Quantcast

അല്‍ഷിമേഴ്സിനെ തടയാം...അപകട സാധ്യത കുറയ്ക്കാം

തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനങ്ങളുടെ നഷ്ടം മൂലമുണ്ടാകുന്ന ഒരു ക്ലിനിക്കല്‍ സിന്‍ഡ്രോമാണ് ഡിമെന്‍ഷ്യ

MediaOne Logo
alzheimer
X

പ്രതീകാത്മക ചിത്രം

തലച്ചോറിലെ വൈജ്ഞാനിക പ്രവർത്തനങ്ങളുടെ നഷ്ടം മൂലമുണ്ടാകുന്ന ഒരു ക്ലിനിക്കല്‍ സിന്‍ഡ്രോമാണ് ഡിമെന്‍ഷ്യ. യഥാര്‍ത്ഥത്തില്‍ ഇത് മറവിരോഗം മാത്രമല്ല, അത് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രോഗാവസ്ഥ കൂടിയാണ്. മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യയുടെ ഏറ്റവും സാധാരണമായ കാരണം അല്‍ഷിമേഴ്സ് രോഗമാണ്, പ്രത്യേകിച്ച് മധ്യവയസ്കരിലും വാര്‍ദ്ധക്യാവസ്ഥയിലുള്ളവരിലും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ അല്‍ഷിമേഴ്സ് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. കണക്കുകളനുസരിച്ച്, ലോകമെമ്പാടുമായി 47.5 ദശലക്ഷം ആളുകൾ ഡിമെന്‍ഷ്യ ബാധിതരാണ്. ജനസംഖ്യയിൽ വയോജനങ്ങളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ, അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം ലോകമൊട്ടാകെ ഇരട്ടിയാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, 2050ന്‍റെ അവസാനത്തോടെ ഈ കണക്കുകൾ 135.5 ദശലക്ഷമായി ഉയരും.

തടയാം/ അപകടസാധ്യത കുറയ്ക്കാം

പ്രമേഹം, രക്തസമ്മർദ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ്, മിഡ്-ലൈഫ് ഹൈപ്പർ ടെൻഷൻ, ട്രോമാ, സമ്മർദ്ദം, വിഷാദം, അമിതവണ്ണം, കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് തുടങ്ങിയവ ഡിമെൻഷ്യയിലേക്ക് നയിക്കുന്നു. രക്തത്തിൽ ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിന്‍റെ അളവ് കൂടുന്നതും വൈകിയുള്ള ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി6, ബി12 എന്നിവയുടെ സംയോജനം ഫലപ്രദമാണ്.

ചിട്ടയായ വ്യായാമം നമ്മുടെ തലച്ചോറിനെ ആരോഗ്യകരവും മൂർച്ചയുള്ളതുമായി നിലനിർത്താൻ സഹായിക്കുകയും വൈജ്ഞാനിക പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ കൃത്യമായ ഉറക്കശീലം ഒരു പരിധി വരെ ഡിമെന്‍ഷ്യയെ പ്രതിരോധിക്കുന്നു. ചില അണുബാധകൾ ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹെർപ്പസ് വൈറസ് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 അല്ലെങ്കിൽ വരിസെല്ല-സോസ്റ്റർ വൈറസ് പോലുള്ള അണുബാധകൾ വൈകിയുള്ള ഡിമെൻഷ്യയുടെ സാധ്യത വർധിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ആൻറിവൈറൽ മരുന്നുകൾ ഫലപ്രദമാണ്.

മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കുറഞ്ഞ അളവിൽ മാംസാഹാരം, മത്സ്യം എന്നിവ ഉൾപ്പെടുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമമാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഒബ്സ്ട്രക്റ്റീവ് സ്‌ലീപ് അപ്നിയ (ഒഎസ്എ) തുടങ്ങിയ അസുഖങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായി ചികിൽസിക്കുന്നതിലൂടെ, അൽഷിമേഴ്സിന്‍റെ പുരോഗതി തടയുന്നതിനും രോഗാരംഭത്തെ വൈകിപ്പിക്കുന്നതിനും സാധിക്കും. അനുദിനം മാറിയേക്കാവുന്ന മറ്റ് പ്രധാന ഘടകങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതും രോഗികളുടെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.

ഡോ. കൃഷ്ണശ്രീ കെ.എസ്

അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റ്

ന്യൂറോളജി വിഭാഗം

കിംസ്‌ ഹെല്‍ത്ത് തിരുവനന്തപുരം

TAGS :

Next Story