Quantcast

‘നേരി’ന്റെ വിജയത്തിൽനിന്ന് മന്ത്രിക്കസേരയിലേക്ക്; ഗണേഷ് കുമാറിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ

നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോവുക എന്ന വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-24 10:28:13.0

Published:

24 Dec 2023 9:22 AM GMT

kb ganesh kumar
X

മികച്ച സിനിമ നടൻ എന്നതിനൊപ്പം തന്നെ മികച്ച ഭരണാധികാരി കൂടിയാണെന്ന് തെളിയിച്ചയാളാണ് കെ.ബി ഗണേഷ് കുമാർ. 2001 മുതൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭാംഗമായി.

2001 ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്ത ഗണേഷ് കുമാറിന് രണ്ടാം പിണറായി സർക്കാറിന്റെ കാലത്തും അ​തേ വകുപ്പ് തന്നെയാണ് ലഭിക്കുന്നത്. പ്രധാന റോളിൽ അഭിനയിച്ച ‘നേര്’ സിനിമ വലിയ വിജയത്തിലെത്തിയതിന്റെ സന്തോഷത്തിന് പിന്നാലെയാണ് മറ്റൊരു സന്തോഷം കൂടി ഗണേഷ് കുമാറിനെ തേടി എത്തിയിരിക്കുന്നത്.

മുൻധാരണ പ്രകാരമാണ് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിലേക്ക് ഗണേഷ് കുമാർ എത്തുന്നത്. ആന്റണി രാജു ഒഴിഞ്ഞ ഗതാഗത വകുപ്പ് തന്നെയായിരിക്കും ഗണേഷ് കുമാറിന് ലഭിക്കുക.

തൊഴിലാളികളെ കൂടി വിശ്വാസത്തിൽ എടുത്തായിരിക്കും താൻ വകുപ്പ് മുന്നോട്ടു കൊണ്ടുപോവുകയെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി കഴിഞ്ഞു. 2001ൽ ഗതാഗത മന്ത്രിയെന്ന നിലയിൽ കെഎസ്ആർടിസിയിൽ പരിഷ്കാരങ്ങൾ നടത്തി മികച്ച ഭരണാധികാരിയായി പേരെടുത്തിരുന്നു. എന്നാൽ, ഗ്രാഫൈറ്റ് കേസിൽ പിതാവ് ആർ. ബാലകൃഷ്ണപിള്ള കുറ്റവിമുക്തനായി തിരിച്ചുവന്നപ്പോൾ 22 മാസത്തിന് ശേഷം മന്ത്രി സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.

2011 ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ വകുപ്പുകൾ കൈകാര്യം ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2013ൽ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് യുഡിഎഫുമായി തെറ്റുകയും എൽഡിഎഫിന്റെ ഭാഗമാവുകയുമായിരുന്നു.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോവുക എന്ന വലിയ വെല്ലുവിളിയാണ് ഗണേഷ് കുമാർ നേരിടാൻ പോകുന്നത്. കൂടാതെ, സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സും ​തലവേദന സൃഷ്ടിക്കും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാൻ വ്യാജരേഖ ചമക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. എന്നാൽ, പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

രണ്ടാം പിണറായി സർക്കാറിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ.ബി. ​ഗണേഷ് കുമാറിന്റെ പേര് മന്ത്രി പദത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ, പിതാവി​െൻറ സ്വത്തുമായി ബന്ധപ്പെട്ട് സഹോദരിയുമായുള്ള തർക്കം കാരണം മന്ത്രി സ്ഥാനം രണ്ടാം ടേമിലേക്ക് മാറ്റിയെന്നാണ് അന്ന് വാർത്തകൾ പ്രചരിച്ചത്.

ഈ പ്രചാരണത്തിനെതിരെ ഗണേഷ് കുമാർ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് മന്ത്രി സ്ഥാനം വൈകാനിടയാക്കിയതെന്നായിരുന്നു കേ​രള കോൺഗ്രസ് ബി നേതാവിന്റെ മറുപടി.

അതേസമയം, തന്നെ ഇനി കുറച്ചുനാൾ വിവാദത്തിലേക്കു വലിച്ചിഴക്കാൻ ശ്രമിക്കേണ്ടെന്ന് മന്ത്രിസ്ഥാന പ്രഖ്യാപന ശേഷം കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഗതാഗത വകുപ്പിനെ മുൾക്കിരീടമായി കരുതുന്നില്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. കോൺഗ്രസുകാർ കൊടുത്ത കേസല്ലാതെ ഒരു ക്രിമിനൽ കേസുമില്ലാത്തയാളാണു താനെന്നും ഗണേഷ് 'മീഡിയവണി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'നേര്' ചിത്രത്തിലെ പോലെ നല്ല വേഷങ്ങൾ ലഭിച്ചാൽ ഇനിയും അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരായ ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം ഒന്നും സത്യമല്ലെന്നു തെളിഞ്ഞു. കോൺഗ്രസുകാർ ആരോ കൊടുത്ത ഒരു കേസല്ലാതെ, ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്രിമിനൽ കേസുമില്ലാത്ത ആളാണ് ഞാൻ. എന്നെപ്പറ്റി അനാവശ്യങ്ങൾ പറഞ്ഞുണ്ടാക്കുകയാണ്. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു കാലം തെളിയിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

TAGS :

Next Story