Quantcast

ശരീരമാസകലം അകാരണമായ വേദന, രോഗമുണ്ടെങ്കിലും തിരിച്ചറിയാനാകാത്ത അവസ്ഥ; കൂടുതലും സ്ത്രീകളിൽ

ജീവനക്കാരിൽ കൂടുതലായി കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ് ഫൈബ്രോമയാൽജിയ

MediaOne Logo

Web Desk

  • Published:

    21 Jan 2024 1:39 PM GMT

Fibromyalgia
X

വിട്ടുമാറാത്ത വേദനയാണ് ശരീരം മുഴുവൻ, വിട്ടുമാറാത്ത ക്ഷീണം.. എന്തോ പ്രശ്നമുണ്ടെന്ന് അറിയാം എന്നാൽ, എന്താണ് രോഗമെന്ന് മനസിലാകുന്നില്ല. ഫൈബ്രോമയാൽജിയ (Fibromyalgia) എന്ന രോഗം അധികമാർക്കും സുപരിചിതമായിരിക്കില്ല. ഒരു ഫങ്ഷണൽ സൊമാറ്റിക് സിൻഡ്രോം ആണിത്. ഒരാൾക്ക് രോഗമുണ്ടെന്ന് തോന്നിയാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കാത്ത അവസ്ഥ.

വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക പ്രതികരണം ആണ് ഫൈബ്രോമയാൽജിയ എന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഈ രോഗത്തിന്റെ കൃത്യമായ കാരണം കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ ജോലിസ്ഥലങ്ങളിൽ ആളുകൾ ഫൈബ്രോമയാൽജിയ അനുഭവിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഡെസ്ക് ജോലികൾ ചെയ്യുന്ന സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ സമയവും ഇരുന്ന് ജോലികൾ ചെയ്യുന്ന ജീവനക്കാരിൽ കൂടുതലായി കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ് ഫൈബ്രോമയാൽജിയ. പ്രധാനമായും സ്ത്രീകളെയാണ് ഇത് ബാധിക്കുക. ക്ഷീണം, കാര്യങ്ങൾ മനസിലാകുന്നതിലും ചിന്തിക്കുന്നതിലുമുള്ള അപര്യാപ്തത, മാനസിക രോഗലക്ഷണങ്ങൾ എന്നീ ലക്ഷണങ്ങളാണ് പ്രധാനമായും കൊണ്ടുവരിക. സമീപകാല പഠനങ്ങൾ അനുസരിച്ച് യുഎസിലെ 6.4% ആളുകളിൽ ഈ രോഗം കണ്ടുവരുന്നു.

ഫൈബ്രോമയാൾജിയ ഉള്ള രോഗികൾ പലപ്പോഴും കേന്ദ്ര നാഡീവ്യൂഹത്തിൽ ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥ പ്രകടിപ്പിക്കുന്നു, ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണങ്ങളിൽ ഒന്നായ ദേഹ൦മുഴുവനും ഉളള വേദന ന്യൂറോകെമിക്കൽ അസന്തുലിതാവസ്ഥ കാരണമാണ് ഉണ്ടാകുന്നത്. തലച്ചോറിലെ കോശജ്വലന പാതകൾ (Inflammatory Pathways) ഈക്കാരണത്താൽ ത്വരിതപ്പെടുകയും അതുവഴി വേദന സംസ്കരണത്തിൽ അസാധാരണത്വത്തിന് കാരണമാവുകയും ചെയ്യുന്നു.

ഇങ്ങനെ സംഭവിക്കുന്ന ന്യൂറോകെമിക്കൽ തകരാറുകൾ വ്യക്തിയുടെ മാനസികാവസ്ഥയെയും, ഉറക്കത്തെയും, ഉന്മേഷത്തേയു൦ നിയന്ത്രിച്ചുപോരുന്നു. ഉൻമേഷരാഹിത്യം, തളർച്ച, ഉറക്കം സംബന്ധമായ പ്രശ്നങ്ങൾ ഫൈബ്രോമയാൾജിയ രോഗികളിൽ ഒന്നിച്ചുകണ്ടുവരുന്നത് ഇതുകാരണമാണ്.

ജീവനക്കാരിലെ ഫൈബ്രോമയാൾജിയ

ജീവനക്കാരിൽ ഫൈബ്രോമയാൾജിയയുടെ സ്വാധീനം വളരെ വലുതാണ്. ശരീരത്തിലുടനീളം വേദന, അമിതമായ ക്ഷീണം, ഉറക്കത്തിലെ അസ്വസ്ഥതകൾ കഴുത്ത്, തോൾ, നടുവ്, ഇടുപ്പ് എന്നിവിടങ്ങളിലെ അസാധാരണമായ സംവേദനം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. "ഫൈബ്രോ ഫോഗ്" എന്ന് വിളിക്കപ്പെടുന്ന വൈജ്ഞാനിക പ്രശ്നങ്ങളും രോഗികളിൽ കണ്ടുവരുന്നു. തൊഴിൽ ഉൽപാദനക്ഷമതയെ സാരമായി ബാധിക്കുന്നത്തിലേക്കാണ് ഈ ലക്ഷണങ്ങൾ നയിക്കുക.

ഫൈബ്രോമയാൾജിയ ഉള്ള ജീവനക്കാരിൽ കൂടുതൽ തൊഴിൽ ഉൽപാദന നഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന് തടസം സൃഷ്ടിക്കുക മാത്രമല്ല സാമൂഹിക ബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ഈ രോഗംമൂലം പ്രതികൂലമായി ബാധിക്കും. വർക്ക് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, ഇടയ്ക്കിടെ വിശ്രമം അനുവദിക്കുക എന്നിവ തൊഴിലിടങ്ങളിൽ നടപ്പാക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.

ലക്ഷണങ്ങൾ

ആഹാരം വിഴുങ്ങുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുക, മരവിപ്പ്, തരിപ്പ് തുടങ്ങിയവ അനുഭവപ്പെടുക, മലവിസർജ്ജനം, മൂത്രസഞ്ചി എന്നിവയുടെ തകരാറുകൾ തുടങ്ങിയവ ഫൈബ്രോമയാൾജിയയുടെ മറ്റ് ലക്ഷണങ്ങളാണ്. സ്ട്രെസ് സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഫൈബ്രോമയാൽജിയയുമായി ബന്ധമുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു.പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർ‍ഡർ, സ്ട്രെസ് മൂലം ഉണ്ടാവുന്ന ഇറിറ്റബിൾ ബവൽ സിൻഡ്രോം (വൻ ടലിനെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണിത്. വയറുവേദന, വയറിളക്കം എന്നിവ ഉണ്ടാകാം) എന്നിവ ഫൈബ്രോമയാൾജിയ രോഗികളിൽ കണ്ടുവരുന്നു.

ഫൈബ്രോമയാൽജിയയുടെ രോഗനിർണയം പ്രധാനമായും സ്കോറിങ് സിസ്റ്റം വഴിയാണ്. ഒരു ക്ലിനിക്കൽ ഡയ​ഗ്നോസിസ് ആയതിനാൽ രക്തപരിശോധനകളും എക്സ് റേ,സ്കാനിംഗ് നടത്തിയും രോഗം തിരിച്ചറിയാം. മൂന്നുമാസത്തിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ വേദനയുണ്ടെങ്കിൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടണം. എന്നാൽ, ഫൈബ്രോമിയൽ‌ജിയയ്‌ക്ക് സാർ‌വ്വത്രികമായി അംഗീകരിച്ച ചികിത്സ ഒന്നും തന്നെയില്ല എന്നതാണ് വാസ്തവം. വ്യായാമവും ജീവിതശൈലിയും നിയന്ത്രിച്ച് രോഗസാധ്യത കുറക്കാവുന്നതാണ്.

TAGS :

Next Story