Quantcast

എന്‍ഡിഎയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ

പട്ടേലിനെതിരെ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 March 2024 6:14 AM GMT

Praful Patel
X

പ്രഫുല്‍ പട്ടേല്‍

ഡല്‍ഹി: എന്‍ഡിഎയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. എയർ ഇന്ത്യക്ക് വിമാനം പാട്ടത്തിനെടുത്തതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസാണ് അവസാനിപ്പിച്ചത് . എട്ടു മാസത്തിനു മുന്‍പാണ് പട്ടേല്‍ എൻഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നത്. പട്ടേലിനെതിരെ 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി.ബി.ഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

എയർ ഇന്ത്യക്കും ഇന്ത്യൻ എയർലൈൻസിനും വേണ്ടി 70,000 കോടി മുടക്കി 110 വിമാനങ്ങൾ പാട്ടത്തിനെടുത്തതിലാണ് അഴിമതിയാരോപണം ഉയർന്നത്. യു.പി.എ സർക്കാരിൽ വ്യോമയാന മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. കൂടുതൽ വിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോർട്ട് തള്ളിയാണ് പട്ടേൽ മന്ത്രിയായിരിക്കെ വിമാനങ്ങൾ പാട്ടത്തിനെടുത്തത്.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. വലിയ തോതിലുള്ള വിമാനം ഏറ്റെടുക്കലും വിദേശ വിമാനങ്ങള്‍ അടക്കം നിരവധി വിമാനങ്ങള്‍ വലിയ നഷ്ടത്തില്‍ ഓടുന്നതും കാരണമാണ് എയര്‍ ഇന്ത്യക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എന്‍എല്‍ഐഎലും (നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) ചേര്‍ന്ന് വിമാനങ്ങള്‍ പാട്ടത്തിനെടുത്തതെന്ന് എഫ്ഐആറില്‍ സിബിഐ സൂചിപ്പിച്ചിരുന്നു.

'സ്വകാര്യ വ്യക്തികള്‍ക്ക് നേട്ടമുണ്ടാകാന്‍ 2006ല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് എയര്‍ ഇന്ത്യ നാല് ബോയിങ് 777 വിമാനം പാട്ടത്തിനെടുത്തു. 2007ല്‍ എയര്‍ ഇന്ത്യക്ക് സ്വന്തം വിമാനം നല്‍കാനിരിക്കെയായിരുന്നു ഇത്. ഇതിന്‍റെ ഫലമായി അഞ്ച് ബോയിങ് 777, അഞ്ച് ബോയിങ് 737ഉം കാരണം 2077-2009 വര്‍ഷം 840 കോടി നഷ്ടമാണ് വരുത്തിവച്ചത്'', സി.ബി.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡൽഹിയിലെ പ്രത്യേക കോടതിയിലാണ് സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത്. പ്രത്യേക ജഡ്ജി പ്രശാന്ത് കുമാർ അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് നൽകിയിരുന്നു. അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം റിപ്പോർട്ട് സ്വീകരിക്കണോ അതോ അന്വേഷണം തുടരണോ എന്ന് കോടതി തീരുമാനിക്കും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എന്‍സിപി പിളര്‍ത്തി അജിത് പവാറിനൊപ്പം മറുകണ്ടം ചാടിയ നേതാക്കളിലൊരാളായിരുന്നു പ്രഫുല്‍ പട്ടേല്‍. ശരദ് പവാറിന്‍റെ വിശ്വസ്തനായിരുന്നു പട്ടേല്‍. പ്രഫുലിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതും പവാറായിരുന്നു.

TAGS :

Next Story