Quantcast

200ൽ 212 മാർക്ക്; ‘ഗുജറാത്ത് മോഡലി’ൽ അന്തംവിട്ട് വിദ്യാർഥി

മാർക്ക് കൂട്ടുന്നതിൽ പിഴവ് വരുത്തിയ 9218 അധ്യാപകർക്ക് പിഴ ചുമത്തി ഗുജറാത്ത് സർക്കാർ

MediaOne Logo

Web Desk

  • Published:

    8 May 2024 6:35 AM GMT

gujarat marksheet
X

അഹമ്മദാബാദ്: മാർക്ക് ഷീറ്റ് കയ്യിൽ ലഭിച്ചപ്പോൾ അന്തംവിട്ടിരിക്കുകയാണ് ഗുജറാത്തിലെ വിദ്യാർഥിയും കുടുംബവും. പരമാവധി 200 മാർക്ക് ലഭിക്കേണ്ടയിടത്ത് മാർക്ക് ഷീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 211ഉം 212ഉം മാർക്ക്.

ഫോർത്ത് ​ഗ്രേഡ് വിദ്യാർഥി വൻഷിബെൻ മനീഷ്ഭായാണ് അധിക മാർക്ക് നേടി വാർത്തകളിൽ ഇടംപിടിച്ചത്. ഗുജറാത്തി, കണക്ക് എന്നീ വിഷയങ്ങളിലാണ് യഥാക്രമം 211ഉം 212ഉം മാർക്ക് ലഭിച്ചത്.

അതേസമയം, പിഴവ് സംഭവിച്ചതാണെന്നും മാർക്ക് തിരുത്തിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു. തുടർന്ന് വിദ്യാർഥിക്ക് പുതുക്കിയ മാർക്ക് ഷീറ്റ് ലഭിക്കുകയും ചെയ്തു. ഇതിൽ ഗുജറാത്തിയിൽ 191ഉം കണക്കിന് 190ഉം മാർക്ക് ആണ് നൽകിയിട്ടുള്ളത്. മറ്റു വിഷയങ്ങളിലെ മാർക്കിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

നേരത്തേ 1000ൽ 956 മാർക്കാണ് ആകെ ഉണ്ടായിരുന്നത്. അത് 934 ആയി കുറഞ്ഞു. വിദ്യാർഥിനിക്ക് ഗുജറാത്തി, കണക്ക്, എൻവിയോൺമെന്റ്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ എല്ലാ വിഷയത്തിലും എ ഗ്രേഡ് ഉണ്ട്.

93.40 ശതമാനം മാർക്ക് ലഭിച്ചതിന്റെ സന്തോഷം വീട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് തെറ്റ് കണ്ടെത്തുന്നത്. സംഭവം പുറത്തറിഞ്ഞയുടൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പിശക് കണ്ടെത്താൻ നടപടി ആരംഭിച്ചു. കൂടാതെ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മാർക്ക് ഷീറ്റ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പലരും വിമർശനവുമായി രംഗത്തുവന്നു. 200ൽ 211 മാർക്ക് കിട്ടുന്നതാണോ ഗുജറാത്ത് മോഡൽ എന്ന് നെറ്റിസൺസ് ചോദിക്കുന്നു.

ഗുജറാത്തിൽ സ്കൂൾ മാർക്കുമായി ബന്ധപ്പെട്ട പിഴവുകൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ വിദ്യാർഥികൾക്കുള്ള ഗ്രേഡിൽ പിഴവ് വരുത്തിയതിന് രണ്ട് വർഷത്തിനിടെ 9000ത്തിലധികം അധ്യാപകർക്കാണ് പിഴ ചുമത്തിയത്. ഗുജറാത്ത് നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2022നും 2023നും ഇടയിൽ 10-ാം ക്ലാസിലെ 3,350ഉം 12-ാം ക്ലാസിലെ 5,868 ഉം ഉൾപ്പെടെ 9,218 അധ്യാപകർ കണക്ക് കൂട്ടുന്നതിൽ പിഴവ് വരുത്തിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോർ പറഞ്ഞു. കോൺഗ്രസ് എം.എൽ.എ കിരിത് പട്ടേലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 1.54 കോടി രൂപയാണ് ഈ ഇനത്തിൽ അധ്യാപകരിൽ നിന്ന് സർക്കാർ പിഴ ചുമത്തിയത്.

TAGS :

Next Story