Quantcast

സോഷ്യൽ മീഡിയയിൽ നേതാക്കളുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ; രാഷ്ട്രീയം പറയാൻ സംഘടിത സംവിധാനമില്ലെന്ന് മുസ്ലിംലീഗിൽ വിമർശനം

സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയവയുടെ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

MediaOne Logo

  • Published:

    29 May 2020 3:17 PM GMT

സോഷ്യൽ മീഡിയയിൽ നേതാക്കളുടെ ശ്രദ്ധ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ; രാഷ്ട്രീയം പറയാൻ സംഘടിത സംവിധാനമില്ലെന്ന് മുസ്ലിംലീഗിൽ വിമർശനം
X

കോഴിക്കോട്: സമൂഹ മാധ്യമ ഇടപെടലുകൾക്ക് വ്യവസ്ഥാപിത സംവിധാനം ഒരുക്കാൻ മുസ്ലിം ലീഗിൽ നടന്ന ശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലിയുടെ ചുമതലയിൽ കോഴിക്കോട് ലീഗ് ഹൗസ് കേന്ദ്രീകരിച്ച് ഒരുക്കിയ സംവിധാനം മാസങ്ങൾക്ക് ശേഷം നിർജീവമായെന്നാണ് മുതിർന്ന നേതാക്കളടക്കം പരാതിപ്പെടുന്നത്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയവയുടെ സോഷ്യൽ മീഡിയ സംവിധാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.

വൻതുക മുടക്കി ലീഗ് ആസ്ഥാനത്ത് സ്റ്റുഡിയോ അടക്കമുള്ള സംവിധാനങ്ങൾ വർഷങ്ങൾക്കുമുമ്പേ ഒരുക്കിയിരുന്നെങ്കിലും പാർട്ടിയിലെ പ്രമുഖന്റെ താൽപര്യക്കുറവ് മൂലം പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിനും വിമർശനങ്ങൾ പ്രതിരോധിക്കുന്നതിനുമായി പാർട്ടി മുഖപത്രത്തിൽ ജോലി ചെയ്ത ഒരു മാധ്യമ പ്രവർത്തകനെ ഇവിടെ നിയമിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല. സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് പോലും സംഘടിത കാംപയിനുകളും വാർ ഗ്രൂപ്പുകളും ക്രമീകരിച്ച് മുന്നേറുമ്പോൾ ലീഗ് നേതാക്കളിൽ പലരും നിരാശ പങ്കിടുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ വിഷയം ചൂടേറിയ ചർച്ചയായി.

സാമൂഹ്യ മാധ്യമങ്ങളിൽ കോൺഗ്രസ് പോലും സംഘടിത കാംപയിനുകളും വാർ ഗ്രൂപ്പുകളും ക്രമീകരിച്ച് മുന്നേറുമ്പോൾ ലീഗ് നേതാക്കളിൽ പലരും നിരാശ പങ്കിടുകയാണ്.

പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, പി.കെ ഫിറോസ് തുടങ്ങിയ നേതാക്കൾക്ക് മികച്ച സാങ്കേതിക സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ പേജുകളുണ്ട്. അരലക്ഷത്തിലേറെ രൂപ മാസവും മുടക്കി, വീഡിയോ ക്യാമറമാനെ ദിവസവും ഒപ്പംകൂട്ടി സോഷ്യൽ മീഡിയ പേജ് മാനേജ് ചെയ്യുന്ന നേതാവും കൂട്ടത്തിലുണ്ട്. പാണക്കാട് തങ്ങൾ കുടുംബത്തിന്റെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതും ഈ നേതാവിന്റെ മീഡിയ സംഘമാണ്.

പാർട്ടി മുഖപത്രം ദുർബലമായ സാഹചര്യത്തിൽ ഫലപ്രദമായ സോഷ്യൽ മീഡിയ നെറ്റ്‍വർക്ക് വേണമെന്ന ആവശ്യമുന്നയിച്ച് നിരവധി പ്രവർത്തകരും യുവനേതാക്കളുമാണ് നേതൃത്തിനുമേൽ സമ്മർദം ചെലുത്തുന്നത്.

പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന, സ്വതന്ത്ര പ്രതിച്ഛായയോടെ ഒരു ഓൺലൈൻ സംരംഭം തുടങ്ങാനുള്ള നീക്കം എം.കെ മുനീറിന്റെ നേതൃത്വത്തിൽ ഇടക്കാലത്ത് നടന്നെങ്കിലും മുന്നോട്ടുപോയില്ല. മുൻനിര മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പാർട്ടിപിന്തുണ ലഭിക്കാത്തതിനാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കേന്ദ്രീകൃത സംവിധാനമൊരുക്കാൻ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ തീരുമാനമായെങ്കിലും അതും മുന്നോട്ടുപോയില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പിനു ശേഷം ഇത് സ്ഥിരം സംവിധാനമാക്കുന്നതിനുമായി യൂത്ത് ലീഗ് നേതാക്കളുടെ മേൽനോട്ടത്തിൽ ശ്രമങ്ങളുണ്ടായി. എന്നാൽ, ചില മുതിർന്ന നേതാക്കളുടെ നിസ്സഹകരണം കാരണം ഇതും മുടങ്ങുകയാണുണ്ടായത്.

നിലവിൽ മുസ്ലിം ലീഗിന്റേതെന്ന പേരിൽ പ്രവർത്തകരും അണികളും നേതാക്കളും നിയന്ത്രിക്കുന്ന പല സ്വഭാവത്തിലുള്ള സോഷ്യൽ മീഡിയാ പേജുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ഒരു യുവനേതാവിന്റെ നിയന്ത്രണത്തിൽ സമീപകാലത്ത് ആരംഭിച്ച ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും ചേർന്നുനയിച്ച സംസ്ഥാന ജാഥയുടെ സോഷ്യൽ മീഡിയാ പ്രമോഷനുമായി ബന്ധപ്പെട്ട് വലിയ വിവാദം സംഘടനയിൽ ഉയർന്നിരുന്നു. കേന്ദ്ര സർവകലാശാലകളിൽ പഠിക്കുന്ന എം.എസ്.എഫുകാർ സോഷ്യൽ മീഡിയയിൽ സജീവമായി രംഗത്തുണ്ടെങ്കിലും പാർട്ടി ഇവരെ പരിഗണിക്കുന്നില്ലെന്ന പരാതിയുണ്ട്. ചില എം.എൽ.എമാർ സ്വന്തം നിലയ്ക്ക് വൻതുക മുടക്കി ആളെവെച്ചാണ് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്.

പാർട്ടി മുഖപത്രം ദുർബലമായ സാഹചര്യത്തിൽ ഫലപ്രദമായ സോഷ്യൽ മീഡിയ നെറ്റ്‍വർക്ക് വേണമെന്ന ആവശ്യമുന്നയിച്ച് നിരവധി പ്രവർത്തകരും യുവനേതാക്കളുമാണ് നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്തുന്നത്.

സമൂഹമാധ്യമ രംഗത്ത് പാർട്ടി നിലപാട് വിശദീകരിക്കാനും വിമർശനങ്ങൾക്ക് പ്രതിരോധം തീർക്കാനും ഉടൻ സംവിധാനമൊരുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മീഡിയവണ്ണിനോട് പറഞ്ഞു. പാർട്ടി മുഖപത്രത്തിന്റെ ഓൺലൈൻ വിഭാഗവുമായി ചേർന്ന് ലീഗ് ഹൗസ് കേന്ദ്രീകരിച്ച് ഇതിന് സംവിധാനമൊരുക്കും. നേരത്തേ സജ്ജീകരിച്ച സ്റ്റുഡിയോ ഉൾപ്പെടെ ഇതിനായി ഉപയോഗിക്കും. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി തന്നെ ഇതിന്റെ ചുമതല വഹിക്കുമെന്നും മജീദ് പറഞ്ഞു.

TAGS :

Next Story