Quantcast

ഉറക്കംതൂങ്ങികൾ കരുതണം; അസുഖം വരാനുള്ള ലക്ഷണമാണ്

21ാം നൂറ്റാണ്ടിലാണ് ചരിത്രത്തിലേറ്റവും ഉറക്കക്കുറവെന്ന് പഠനം

MediaOne Logo

Web Desk

  • Published:

    15 March 2024 8:38 AM GMT

ഉറക്കംതൂങ്ങികൾ കരുതണം;   അസുഖം വരാനുള്ള ലക്ഷണമാണ്
X

പല തരം ഉറക്കക്കാരെ നമ്മൾക്കറിയാം. രാത്രി നേരത്തെ കിടന്ന് അതിരാവിലെ എണീക്കുന്നവർ, രാത്രി ഉറങ്ങാതെ പകൽ മുഴുവൻ ഉറക്കം തൂങ്ങുന്നവർ, ഏത് ബഹളത്തിനിടയിലും എവിടെയും കിടന്ന് ഉറങ്ങാൻ കഴിവുള്ളവർ എന്നിങ്ങനെ നീളുന്നു ഉറക്കക്കാരുടെ ലിസ്റ്റ്. ഏത് തരത്തിലുള്ള ഉറക്കക്കാരാണെങ്കിലും ഉറക്കത്തിന്റെ അളവും ഗുണമേന്മയും കൃത്യമായി കിട്ടിയില്ലെങ്കിൽ പ്രശ്‌നമാണ്. മനുഷ്യചരിത്രത്തിൽ തന്നെ ഏറ്റവും ഉറക്കമില്ലാത്ത കാലഘട്ടമാണ് 21ാം നൂറ്റാണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. വർധിച്ചുവരുന്ന അസുഖങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ പലപ്പോഴും തഴയപ്പെടുന്ന കാര്യങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഉറക്കം നഷ്ടപ്പെട്ടാൽ സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ ലോക ഉറക്കദിനത്തിൽ ഗൗരവമായിത്തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവുമധികം ഉറങ്ങുന്ന ജീവികളിലൊന്നാണ് മനുഷ്യൻ. ശരീരത്തിലെ അവയവങ്ങൾക്കും പ്രധാനമായി തലച്ചോറിനും ഉറക്കം എന്ന വിശ്രമം അനിവാര്യമാണ്.

ഉറക്കക്കുറവ് ഏറ്റവും പെട്ടന്ന് ബാധിക്കാൻ സാധ്യതയുള്ള അവയവം ഹൃദയമാണ്. ഉറങ്ങുമ്പോൾ ശരീരം വിശ്രിക്കുകയാണെന്നതിനാൽ രക്തസമ്മർദ്ദം വളരെ കുറവായിരിക്കും. ഇത് ഹൃദയത്തിന് ലഭിക്കുന്ന വിശ്രമസമയമാണ്. ശരാശരി മനുഷ്യന്റെ ഹൃദയമിടിപ്പ് 60 മുതൽ 100 വരേയാണെന്നിരിക്കെ ഉറക്കത്തിൽ ഇത് 40 മുതൽ 50 വരേയായി കുറയാറുണ്ട്. എന്നാൽ ഉറങ്ങാതെ ഇരിക്കുന്ന ഒരാൾ ഹൃദയത്തെ കൂടുതൽ പ്രവർത്തിപ്പിക്കുകയും ക്രമേണ അമിത മിടിപ്പുകളിലൂടെ ഹൃദയ പേശികളുടെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഭാവിയിൽ ഹൃദേൃാഗ സംബന്ധമായ അസുഖങ്ങൾ വിളിച്ചുവരുത്തും.

ശ്വാസകോശത്തിനാണ് രണ്ടാമത് അസുഖങ്ങൾ വരാൻ സാധ്യതയുള്ളത്. മിനിറ്റിൽ 12 മുതൽ 20 തവണയാണ് ശരാശരി മനുഷ്യൻ ശ്വാസമെടുക്കുന്നത്. ഇതും ഉറക്കത്തിനിടെ ഗണ്യമായി കുറയുന്നു. ശ്വാസകോശത്തിനും അധികജോലി ചെയ്യേണ്ടതായി വരുന്നു. കൂടാതെ ശ്വാസകോശത്തിനകത്തെ കഫം പുറന്തള്ളപ്പെടുന്നത് ഉറക്കത്തിനിടെയാണ്. ഉറക്കക്കുറവുള്ളവർക്ക് സ്ഥിരമായി ജലദോഷവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വരാൻ സാധ്യത കൂടുതലാണ്.

മറ്റു പല അവയവങ്ങൾക്കും അസുഖങ്ങൾ വരുമെങ്കിലും ഉറക്കക്കുറവ് ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്ന അവയവം തലച്ചോറ് തന്നെയാണ്. തലച്ചോറിനുള്ള വിശ്രമമാണ് പ്രധാനമായും ഉറക്കം. ഉറക്കക്കുറവ് തലച്ചോറിലെ ന്യൂറോണുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പഠനത്തെയും ഓർമശക്തിയേയും നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസാണ് ഇതിൽ ആദ്യ ഇര. ഹിപ്പോകാമ്പസിനെ ഉറക്കക്കുറവ് ബാധിക്കുന്നതോടെ വ്യക്തിയുടെ ദൈനംദിന ജീവിതം ദുസ്സഹമാകുന്നു. അനായാസമായി ചെയ്യാമായിരുന്ന കാര്യങ്ങളിൽ പിഴവ് സംഭവിക്കുക, ദൈനംദിന കാര്യങ്ങൾ മറന്നുപോവുക എന്നിവ ഇവയിൽ ചിലത് മാത്രമാണ്. എക്‌സ്‌റ്റോറിനൽ കോർട്ടക്‌സ് എന്ന ഭാഗത്തിനെയും ഉറക്കക്കുറവ് ബാധിക്കുന്നതോടെ വ്യക്തിക്ക് അൽഷൈമേഴ്‌സ് രോഗം വരാനുള്ള സാധ്യത പതിൻമടങ്ങ് വർധിക്കുകയാണ്.

പ്രിഫോർണ്ടൽ കോർട്ടക്‌സിനെ ഉറക്കക്കുറവ് ബാധിക്കുന്നതോടെ തിരിച്ചറിവിനുള്ള കഴിവ് നഷ്ടപ്പെടുന്ന അസുഖങ്ങൾ വരാൻ സാധ്യത വർധിക്കുന്നു. പ്രൈമറി മോട്ടർ കോർടെക്‌സും പ്രിസെൻട്രൽ ജൈറസും തലച്ചോറിലെ ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളാണ്. ഇവയേയും ഉറക്കുറവ് ക്രമേണ ബാധിക്കുന്നു. ഇത് ചലനപരമായ അസുഖങ്ങൾ വരാൻ കാരണമായേക്കാം.

ഉറങ്ങിയില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല എന്ന് പറയുന്നവർക്കാണ് ഉറക്കക്കുറവ് കൊണ്ട് ഏറ്റവുമധികം പ്രശ്‌നങ്ങൾ വരാൻ പോകുന്നത്. മധ്യവയസ്സാകുന്നതോടെ ഉറക്കക്കുറവ് അവരെ ഗുരുതരമായിത്തന്നെ ബാധിക്കുന്നു. ശരീരത്തിലെ എല്ലാ ഭാഗങ്ങളും തന്നെ അമിതമായി ജോലി ചെയ്തതിനാൽ അകാലചരമത്തിലേക്ക് ഇവർ എത്തിച്ചേരാനും സാധ്യത കൂടുതലാണ്.

TAGS :

Next Story