Quantcast

സൗദിയില്‍ അനധികൃത ടാക്‌സികള്‍ക്കെതിരെ നടപടി ശക്തമാക്കി ഗതാഗത അതോറിറ്റി

അനുമതിയില്ലാതെ ടാക്‌സി സേവനങ്ങള്‍ നടത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ അയ്യായിരം റിയാല്‍ പിഴ ചുമത്തും

MediaOne Logo

Web Desk

  • Updated:

    2024-03-18 18:18:03.0

Published:

18 March 2024 6:14 PM GMT

Taxis in Saudi Arabia representative image
X

ജിദ്ദ: സൗദിയില്‍ അനധികൃത ടാക്‌സി സേവനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി. അനുമതിയില്ലാതെ ടാക്‌സി സേവനങ്ങള്‍ നടത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ അയ്യായിരം റിയാല്‍ പിഴ ചുമത്തും. ആഭ്യന്തര മന്ത്രാലയം, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് കമ്പനി എന്നിവയുമായി സഹകരിച്ച് പ്രത്യേക കാമ്പയിനും അതോറിറ്റി തുടക്കം കുറിച്ചു.

ലൈസന്‍സുള്ള ടാക്‌സി കമ്പനികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അതിലൂടെ നിരവധി ആനൂകൂല്യങ്ങള്‍ നേടാമെന്നും അനധികൃത ടാക്‌സി ഉടമകളോട് അതോറിറ്റി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനും അംഗീകൃതവും സുരക്ഷിതമായ ഗതാഗത സേവനങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഏകദേശം രണ്ടായിരത്തോളം ടാക്‌സികളും, 55 ലധികം കാര്‍ റെന്റല്‍ ഓഫീസുകളും ലഭ്യമാണ്. കൂടാതെ പൊതുഗതാഗത ബസുകള്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍, ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങിയ ഗതാഗത സേവനങ്ങളും ലഭ്യമാണെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. ഇതുപോലെ രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും അംഗീകൃത സേവനങ്ങള്‍ ലഭ്യമാണെന്നും അത്തരം സേവനങ്ങള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി യാത്രക്കാരോടാവശ്യപ്പെട്ടു. ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനവും തത്സമയ ട്രിപ്പ് ട്രാക്കിംഗ് സേവനവുമുള്‍പ്പെടെ നിരവധി സേവനങ്ങള്‍ അംഗീകൃത ഗതാഗത കമ്പനികളിലൂടെ ലഭിക്കും. ഇതിലൂടെ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാമെന്നും അതോറിറ്റി അറിയിച്ചു.

TAGS :

Next Story