Quantcast

ആറുമാസം ഗർഭിണി, കുഞ്ഞ് ജീവിച്ചത് ഗർഭപാത്രത്തിന് പുറത്ത്; അപൂർവ പ്രസവം

23 ആഴ്ച ഗർഭിണിയാണെങ്കിലും യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല...

MediaOne Logo

Web Desk

  • Updated:

    2023-12-26 13:38:18.0

Published:

26 Dec 2023 1:37 PM GMT

Abdominal Ectopic Pregnancy
X

ഒരാഴ്ചയായി അനുഭവിക്കുന്ന വയറുവേദന സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് മഡഗാസ്കറിലെ 37കാരി ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഇവരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ആ നിമിഷം വരെ താൻ ഗർഭിണിയാണെന്ന വിവരം യുവതി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. വിശദമായ പരിശോധനകൾ നടത്തിയതിന് പിന്നാലെ യുവതിയും ആശുപത്രി അധികൃതരും ഒരുപോലെ ഞെട്ടി.

23 ആഴ്ച ഗർഭിണിയാണെങ്കിലും യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. എക്റ്റൊപിക് പ്രഗ്നനസി (ectopic pregnancy) അഥവാ ഗർഭാശയേതര ഗർഭം എന്ന അവസ്ഥയാണിത്. ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേസിന്റെ വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എക്ടോപിക് ഗർഭധാരണങ്ങൾ ലോകത്ത് വളരെ അപൂർവമാണ്. പ്രതിവർഷം ലോകമെമ്പാടുമുള്ള 2% ഗർഭധാരണത്തെ മാത്രമേ ഇത് ബാധിക്കുന്നുള്ളൂ.

ഈ അവസ്ഥയിലുള്ള സ്ത്രീകളിൽ 10% വരെ രോഗലക്ഷണങ്ങൾ ഉണ്ടാകാറില്ല. മിക്ക കേസുകളിലും രോഗലക്ഷണങ്ങൾക്ക് സാധ്യത വളരെ കുറവാണ്.

എന്താണ് എക്റ്റൊപിക് ഗർഭം

ഗർഭിണികൾക്കിടയിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഗർഭാശയേതര ഗർഭം അഥവാ എക്റ്റൊപിക് ഗർഭം. ഗർഭപാത്രത്തിന് പുറത്ത് ഭ്രൂണം പറ്റിപ്പിടിച്ചിരിക്കുന്ന ഗർഭപിണ്ഡത്തിന്റെ സങ്കീർണതയെന്നും ഈ അവസ്ഥയെ പറയാം. ബീജസങ്കലനം ചെയ്ത അണ്ഡം ഫാലോപ്യൻ ട്യൂബിലൂടെ സഞ്ചരിച്ച് ഗർഭാശയത്തിൽ ചേരുന്ന അവസ്ഥയാണ് സാധാരണ ഗർഭധാരണങ്ങളിൽ സംഭവിക്കുന്നത്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി ബീജസങ്കലനം ചെയ്ത അണ്ഡം ശരീരത്തിന്റെ മറ്റു അവയവങ്ങളിൽ വളരുന്ന അവസ്ഥയാണ് എക്റ്റൊപിക് ഗർഭം.

ഗർഭാശയത്തിലേക്കുള്ള വഴിയായ ഫാലോപ്യൻ ട്യൂബിലായിരിക്കും അണ്ഡം പലപ്പോഴും പറ്റിപിടിക്കുക. മിക്ക എക്ടോപിക് ഗർഭധാരണങ്ങളും (90%) സംഭവിക്കുന്നത് ഫാലോപ്യൻ ട്യൂബിലാണ്. അതിനാൽ ഈ അവസ്ഥയെ ട്യൂബൽ ഗർഭം എന്നും അറിയപ്പെടുന്നു.

ലക്ഷണങ്ങൾ

പെൽവിക് വേദന, പെട്ടെന്നുള്ള അടിവയറ്റിലെ വേദന, യോനിയിൽ രക്തസ്രാവം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. കൂടാതെ അപൂർവമായി ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടായേക്കാം. ഫിലോപ്യൻ ട്യൂബുകൾക്ക് തകരാറുകൾ സംഭവിച്ചാൽ തോളുകളിൽ വേദനയുണ്ടാവുകയും മലവിസർജനം നടത്താനുള്ള പ്രേരണ ഉണ്ടാവുകയോ ചെയ്തേക്കാം. ഈ അവസ്ഥയിൽ ഭ്രൂണം പൂർണ്ണ വളർച്ചയിലേക്ക് എത്തുന്നത് അത്യപൂർവ്വമാണ്.

എങ്ങനെ കണ്ടെത്താം

ലക്ഷണങ്ങൾ കുറവാണെങ്കിലും വളരെ സങ്കീർണമായ ഒരവസ്ഥയാണ് എക്റ്റൊപിക് ഗർഭം. ഈ അവസ്ഥ തുടരുകയാണെങ്കിൽ സ്ത്രീയുടെ ആരോഗ്യത്തിന് തന്നെ അപകടമാകും. സാധാരണയിൽ കവിഞ്ഞുള്ള വയറുവേദനയോ, യോനീ സ്രാവവമോ അനുഭവപ്പെടുന്ന ഗർഭിണികളിൽ എക്റ്റൊപിക് ഗർഭസാധ്യത തള്ളിക്കളയാനാകില്ല. human chorionic gonadotropin (hCG) എന്ന ഹോർമോണുകളുടെ അളവ് രകത പരിശോധനയിലൂടെ കണ്ടെത്തിയാൽ എക്റ്റോപിക് ഗർഭം സ്ഥിരീകരികാനാവും.

അൾട്രാ സൗണ്ട്, Transvaginal Ultrasonography എന്നീ പരിശോധനകളിലൂടെ എക്റ്റോപിക്കുകൾ നിർണയിക്കാൻ 90 ശതമാനം സാധ്യതയുണ്ട്. ലാപറൊസ്കോപ്പി, ഡി & സി പരിശോധന, പ്രൊജസ്ട്രൊൺ ഹോർമോൺ അളവ് നിർണ്ണയം എന്നിങ്ങനെയുള്ള രീതികളിലൂടെയും എക്റ്റോപിക്കുകൾ സ്ഥിരീകരിക്കാൻ സാധിക്കും.

കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അവസ്ഥയാണിത്. ബീജസങ്കലനം ചെയ്ത അണ്ഡം ഫാലോപ്യൻ ട്യൂബിൽ വളരുന്നത് തുടരുകയാണെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലാണ്. എക്ടോപിക് ഗർഭധാരണത്തിൽ ഫാലോപ്യൻ ട്യൂബുകൾ പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ അണുബാധയ്ക്കും അമിതമായ ആന്തരിക രക്തസ്രാവത്തിനും അതുവഴി മരണത്തിനും കാരണമായേക്കാം.

ഈ അവസ്ഥയാണ് മഡഗാസ്കറിലെ യുവതിക്കും സംഭവിച്ചത്. കേസിന്റെ സങ്കീർണത തിരിച്ചറിഞ്ഞ മെഡിക്കൽ സംഘം യുവതിയെ ഉടൻ തന്നെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സകൾക്ക് ശേഷം 29-ാം ആഴ്ചയിൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടുമാസത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

എക്റ്റൊപിക് ഗർഭധാരണത്തിന്റെ കാരണങ്ങൾ ഇനിയും വ്യക്ത്യമല്ല. ലൈംഗികമായി പകരുന്ന അണുബാധകൾ, സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗം, പെൽവിസിന്റെ ഉള്ളിൽ ഉണ്ടാകുന്ന പെൽവിക് കോശജ്വലന രോഗം എന്നിവയുമായി ബന്ധമുണ്ടെന്ന് നേരത്തെ ഒരു പഠനം സൂചിപ്പിച്ചിരുന്നു. എക്റ്റൊപിക് ഗർഭധാരണം തടയാനും കൃത്യമായ മാർഗമില്ല. പുകവലി ഒഴിവാക്കുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടുക എന്നിങ്ങനെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

TAGS :

Next Story