Quantcast

പ്രജ്വൽ രേവണ്ണ ജർമനിയിലേക്കു കടന്നു; കർണാടകയിൽ എൻ.ഡി.എ സഖ്യത്തെ പിടിച്ചുകുലുക്കി സെക്‌സ് ടേപ്പ് വിവാദം

വീട്ടുജോലിക്കാരികളും സർക്കാർ ജീവനക്കാരികളും ഉൾപ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണു പുറത്തായിരിക്കുന്നത്‌

MediaOne Logo

Web Desk

  • Updated:

    2024-04-28 15:42:33.0

Published:

28 April 2024 3:40 PM GMT

Sex tape controversy puts NDA and JDS on defense in Karnataka, as Deve Gowdas grandson and JD(S) MP from Hassan Prajwal Revanna flees country, NDA candidate Prajwal Revanna sex tape controversy, Revanna
X

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ എൻ.ഡി.എ സഖ്യത്തെ പ്രതിരോധത്തിലാക്കി കർണാടകയിലെ സെക്‌സ് ടേപ്പ് വിവാദം. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസനിലെ ലോക്‌സഭാ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയാണ് ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. പരാതികളിൽ സംസ്ഥാന വനിതാ കമ്മിഷൻ ഇടപെട്ടതിനു പിന്നാലെ കർണാടക സർക്കാർ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ ജർമനിയിലേക്കു കടന്നിരിക്കുകയാണ് ഹാസനിലെ സിറ്റിങ് എം.പി കൂടിയായ രേവണ്ണ.

പ്രജ്വലിനു പുറമെ അച്ഛനും ഹോലെനാർസിപുര എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ലൈംഗിക പരാതികൾ ഉയർന്നിട്ടുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന 47കാരിയാണ് ആദ്യമായി പരാതിയുമായി രംഗത്തെത്തിയത്. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേർന്ന് ബലാത്സംഗം ചെയ്യുകയും വിഡിയോ പകർത്തുകയും ചെയ്‌തെന്നാണു പരാതിയിലുള്ളത്.

വീട്ടുജോലിക്കു ചേർന്ന് നാലാം മാസം തന്നെ രേവണ്ണ നിരന്തരം ഫോണിൽ വിളിച്ചു റൂമിൽ വരാൻ നിർബന്ധിക്കുമായിരുന്നുവെന്നു പരാതിക്കാരി പറയുന്നു. ആ സമയത്ത് ആറു സ്ത്രീ തൊഴിലാളികളാണു വീട്ടിലുണ്ടായിരുന്നത്. പ്രജ്വൽ രേവണ്ണ വീട്ടിലെത്തിയാൽ എല്ലാവരും ഭീതിയിലാകും. വീട്ടിലുള്ള പുരുഷന്മാരായ ജീവനക്കാർ സൂക്ഷിക്കണമെന്ന് എല്ലായ്‌പ്പോഴും സ്ത്രീകൾക്കു മുന്നറിയിപ്പ് നൽകാറുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് വീട്ടുജോലിക്കാരികളിൽ ആരെയെങ്കിലും സ്‌റ്റോർ റൂമിലേക്കു വിളിക്കും. എന്നിട്ടു അവിടെയുള്ള പഴങ്ങൾ എടുത്തുകൊടുത്ത് രഹസ്യഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങും. പതുക്കെ സാരി അഴിപ്പിച്ച് ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പരാതിയിൽ തുടരുന്നു. മകളുമായി ഫോണിലും അശ്ലീലചാറ്റിങ് നടത്തുമായിരുന്നു. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.

രേവണ്ണയുടെ സ്ഥിതി ഇതാണെങ്കിൽ നൂറുകണക്കിനു സ്ത്രീകള ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ പരാതി. ഇയാൾ നിരവധി സ്ത്രീകളുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തായിരുന്നു. സ്ത്രീകളുടെ എതിർപ്പ് വകവയ്ക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും എല്ലാം വിഡിയോയിൽ പകർത്തുകയുമാണ് പ്രജ്വലിന്റെ പരിപാടിയെന്നാണ് പരാതികളിൽ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് പ്രജ്വൽ രണ്ടാം തവണയും ജനവിധി തേടുന്ന ഹാസനിൽ ഉൾപ്പെടെ വിഡിയോകൾ പുറത്തായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുംമുൻപ് തന്നെ പ്രജ്വലിനെ സ്ഥാനാർഥിയാക്കരുതെന്ന് ഒരു ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് 'ന്യൂസ് മിനുട്ട്' റിപ്പോർട്ട് ചെയ്യുന്നത്. 2023ൽ രേവണ്ണയ്‌ക്കെതിരെ ഹോലെനാർസിപുരയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച ജി. ദേവരാജ ഗൗഡയാണ് പ്രജ്വലിനെതിരായ ലൈംഗിക പീഡന പരാതികൾ ചൂണ്ടിക്കാട്ടി സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ വിജയേന്ദ്രയ്ക്ക് കത്തെഴുതിയത്. ദേവഗൗഡ കുടുംബത്തിനെതിരെ ഗുരുതരമായ ലൈംഗികപീഡന പരാതികൾ നിലനിൽക്കുന്നുണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാരികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ 2,976 രഹസ്യ വിഡിയോകൾ അടങ്ങിയ പെൻഡ്രൈവ് തനിക്കു ലഭിച്ചിട്ടുണ്ട്. ഇത് ചില ദേശീയ കോൺഗ്രസ് നേതാക്കളുടെയും കൈയിലെത്തിയിട്ടുണ്ട്. സ്ത്രീകളെ നിരന്തരം ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കാനായി ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയാണ് പ്രജ്വൽ രേവണ്ണ ഉൾപ്പെടെ ഈ വിഡിയോകൾ പകർത്തി സൂക്ഷിച്ചിരുന്നതെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി.

ഹാസനിൽ പ്രജ്വലിനെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ അതു പ്രതിപക്ഷത്തിന്റെ ബ്രഹ്‌മാസ്ത്രമാകുമെന്നും ബി.ജെ.പി ഉൾപ്പെടെ അതിന്റെ കളങ്കം ഏറ്റെടുക്കേണ്ടിവരുമെന്നും ദേവരാജ ഗൗഡ മുന്നറിയിപ്പ് നൽകി.

ബി.ജെ.പിയിൽനിന്നുള്ള എതിർപ്പുകൾ മറികടന്നും പ്രജ്വലിനെ വീണ്ടും ഹാസനിൽ തന്നെ നിർത്തുകയായിരുന്നു ജെ.ഡി.എസ്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലെത്തിയതോടെ വിവാദ വിഡിയോകൾ പുറത്താകുകയും ചെയ്തു. ഇതോടെയാണ് കർണാടക വനിതാ കമ്മിഷൻ അധ്യക്ഷ പരാതികളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതിയത്. പ്രതിഷേധവുമായി സ്ത്രീ സംഘടനകളും രംഗത്തെത്തി. പിന്നാലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ(എസ്.ഐ.ടി) അന്വേഷണ ചുമതല ഏൽപിച്ച് സർക്കാർ ഉത്തരവും പുറത്തിറങ്ങി.

കഴിഞ്ഞ ദിവസം ഹാസനിൽ ഉൾപ്പെടെ വോട്ടെടുപ്പ് പൂർത്തിയായതോടെ പ്രജ്വൽ ഫ്രാങ്ക്ഫർട്ടിലേക്കു കടന്നിരിക്കുകയാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നിലനിൽക്കെയാണ് വിമാനത്താവളം വഴി ഇയാൾ നാടുവിട്ടിരിക്കുന്നത്.

Summary: Sex tape controversy puts NDA and JDS on defense in Karnataka, as Deve Gowda's grandson and JD(S) MP from Hassan Prajwal Revanna flees country

TAGS :

Next Story