Quantcast

'കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകൾക്കായി'; ചാനൽ ചർച്ചയിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി വക്താവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് അവർ കേരളത്തെ വ്യാജമായി ഉദാഹരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-04-28 07:59:54.0

Published:

28 April 2024 7:50 AM GMT

കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകൾക്കായി; ചാനൽ ചർച്ചയിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി വക്താവ്
X

ന്യൂഡൽഹി: കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാ​ഗവും മുസ്‌ലിംകൾക്ക് വേണ്ടിയാണ് ഉപയോ​ഗിക്കുന്നതെന്ന പച്ചക്കള്ളം ചാനൽ ചർച്ചയിലൂടെ പ്രചരിപ്പിച്ച് ബിജെപി വക്താവ് സഞ്ജു വർമ. ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് അവർ കേരളത്തെ വ്യാജമായി ഉദാഹരിച്ചത്.

അഞ്ച് ദേവസ്വം ബോർഡുകൾ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകൾ നേർച്ച നൽകുന്ന മംഗല്യസൂത്രമുൾപ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിൻ്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കൾക്ക് വേണ്ടിയല്ല- എന്നായിരുന്നു സഞ്ജു വർമയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവർ അവകാശപ്പെട്ടു.

സഞ്ജു വർമ ചാനൽ ചർച്ചയിൽ പറഞ്ഞത്- 'ഗുരുവായൂർ, തിരുവിതാംകൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വം ബോർഡ്, കൊച്ചി എന്നിങ്ങനെ കേരളത്തിൽ അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുൽ റഹ്മാൻ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വർഷവും ഈ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിൻ്റെ- (അവയിൽ ഭൂരിഭാ​ഗവും നൽകുന്നത് ഹിന്ദു സ്ത്രീകളാണ്, അവർ വളകളും മാളകളും മം​ഗൽസൂത്രമുൾപ്പെടെ നൽകുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കൾക്ക് വേണ്ടിയല്ല'.

'നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോൾ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മൾ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു'- സഞ്ജു വർമ നുണ ആവർത്തിച്ചു.

നേരത്തെ, സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും വരുമാനം കണ്ടാണ് ഈ നീക്കമെന്നുമുള്ള ആരോപണവുമായി സുപ്രിംകോടതി ജസ്റ്റിസ് ഇന്ദു മൽഹോത്രയും രംഗത്തെത്തിയിരുന്നു. എന്നാൽ അന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും മുമ്പ് സംഘ്പരിവാർ ഈ പ്രചരണം നടത്തിയപ്പോൾ അന്നത്തെ ദേവസ്വം മന്ത്രി വി.എസ് ശിവകുമാറും ഇത് നിഷേധിച്ചും സത്യം വ്യക്തമാക്കിയും രംഗത്തെത്തിയിരുന്നു.

ഇന്ദു മല്‍ഹോത്രയയുടെ പരാമര്‍ശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും ക്ഷേത്ര വരുമാനത്തിൽനിന്ന് സര്‍ക്കാര്‍ ഒരു രൂപ പോലും എടുക്കുന്നില്ലെന്നും 2022 ആ​ഗസ്റ്റിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയില്‍ പറഞ്ഞിരുന്നു. 'കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കുന്നു എന്നും വരുമാനം ലക്ഷ്യമിടുന്നു എന്നും പറഞ്ഞത് അടിസ്ഥാന രഹിതമാണ്. അഞ്ച് ദേവസ്വം ബോര്‍ഡുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് മാത്രമല്ല ക്ഷേത്രങ്ങളെയും ദേവസ്വം ബോര്‍ഡുകളേയും സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോവിഡ് കാലത്ത് ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ 450 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്'- അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കവർന്നെടുക്കുന്നതായും ഇത് മറ്റുപല കാര്യങ്ങളും ഉഫയോഗിക്കുന്നതായും സംഘ്പരിവാർ പ്രവർത്തകർ കേരളമാകെ പ്രചാരണം നടത്തുന്നത് സംബന്ധിച്ച് വി.ഡി സതീശൻ സഭയിൽ സബ്മിഷൻ ഉന്നയിക്കുകയും ഇതിന് ഉമ്മൻചാണ്ടി സർക്കാരിലെ ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ മറുപടി നൽകുകയും ചെയ്തിരുന്നു.

'സംസ്ഥാനത്തെ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വരുമാനം ട്രഷറിയിൽ നിക്ഷേപിച്ച് മറ്റുപല ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നുവെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതത് ദേവസ്വം ബോർഡുകളുടെ ബാങ്ക് അക്കൗണ്ടിലേക്കും മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങൾ അതത് ക്ഷേത്രങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുമാണ് നിക്ഷേപിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഹൈക്കോടതി നിയോഗിക്കുന്ന ഓഡിറ്റർമാരാണ്'- എന്നാണ് വി.എസ് ശിവകുമാർ വ്യക്തമാക്കിയത്.

'മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെയും കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങളുടേയും വരവ് ചെലവ് കണക്കുകൾ ലോക്കൽ ഫണ്ട് ഡിപ്പാർട്ട്‌മെന്റാണ് നിർവഹിക്കുന്നത്. ദേവസ്വം ബോർഡുകളുടെയും ക്ഷേത്രങ്ങളുടേയും ഓഡിറ്റ് റിപ്പോർട്ടുകൾ പബ്ലിക് ഡോക്യുമെന്റായതിനാൽ ഇവ പരിശോധിച്ചാൽ ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രങ്ങൾക്കുവേണ്ടി മാത്രമാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാകും'- എന്നും അദ്ദേഹം വിശദമാക്കിയിരുന്നു. ഇതൊക്കെയാണ് യാഥാർഥ്യം എന്നിരിക്കെയാണ് ക്ഷേത്ര വരുമാനം സംബന്ധിച്ച് വീണ്ടും നുണ പ്രചരണവുമായി ബിജെപി നേതാക്കൾ രം​ഗത്തെത്തുന്നത്.


TAGS :

Next Story