Quantcast

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടന്നാൽ ബി.ജെ.പിക്ക് അധികാരം നിലനിർത്താൻ ബുദ്ധിമുട്ടാകും: മായാവതി

കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും എല്ലാ ഫെഡറൽ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും മായാവതി

MediaOne Logo

Web Desk

  • Published:

    9 May 2024 3:29 AM GMT

Mayawati
X

മായാവതി

ലഖ്‍നൗ: ബി.ജെ.പിയുടെ പൊള്ളയായ ഉറപ്പ് ജനങ്ങൾക്ക് കാണാൻ കഴിയുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടന്നാൽ കേന്ദ്രത്തിൽ ഭരണം നിലനിർത്തുന്നത് ഭരണകക്ഷിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോൺഗ്രസിനെപ്പോലെ ബി.ജെ.പിയും എല്ലാ ഫെഡറൽ അന്വേഷണ ഏജൻസികളെയും രാഷ്ട്രീയവൽക്കരിച്ചുവെന്ന് ഇപ്പോൾ തോന്നുന്നുവെന്നും മായാവതി പറഞ്ഞു. "ഇത്തവണ ബി.ജെ.പി.യുടെ നാടകങ്ങളും വാക്ചാതുര്യങ്ങളും നടക്കാൻ പോകുന്നില്ല, കാരണം അവർ നൽകിയ വാഗ്ദാനങ്ങളുടെ നാലിലൊന്ന് പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. സർക്കാർ ജോലികളിൽ ദലിതർക്കും ആദിവാസികൾക്കും മറ്റ് പിന്നോക്കക്കാർക്കും ഉള്ള ക്വാട്ട വർഷങ്ങളായി പാലിക്കപ്പെട്ടില്ല.സ്വകാര്യവൽക്കരണ നയം കാരണം, ഈ വിഭാഗങ്ങളിൽ വളരെ കുറച്ച് പേർക്ക് മാത്രമേ രാജ്യത്ത് സംവരണത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നുള്ളൂ'' ബി.എസ്.പി അധ്യക്ഷ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ബിജെപി അധികാരത്തിൽ വന്നതു മുതൽ രാജ്യത്തെ കർഷകർ ബുദ്ധിമുട്ടിലാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലാണ്.എന്നാൽ അവരുടെ ജാതി, മുതലാളി, സങ്കുചിത, വർഗീയ, ദുരുദ്ദേശ്യപരമായ നയങ്ങളും വാക്കിലും പ്രവൃത്തിയിലും ഉള്ള വ്യത്യാസവും ഇത്തവണ ദോഷകരമായി ബാധിക്കും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുകയും വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കാതിരിക്കുകയും ചെയ്താൽ, ബി.ജെ.പി എളുപ്പത്തിൽ അധികാരത്തിൽ വരാൻ പോകുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു.'' മായാവതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുസ്‍ലിം സമുദായത്തിൽപ്പെട്ടവർ പീഡിപ്പിക്കപ്പെടുകയാണെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.കേന്ദ്രത്തിൽ ബി.എസ്.പി സർക്കാർ രൂപീകരിച്ചാൽ അത് നിർത്തലാക്കുമെന്നും ബി.ജെ.പി സർക്കാർ ബ്രാഹ്മണരെ പീഡിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

“ബി.എസ്.പി ഒഴികെ, മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയും വൻകിട മുതലാളിമാരിൽ നിന്ന് ഇലക്ടറൽ ബോണ്ടുകൾ വഴി ധാരാളം പണം കൈപ്പറ്റിയിട്ടുണ്ട്.ബഹുജൻ സമാജ് പാർട്ടി ഒരു മുതലാളിയിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല.മുൻ കാലത്തെപ്പോലെ, ഇപ്പോഴത്തെ ബി..ജെപി സർക്കാരിന് കീഴിൽ രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്.അഴിമതി അവസാനിച്ചിട്ടില്ല, അതിർത്തികൾ പൂർണ്ണമായും സുരക്ഷിതമല്ല. ഇവയും വളരെ ആശങ്കാജനകമായ വിഷയങ്ങളാണ്, ”മായാവതി വ്യക്തമാക്കി.


TAGS :

Next Story