Quantcast

'മക്ക ഞങ്ങളെ ഒരുമിപ്പിക്കുന്നു': 10 ദിനം നീളുന്ന എക്സിബിഷൻ

മക്ക സഹസ്രാബ്ദങ്ങളായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ കഥയാണ് എക്സിബിഷൻ പറയുന്നത്

MediaOne Logo

Web Desk

  • Published:

    25 Feb 2024 7:34 PM GMT

മക്ക ഞങ്ങളെ ഒരുമിപ്പിക്കുന്നു: 10 ദിനം നീളുന്ന എക്സിബിഷൻ
X

റിയാദ്: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ചു മക്കയുടെ ചരിത്രം വിളിച്ചോതി മുസ്ദലിഫയിൽ പ്രദർശനം. മക്ക റോയൽ കമ്മീഷനു കീഴില്‍ 'മക്ക ഞങ്ങളെ ഒരുമിപ്പിക്കുന്നു' എന്ന തലക്കെട്ടിലാണ് എക്സിബിഷൻ നടക്കുന്നത്. അറബ് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന പരിപാടി 10 ദിവസം നീണ്ടുനിൽക്കും.

ഹജ്ജിലെ പുണ്യ സ്ഥലമായ മുസ്ദലിഫയിലാണ് അറബ് മേഖലയുടെ കഥ പറയുന്ന എക്സിബിഷൻ. മക്ക സഹസ്രാബ്ദങ്ങളായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിന്റെ കഥയാണ് എക്സിബിഷൻ പറയുന്നത്. സൗദി സ്ഥാപകദിനമായ ഫെബ്രുവരി 22നാണ് പരിപാടികൾ ആരംഭിച്ചത്.

സൗദിയുടെ സ്ഥാപക കാലം മുതൽ ഇന്നുവരെയുള്ള ചരിത്രം പറയുന്ന ചുമർചിത്രങ്ങളും 30ലധികം കരകൗശല വിദഗ്ധരൊരുക്കുന്ന സൗദി പാരമ്പര്യം വിളിച്ചോതുന്ന കരകൗശല വസ്തുക്കളും പ്രദർശനത്തിനുണ്ട്. സൗദി രാജാക്കന്മാർ ഉപയോഗിച്ച കാറുകളും പഴയ വാഹനങ്ങളും എക്സിബിഷനിലെത്തിയാല്‍ കാണാം. രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള പരമ്പരാഗത വസ്ത്രം ധരിച്ച കലാകാരന്മാരുടെ നേതൃത്വത്തിൽ കലാപ്രകടനങ്ങളും നടക്കുന്നു.

കുട്ടികളെ ആകർഷിക്കുന്ന വിവിധ സാഹസിക റൈഡുകളും മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരവുമുണ്ട്. മക്കയിലെ സന്ദർശകരുടെ അനുഭവം മികച്ചതാക്കുക, ഇവൻ്റ് മേഖലയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ പരിപാടിയുടെ ലക്ഷ്യമാണ്. പുരാതനനഗരിയായ മക്കയുടെ പൈതൃകവും സാംസ്കാരിക പ്രൗഢിയും ഇവൻ്റിൽ പ്രദർശിപ്പിക്കുന്ന തരത്തിലാണ് വിവിധ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

മക്ക മുനിസിപ്പാലിറ്റി, മക്ക ചേംബർ, അൽ ബലദുൽ അമീൻ, ദുയൂഫു റഹ്മാൻ, കിദാന എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് പരിപാടി. വൈകുന്നേരം നാലു മുതൽ ഒരു മണി വരെയാണ് പ്രദർശനം. രജിസ്ട്രേഷൻ മുഖേനെ സൗജന്യമാണ് പ്രവേശനം.

Summary: 'Makkah unites us' exhibition under the Makkah Royal Commission

TAGS :

Next Story