്തിന്‍റെ ആദരം

ആദരിക്കേണ്ടവരെ ആദരിക്കുകയും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന ദൗത്യമാണ് മാധ്യമം നിർവഹിക്കുന്നതെന്ന് ടി.ജെ.വിനോദ് എം.എൽ.എ അഭിപ്രായപ്പെട്ടു.

MediaOne Logo

Web Desk

  • Updated:

    2023-06-14 15:32:19.0

Published:

14 Jun 2023 3:28 PM GMT

The respect of the media for the friends of excellence, madhyamam, madhyamam kochi, latest malayalam news, മികവിന്റെ സുഹൃത്തുക്കളോട് മാധ്യമങ്ങളുടെ ആദരവ്, മാധ്യമം, മാധ്യമം കൊച്ചി, ഏറ്റവും പുതിയ മലയാളം വാർത്ത
X

കൊച്ചി: പ്രതിഭകളെ ചേർത്തുപിടിച്ച്, കൂടുതൽ വിജയത്തിലേക്ക്​ വഴിതെളിച്ച് മാധ്യമത്തിന്‍റെ സ്നേഹാദരം. ജില്ലയിൽ നിന്ന് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കും മുഴുവൻ മാർക്കും കരസ്ഥമാക്കിയ പ്രതിഭകൾക്കും മാധ്യമവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്ന് ഒരുക്കിയ പ്രതിഭകൾക്ക് ആദരം പരിപാടി നിറഞ്ഞുകവിഞ്ഞ സദസ്സിനാൽ ശ്രദ്ധേയമായി. അറുന്നൂറിലധികം വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമാണ് എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിലേക്ക് ഒഴുകിയെത്തിയത്.


മാധ്യമം കൊച്ചി റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഒരിക്കലും വഴിതെറ്റാതെ മാതാപിതാക്കളുടെ അഭിമാനമായി നാടിനെ നയിക്കുന്ന ഉത്തരവാദിത്തപ്പെട്ടവരായി ഉയർന്നുവരണമെന്ന് എം.എൽ.എ പറഞ്ഞു. ഇത്തരമൊരു അംഗീകാരം കുട്ടികൾക്ക് ഒരുക്കിയ മാധ്യമവും വിദ്യാഭാരതിയും അഭിനന്ദനം അർഹിക്കുന്നു. സമൂഹത്തിൽ യുവതി യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം ആശങ്കയുളവാക്കുന്നുണ്ട്. വികലമായ വിദ്യാഭ്യാസ നയവും നാട്ടിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗവുമൊക്കെ കുട്ടികളെ വിദേശത്തുവിട്ട് പഠിപ്പിക്കാൻ മാതാപിതാക്കൾ ചിന്തിക്കുന്നതിന് ഇടവരുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള പുരസ്കാരം എം.എൽ.എ കൈമാറി.

ക്ഷീണിതരാകാതെ വിജയത്തിലേക്ക് ഓടിക്കൊണ്ടിരിക്കണമെന്നും അതിന് കുട്ടികൾക്ക് മാതാപിതാക്കൾ പിന്തുണ നൽകണമെന്നും മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭാരതി അസോ. ഡയറക്ടർ ടി.ജെ. പോൾ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ എറണാകുളം റൂറൽ നാർകോട്ടിക് സെൽ ഫാക്കൽറ്റി പി.എസ്. മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമായി മയക്കുമരുന്ന് മാറിയതായി അദ്ദേഹം പറഞ്ഞു.

ആദരിക്കേണ്ടവരെ ആദരിക്കുകയും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന ദൗത്യമാണ് മാധ്യമം നിർവഹിക്കുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ അഭിപ്രായപ്പെട്ടു. താൽപര്യമുള്ള കോഴ്സുകൾ നമ്മുടെ നാട്ടിൽ പഠിച്ച് ഇവിടെ തന്നെ മികച്ച ജോലി ചെയ്യാനുള്ള സാഹചര്യമാണുണ്ടാകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ മാർക്കും നേടിയ കുട്ടികളെ എം.എൽ.എ ആദരിച്ചു. കൃത്യമായ തീരുമാനമെടുത്ത് തുടർപഠനം തെരഞ്ഞെടുക്കണമെന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കൊപ്പം മാതാപിതാക്കളും അധ്യാപകരും അഭിനന്ദനം അർഹിക്കുന്നുവെന്ന് വിദ്യാഭാരതി ഇൻസ്റ്റിറ്റ്യൂഷൻസ് ഡീൻ അക്കാദമിസ്റ്റ് എസ്. സുമി പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥികൾക്ക് പുരസ്കാരം സമ്മാനിച്ചു. മാധ്യമം കൊച്ചി ന്യൂസ് എഡിറ്റർ കെ.എ. മുഹമ്മദ് ഹുസൈൻ സ്വാഗതവും ബ്യൂറോ ചീഫ് പി.പി. കബീർ നന്ദിയും പറഞ്ഞു.

TAGS :

Next Story