Quantcast

ചൂടിനെ ചെറുക്കാൻ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങൾ

ജലാംശം അധികമുള്ള പഴങ്ങൾ ധാരാളമായി ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണം.

MediaOne Logo

Web Desk

  • Updated:

    2024-02-21 16:40:34.0

Published:

21 Feb 2024 4:38 PM GMT

ചൂടിനെ ചെറുക്കാൻ ആഹാരരീതി മാറ്റാം; കഴിക്കാം ഈ ഭക്ഷണങ്ങൾ
X

പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികൾ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കുകയാണു ചെയ്യുന്നത്. അതിനാൽ വിശപ്പു കുറയുകയും ചെയ്യും. അതുകൊണ്ട് ദഹിക്കാൻ എളുപ്പമുള്ള ആഹാരം ശീലമാക്കുകയാണു വേണ്ടത്.

ജലാംശം അധികമുള്ള പഴങ്ങൾ ധാരാളമായി ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണം. തണ്ണിമത്തനാണ് ഇതിന് ഉത്തമ ഉദാഹരണം. തണ്ണിമത്തൻ ദിവസേന കഴിക്കുന്നത് ചൂടിൽ നിന്ന് രക്ഷതരും. തക്കാളി, പാവയ്ക്ക, പടവലം, വെണ്ടയ്ക്ക, വഴുതന, അമരയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉരുളക്കിഴങ്ങ്, കപ്പ, കൂർക്ക, വെളുത്തുള്ളി എന്നിവ മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്.

മാമ്പഴം, വാഴപ്പഴം, മുന്തിരി, ഇളനീർ, ചെറുപഴം എന്നിവയും ദിവസവും കഴിക്കാം. ചൂട് കാലത്ത് ഉണ്ടാകാവുന്ന അതിസാരം, വയറു വേദന എന്നിവയ്‌ക്കെല്ലാം ശമനം നല്‍കുന്നതാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും പഴം സഹായിക്കും.

ചെറുപയർ, ഉഴുന്ന്, തുവരപ്പരിപ്പ് എന്നിവ ചൂടു കുറയ്ക്കും. എന്നാൽ മുതിര, വൻപയർ, എള്ള് എന്നിവ ശരീരത്തിന്റെ ചൂടു കൂട്ടുകയാണ് ചെയ്യുന്നത്. ചൂടുകാലത്ത് മാംസാഹാരവും കൊഴുപ്പേറിയ ആഹാരവും ഫാസ്റ്റ് ഫുഡും കുറയ്ക്കണം. മദ്യം അടക്കം എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം. ഐസ്ക്രീം, ചോക്ലേറ്റ്, ചായ, കാപ്പി, ശീതളപാനീയങ്ങൾ എന്നിവയും പരമാവധി കുറയ്ക്കാം.

ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. തിളപ്പിച്ച വെള്ളം മൺകുടത്തിൽവെച്ച് തണുപ്പിച്ചും കുടിക്കാം. രാമച്ചം, പതിമുകം, ചന്ദനം, നറുനീണ്ടി തുടങ്ങിയവ ചേർന്ന ദാഹശമിനികൾ ചേർക്കുന്നതും ഗുണംചെയ്യും. സംഭാരം, ലസ്സി, ഇളനീർ എന്നിവയും ചൂടകറ്റാൻ സഹായിക്കും. വിയർപ്പ് മൂലമുള്ള ലവണനഷ്ടത്തിനും പരിഹാരമാകും.

തൈരില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുണ്ടാക്കുന്ന മോരിന്‍വെള്ളം മികച്ചൊരു പ്രോബയോട്ടിക്‌സ് ഡ്രിങ്കാണ്. ദഹനപ്രശ്‌നങ്ങള്‍ക്കും വയര്‍വീര്‍ക്കലിനും മലബന്ധത്തിനും ഇത് ഉത്തമപരിഹാരമാണ്. കാലറി കുറഞ്ഞ ഈ പാനീയത്തില്‍ അവശ്യ വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

TAGS :

Next Story