Quantcast

ഇത് എന്റെ കഥ; ഭരണകൂട ഭീകരതക്കിടയിലെ മുസ്‍ലിം  സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം

ഒരുപാട് ചര്‍ച്ചയാക്കപ്പെട്ട വിഷയത്തിന്റെ വ്യക്തമായ വര്‍ത്തമാനങ്ങളാണ് ഹാദിയ തന്റെ പുസ്തകത്തിലൂടെ പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുന്നത്

MediaOne Logo

ആയിഷ നൗറിൻ

  • Published:

    1 Jun 2019 3:11 AM GMT

ഇത് എന്റെ കഥ; ഭരണകൂട ഭീകരതക്കിടയിലെ മുസ്‍ലിം  സ്ത്രീ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം
X

കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ഏറെ കാത്തിരുന്ന തലവാചകമായിരുന്നു ഡോ.ഹാദിയ അശോകന്‍. ഇക്കാലത്തെ ശക്തമായൊരു മാതൃകയെന്നോണം, പൊതുമനസ്സുകളില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വത്തെ മറ്റൊരാളില്‍ നിന്നുമല്ലാതെ കേള്‍ക്കണം എന്ന ആഗ്രഹത്തിന് പുറത്തുണ്ടായ കാത്തിരിപ്പാണത്. ഭരണകൂടത്തിനാല്‍ എല്ലാ വിധ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ആറുമാസത്തോളം വീട്ടുതടങ്കലിലാക്കപ്പെട്ട അവരെ ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മാധ്യമ ‌സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ടിരുന്ന ഈ കേസില്‍ പൊതുസമൂഹം സത്യമറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന വസ്തുത ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

'ഇത് എന്റെ കഥ' എന്ന പേരില്‍ ഏപ്രില്‍ മാസം തേജസ് ബുക്‌സ് പുറത്തിറക്കിയ ആത്മകഥാ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന പുസ്തകം ഹാദിയ എന്ന ഇരുപത്തിയാറുകാരിയുടെ സത്യാന്വേഷണകഥ തുറന്ന് വെക്കുന്നതോടൊപ്പം തന്നെ ആ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു ജനാധിപത്യ രാജ്യത്ത് അനുഭവിക്കേണ്ടി വന്ന പ്രത്യേകമായ അനീതിയെ കുറിച്ചും വ്യക്തമായി സംസാരിക്കുന്നുണ്ട്. പ്രായത്തെ ആത്മകഥാരചനയുടെയും ജീവിതാനുഭവ സമ്പാദനത്തിന്റെയും മാനദണ്ഡങ്ങളുപയോഗിച്ച് ചോദ്യങ്ങളുന്നയിക്കുന്നവരോട് മാധവിക്കുട്ടിയുടെ വാക്കുകളില്‍‍‍‍ ഉത്തരം പറയാനാണ് ഹാദിയയും ഇഷ്ടപ്പെടുന്നത്.

ഇരുപതോളം അധ്യായങ്ങളായി തരംതിരിക്കപ്പെട്ട പുസ്തകം ആരംഭിക്കുന്നത് തന്നെ ‘അശോകന്‍ മകള്‍‍ ഹാദിയ’ എന്ന തലക്കെട്ടോടെയാണ്. റിട്ടയേര്‍ഡ് മിലിറ്ററി ഓഫീസറായ തന്റെ അച്ഛനെക്കുറിച്ചും അമ്മയെയും ജീവിതചുറ്റുപാടിനെയും കുറിച്ചും സംസാരിച്ചു തുടങ്ങുന്ന അധ്യായത്തില്‍ കുട്ടിയായിരിക്കെ തന്നെ തന്റെ ചുറ്റുപാടിലും നടന്നിരുന്ന കാര്യങ്ങളില്‍ ഉണ്ടാക്കപ്പെട്ട സംശയങ്ങളെ പറ്റി അവര്‍ സൂചിപ്പിക്കുന്നുണ്ട്.

പുസ്തകത്തിന്റെ ആദ്യ ഭാഗം ഹാദിയയുടെ ബാല്യവും മനസ്സിലുദിച്ച സംശയങ്ങളുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ പാതയിലേക്കുള്ള പ്രവേശനമായി അതിനെ മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പലരുടെയും സ്വാധീനത്താല്‍ മതംമാറ്റപ്പെട്ടതായിരുന്നു എന്ന വാദത്തെ മുളയിലേ നുള്ളിക്കളയുകയാണ് പുസ്തകത്തിലൂടെ ഹാദിയ. ചെറുപ്പത്തിലേ തനിക്കുണ്ടായിരുന്ന സംശയങ്ങളെയും തന്റെ വിലയിരുത്തലുകളെയും ധീരമായിത്തന്നെ അവര്‍ പറഞ്ഞുവെക്കുന്നു.

സ്‌കൂള്‍ പഠനം കഴിയും മുമ്പേ ഹിന്ദുമതത്തെ കുറിച്ച് മാത്രമല്ല, ക്രിസ്തുമതത്തെ കുറിച്ചും താന്‍ മനസ്സിലാക്കിയിരുന്നു എന്ന ഹാദിയയുടെ പ്രസ്താവന അവരുടെ ശക്തമായ വായനാശീലമായി വേണം മനസ്സിലാക്കാന്‍. ഹോസ്റ്റല്‍ ജീവിതത്തെ പ്രധാന വഴിത്തിരിവായാണ് ഹാദിയ കാണുന്നത്. പക്ഷേ അതിന് നിര്‍ബന്ധ വശീകരണത്തിന്റെ കഥയല്ല പറയാനുള്ളത്, മറിച്ച് തന്റെ മനസ്സിന്റെ തേടലുകള്‍ക്കുള്ള ഉത്തരമായിരുന്നു സുഹൃത്തുക്കളായ ജസീനയുടെയും ഹസീനയുടെയും കൂടെയുള്ള ജീവിതത്തില്‍ അവര്‍ കണ്ടെത്തിയതെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം.

നെറ്റിയില്‍ പൊട്ടു തൊടുകയും തലമറക്കാതിരിക്കുകയും നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ തന്നെ ഇസ്‌ലാമിനെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന് ഹാദിയ പറയുന്നുണ്ട്. അവര്‍ക്കിടയില്‍ നടന്നിട്ടുള്ള നിരന്തരമായ സംസാരത്തേക്കാള്‍ തനിച്ചുള്ള അന്വേഷണത്തിന്റെ ചിത്രങ്ങളാണ് പുസ്തകം വരച്ചുകാട്ടുന്നത്. ഹാദിയയുടെ ശക്തമായ തെരഞ്ഞെടുപ്പാണ് ഇസ്‌ലാം എന്നതിന്റെ തെളിവായി നിലനില്‍ക്കുന്നുണ്ട്.

മുസ്‌ലിംകള്‍ക്കിടയിലെ കക്ഷിത്വം തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നതായി ഹാദിയ സൂചിപ്പിക്കുന്നുണ്ട്. വിശ്വാസ വഴിയിലെ വേറിട്ട മനസ്സിലാക്കലുകളെയും സൗഹൃദങ്ങളെയുമൊക്കെ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം. അതായത് തന്റെ തെറ്റായ ധാരണകളെ തുറന്നു കാണിക്കുന്നതില്‍ ഹാദിയ മടി കാണിക്കുന്നില്ല. 2013 ആവുമ്പോഴേക്ക് ഇസ്‌ലാമാണ് ഏറ്റവും വലിയ ശരിയെന്ന് താന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു എന്ന് അവര്‍ പറയുന്നു. താന്‍ മനസ്സിലാക്കിയ ശരിയെ പ്രയോഗവത്കരിക്കുന്നതില്‍ നിര്‍ഭയമായ നിലപാട് സ്വീകരിച്ചതിന്റെ ബാക്കിപത്രങ്ങള്‍ ഹാദിയയുടെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം.

ആരൊക്കെ എതിര്‍ത്തിട്ടും സ്വയം ശരിയാണെന്ന് ബോധ്യമായ കാര്യങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ട് പോകുന്ന വിദ്യാര്‍ഥിയെയാണ് പിന്നീട് നമുക്ക് കാണാന്‍ കഴിയുക. ഒരു പക്ഷേ നിരൂപണത്തിനപ്പുറം സംഭവങ്ങളുടെ ക്രോഡീകരണമായി പുസ്തകം അനുഭവപ്പെട്ടേക്കാം. പക്ഷേ പുസ്തകത്തിന്റെ ക്രമീകരണം തന്നെ അത്തരത്തില്‍ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സംവിധാനിച്ചിട്ടുള്ളത്.

തന്റെ അച്ഛനാല്‍ സംഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുമ്പോഴും അച്ഛായി തനിക്കെത്രത്തോളം ഇഷ്ടമുള്ളയാളാണെന്ന് ഹാദിയ പറയാന്‍ മടിക്കുന്നില്ല. സ്റ്റേറ്റിന്റെ നിയന്ത്രണത്തിലൂടെയുള്ള വയലന്‍സ് പുസ്തകത്തില്‍ നിന്നും എളുപ്പം വായിച്ചെടുക്കാം. കേരളത്തിന്റെ പൊതുബോധത്തിനപ്പുറം പൊലീസും സര്‍ക്കാറും എത്രമാത്രം ഇസ്‌ലാമോഫോബിക്കാണ് എന്ന് പുസ്തകം വ്യക്തമാക്കുന്നു. പൊലീസ് സേനാവിഭാഗത്തിന്റെ ഉത്തരവാദിത്തം കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങളുടെ ഗൗരവം വ്യക്തിമാക്കി എഴുതിയ കത്തിന് ഒരു മറുപടിയുമുണ്ടായിട്ടില്ല എന്നും ഹാദിയ വെളിപ്പെടുത്തുന്നു.

എത്ര പ്രകടമായാണ് ഒരു പൗരയെ അവരുടെ എല്ലാ മൗലികാവകാശങ്ങളും ഹനിച്ചുകൊണ്ട് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ സ്വന്തം വീട്ടില്‍, റൂമിലടക്കം പൊലീസ് കാവലില്‍ തടങ്കലിലാക്കിയത് എന്ന് അതിന്റെ എല്ലാ ഗൗരവത്തോടും കൂടി പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം. ഇടക്കിടക്ക് സന്ദര്‍ശിക്കേണ്ടി വന്നിരുന്ന നീതിപീഠത്തില്‍ നിന്നും എത്രമാത്രം വിവേചനമാണ് നേരിട്ടതെന്നും പുസ്തകം പറഞ്ഞു വെക്കുന്നു. അതായത്, ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ തവണ താനാരാണെന്നും തന്റെ താമസസ്ഥലവും സഹവാസികളെയുമടക്കം തെളിയിച്ചു കൊടുക്കേണ്ടിയിരിക്കുക എന്ന വൃത്തികെട്ട അവസ്ഥയെ ഹാദിയയുടെ കോടതിയനുഭവത്തില്‍ നിന്നും കണ്ടെത്താന്‍ കഴിയും. വളരെ ശക്തമായിട്ടു തന്നെ പല സന്ദര്‍ഭങ്ങളിലും തനിക്കെന്താണ് വേണ്ടതെന്നും വേണ്ടാത്തതെന്നും വ്യക്തമാക്കിയിട്ടും വീണ്ടും വീണ്ടും വീട്ടുതടങ്കലിലേക്ക് തിരിച്ചയക്കാന്‍ കോടതി വിധിച്ചു എന്നത് കേരളത്തിലെ നീതിപീഠങ്ങള്‍ എത്രമാത്രം ഇസ്‌ലാമോഫോബിക്കാണെന്നതിന് തെളിവാണ്.

വിവാഹാനന്തരം ഒരു ദിവസത്തിന് ശേഷം തന്നെ കോടതിവിധി മൂലം ഒരു വ്യക്തിയുടെ വിവാഹം റദ്ദു ചെയ്യപ്പെടുന്നു. അന്ന് നടന്ന വൃത്തികെട്ട ആ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വേര്‍പിരിയലിനെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്നിനുപുറകെ മറ്റൊന്നായി വ്യക്തി ജീവിതത്തില്‍ സ്റ്റേറ്റ് ഇടപെട്ടു കൊണ്ടിരിക്കുന്നു എന്ന് ഹാദിയയുടെ വീട് നമ്മെ ബോധ്യപ്പെടുത്തുന്നു.

താന്‍ മനസ്സിലാക്കിയ പ്രത്യയശാസ്ത്രത്തിന്‍ പൂര്‍ണ്ണതൃപ്തയായിരുന്നു ഹാദിയ എന്നത് വളരെ വ്യക്തമായി തന്നെ പുസ്തകത്തില്‍ കാണാം. അതിന്റെ എല്ലാ വശങ്ങളെയും രീതികളെയും എത്രമാത്രം തൃപ്തിയോടെയാണവര്‍ പിന്തുടരാനാഗ്രഹിച്ചിരുന്നത് എന്ന് നമുക്ക് വായിച്ചെടുക്കാനാകും. മൃദുല ഭവാനിയെ കടമെടുത്ത് പറഞ്ഞാല്‍ തടവറയില്‍ താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഹാദിയ ആശങ്കപ്പെട്ടിട്ടും ഞെട്ടാത്ത കേരളം ഞെട്ടിയത് ഹാദിയക്ക് തന്റെ വിശ്വാസത്തിലുള്ള ധാര്‍ഢ്യത്തിന് മുന്നിലാണ് എന്നത് വ്യക്തമായൊരു വസ്തുതയാണ്. ഒരു സ്ത്രീയുടെ ഇന്റഗ്രിറ്റിയെയും ഇവിടെ ചര്‍ച്ചയാക്കുന്നുണ്ട്. ഞാനൊരു മുസ്‌ലിമാണ് എന്നതായിരുന്നു അവരുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. പുസ്തകത്തിലും ആവേശപൂര്‍വ്വം അത് രാളമായികാണാം.

തന്റെ സ്വാതന്ത്ര്യത്തെ സ്വയം നിര്‍ണ്ണയിച്ചിട്ടും ബാഹ്യമായ ഘടകങ്ങളുടെ നിയന്ത്രണങ്ങളുടെ അസഹ്യതയും അതിലൂടെയുണ്ടാവുന്ന പ്രതിഷേധവും ഹാദിയയില്‍ നിറഞ്ഞിരുന്നുവെന്ന് നമുക്ക് കാണാം.

സമൂഹം ഏറെ ആകാംക്ഷയോടെ നോക്കിക്കൊണ്ടിരുന്ന ഒന്നായിരുന്നു ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ടു വന്ന കോടതി വിധികള്‍. സ്വന്തം തീരുമാനപ്രകാരം നടന്നൊരു കാര്യമായിട്ടു കൂടി മതേതര നീതിബോധത്തിന് മുന്നില്‍ അതൊരു അസാധാരണ സംഭവമായി മാറി. വിവാഹാനന്തരം ഒരു ദിവസത്തിന് ശേഷം തന്നെ കോടതിവിധി മൂലം ഒരു വ്യക്തിയുടെ വിവാഹം റദ്ദു ചെയ്യപ്പെടുന്നു. അന്ന് നടന്ന വൃത്തികെട്ട ആ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത വേര്‍പിരിയലിനെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഒന്നിനുപുറകെ മറ്റൊന്നായി വ്യക്തി ജീവിതത്തില്‍ സ്റ്റേറ്റ് ഇടപെട്ടു കൊണ്ടിരിക്കുന്നു എന്ന് ഹാദിയയുടെ വീട് നമ്മെ ബോധ്യപ്പെടുത്തുന്നു.

പൊലീസിന് തന്നോടുള്ള സമീപനങ്ങളെ കുറിച്ചും എന്‍.ഐ.എ യുടെ ചോദ്യം ചെയ്യലിനെ കുറിച്ചും ഹാദിയ സംസാരിക്കുന്നുണ്ട്. പത്രം പോലും തനിക്ക് നിഷേധിച്ച സ്‌റ്റേറ്റ് പൊലീസിന്റെ കാവലിനേക്കാള്‍ തന്നെ അസ്വസ്ഥ്യപ്പെടുത്തിയത് എൻ.ഐ.എ യുടെ ചോദ്യം ചെയ്യലായിരുന്നു എന്നവര്‍ പറഞ്ഞു വെക്കുന്നു. കോടതിയിലും ജഡ്ജുമാരടക്കം എങ്ങനെയാണ് തന്നോട് പെരുമാറിയതെന്ന് അവര്‍ അടയാളപ്പെടുത്തുന്നുണ്ട്. വിഷയത്തില്‍ വളരെയധികം കടുംപിടുത്തം നടത്തിയിരുന്ന എൻ.ഐ.എ യാണ് There is No Jihad, Only Love Existing in Kerala എന്ന് ഫൈനല്‍ റിപ്പോര്‍ട്ട് കൊടുത്തത്.

ഓരോ കോടതി വാദങ്ങളും ഹാദിയയെ എത്രത്തോളമാണ് ക്രിമിനലും രാജ്യദ്രോഹിയുമൊക്കെയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് കാണാം. ഹാദിയയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലും അവരുടെ സഞ്ചാര സ്വാതന്ത്ര്യമടക്കം നിഷേധിക്കുന്നതിലും കുടുംബത്തിനും പിതാവിനും പിതാവിനും പൂര്‍ണ്ണ പിന്തുണ നല്‍കിയത് കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും തന്നെയാണ്. മാധ്യമങ്ങളും ഒരു പരിധി വരെ കോടതിയും അതിന് കൂട്ടു നില്‍ക്കുകയാണുണ്ടായത്.

അവസാന പരിശ്രമമെന്നോണം നടന്ന നിരാഹാരങ്ങളെയും പുസ്തകം ചര്‍ച്ച ചെയ്യുന്നു. തന്റെ അവസ്ഥയെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലൂടെ പുറംലോകത്തെത്തിക്കാന്‍ ആ വീട്ടിനുള്ളില്‍ ഹാദിയ ഒറ്റക്ക് പരിശ്രമിച്ചു കൊണ്ടേയിരിക്കുമായിരുന്നുവെന്ന് കാണാം. പുറംലോകവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഓരോ ചെറിയ സാഹചര്യത്തിലും തന്റെ മുസ്‌ലിം സ്വത്വത്തെ സുന്ദരവും ശക്തവുമായി പ്രതിനിധീകരിക്കപ്പെടാന്‍ ഹാദിയ ഓരോ തവണയും ജാഗ്രതയോടെ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീ സ്വത്വത്തെ ശക്തമായി പ്രകടമാക്കുന്ന തട്ടത്തെ എത്ര ഗൗരവത്തോടെയാണ് അവര്‍ സമീപിക്കുന്നത്.?

ഒരുപാട് ചര്‍ച്ചയാക്കപ്പെട്ട വിഷയത്തിന്റെ വ്യക്തമായ വര്‍ത്തമാനങ്ങളാണ് ഹാദിയ തന്റെ പുസ്തകത്തിലൂടെ പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുന്നത്. പുസ്തകത്തിന്റെ അവതാരിക എഴുതിയ തേജസ് എഡിറ്റര്‍ എന്‍.പി ചെക്കുട്ടിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ എങ്ങനെയാണ് കേരളീയ സമൂഹം ഹാദിയയെയും അവളുടെ ജീവിതകഥയെയും സമീപിക്കുന്നത് എന്നുള്ളത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല, ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണത്. ഒരു പക്ഷേ ഹാദിയയുടെ ജീവിതകഥ ഇപ്പോള്‍ പുറത്തു വരുന്നത് ഈ വിഷയത്തില്‍ സമൂഹത്തിനൊരു പുനഃപരിശോധന നടത്താന്‍ സഹായകമായേക്കാം. അവര്‍ അന്വേഷിച്ചു കൊണ്ടേയിരുന്ന ഒന്നില്‍ എത്തുന്നതോടെയാണ് പുസ്തകം അവസാനിക്കുന്നത്. താനൊരു മുസ്‌ലിമാണെന്ന സാക്ഷ്യപ്പെടുത്തലോടെ... കൂടെ നിന്നവര്‍ക്കുള്ള നന്ദി വാക്കുകളോടെ...

TAGS :

Next Story