Quantcast

ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു: ഭക്ഷണവും മെഡിക്കൽ മെറ്റീരിയൽസും കൈമാറി

സുൽത്താന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ മൂന്നാം ഘട്ട അവശ്യ വസ്തുക്കൾ എത്തിച്ചു

MediaOne Logo

Web Desk

  • Published:

    26 Feb 2024 6:09 PM GMT

Oman,,Palestine Gaza,
X

മസ്കത്ത്: ഗസ്സയിലെ നിസ്സഹരായ ഫലസ്തീൻ ജനതക്കുള്ള ഒമാന്‍റെ കൈത്താങ്ങ് തുടരുന്നു. സുൽത്താന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ മൂന്നാം ഘട്ട അവശ്യ വസ്തുക്കൾ എത്തിച്ചു. റോയൽ എയർഫോഴ്സ് ഓഫ് ഒമാന്‍റെ വിമാനത്തിൽ അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ മെറ്റീരിയൽസും കൈമാറിയത്.

ജോർഡനിലെ ഒമാൻ എംബസിയുടെ ഏകോപനത്തിലാണ് ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്ക് അവശ്യ വസ്തുക്കൾ കൈമാറിയതെന്ന് ഒമാൻ ചാരിറ്റബ്ൾ ഓൾഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 11ന് റഫ അതിർത്തി വഴി അവശ്യ സാധനങ്ങൾ കൈമാറിയിരുന്നു. കഴിഞ്ഞ നവംബറിൽ 100 ടൺ ഭക്ഷ്യവസ്തുക്കൾ അഞ്ച് വിമാനങ്ങൾ വഴി ഗസ്സയിലേക്ക് ഒമാൻ കയറ്റി അയച്ചിരുന്നു. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു.

ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഫോണിൽ നിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിവിധ സമയങ്ങളിൽ ഒമാൻ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. അവിടുത്തെ ജനങ്ങളോടൊപ്പമാണ് ഒമാൻ നിലകൊള്ളുന്നതെന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ വർഷം നടന്ന ഒമാൻ കൗൺസിലിന്‍റെ എട്ടാം ടേമിന്റെ ആദ്യ വാർഷിക സെഷനിലും അതിന് മുമ്പ് നടന്ന മന്ത്രിസഭ യോഗത്തിലും വ്യക്തമാക്കിയിരുന്നു.

ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയും സംസാരിച്ചിരുന്നു.75 വർഷത്തിലേറെയായി ഫലസ്തീൻ ജനത സഹിച്ചുവരുന്ന ഗുരുതരമായ അനീതികൾ കഴിഞ്ഞ വെള്ളിയാഴ്ചക അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഒമാൻ അവതരിപ്പിക്കുകയുണ്ടായി.


Next Story