Quantcast

അൽ അഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യം -ഇസ്‍മായിൽ ഹനിയ്യ

ഇസ്രായേലിന്റെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല

MediaOne Logo

Web Desk

  • Published:

    9 Jan 2024 5:01 PM GMT

ismail haniyeh
X

ദോഹ: അൽ അഖ്സക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിൽ ഇസ്‍ലാമിക ലോകത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് വ്യക്തമാക്കി ഹമാസ് നേതാവ് ഇസ്‍മായിൽ ഹനിയ്യ. ദോഹയിൽ നടക്കുന്ന ആഗോള മുസ്‍ലിം പണ്ഡിതസഭ സമ്മേളനത്തിന്റെ ഫലസ്തീൻ സെഷനിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടക്കൊലകളും വംശീയ ഉന്മൂലനവുവമായി ഗസ്സയിൽ ഇസ്രായേൽ തേർവാഴ്ച്ച നടത്തിയിട്ടും ലക്ഷ്യം നേടുന്നതിൽ ശത്രുക്കൾ പരാജിതരായെന്ന് 100 ദിവസത്തിലേക്ക് നീളുന്ന യുദ്ധം സാക്ഷ്യപ്പെടുത്തുകയാണ്. ഇസ്രായേലിന്റെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാനായിട്ടില്ല.

ഇപ്പോൾ പുറത്തു പറയുന്ന കണക്കുകളിലും എത്രയോ ഇരട്ടിയാണ് അധിനിവേശ സേനയുടെ നാശങ്ങൾ. എയർ ബ്രിഡ്ജ് തീർത്തും, ആയുധങ്ങളും യുദ്ധകപ്പലുകളുമായി വിദേശരാജ്യങ്ങൾ അധിനിവേശ സേനക്ക് പിന്തുണ നൽകുകയാണ്. അതിനാല്‍ , അൽ അഖ്സക്കും ഫലസ്തീൻ ഭൂമിക്കുമായി ചെറുത്തുനിൽപ്പ് നടത്തുന്ന പ്രതിരോധ സേനക്കും ലോക സമൂഹത്തിന്റെ പിന്തുണ വേണമെന്ന് ഇസ്മായില്‍ ഹനിയ്യ പറഞ്ഞു.

മൂന്നു മാസത്തിലേറെ പിന്നിട്ട യുദ്ധത്തിൽ ആൾ നഷ്ടവും മറ്റും ഒരുപാടുണ്ടെങ്കിലും ഫലസ്തീനികളുടെ ചെറുത്തു നിൽപ് വിജയം കാണുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയുടെ നേതൃത്വത്തിൽ മനുഷ്യരാശിക്കെതിരായ യുദ്ധമാണ് ഗസ്സയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യുദ്ധ ഭൂമിയിൽനിന്നും ഹമാസ് പുറത്തു വിടുന്ന വീഡിയോ ദൃശ്യങ്ങൾ അവിടെ നടക്കുന്ന സംഭവ വികാസങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ഗസ്സയിലെ ജനങ്ങളെ പുറന്തള്ളുക എന്ന ഇസ്രായേലിന്റെ ശ്രമം ഫലസ്തീനികളുടെ ദൃഢനിശ്ചയത്തിനും പോരാട്ട വീര്യത്തിനും മുന്നിൽ പരാജയപ്പെട്ടു. ആക്രമണങ്ങളെ തുടർന്ന് വീടൊഴിഞ്ഞുപോയവർ തിരികെയെത്തി തുടങ്ങി’ -അദ്ദേഹം പറഞ്ഞു.

TAGS :

Next Story