Quantcast

കുടുംബവിസ പുനരാരംഭിക്കാന്‍ നീക്കവുമായി കുവൈത്ത്‌

അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കരടുനിയമം ചര്‍ച്ച ചെയ്തേക്കും

MediaOne Logo

Web Desk

  • Published:

    14 Dec 2023 7:06 PM GMT

കുടുംബവിസ പുനരാരംഭിക്കാന്‍ നീക്കവുമായി കുവൈത്ത്‌
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബവിസ അടക്കം എല്ലാതരം വിസകളും വൈകാതെ പുനരാരംഭിക്കുമെന്ന് സൂചന. അടുത്തയാഴ്ച ചേരുന്ന ദേശീയ അസംബ്ലിയിൽ താമസനിയമത്തിന്റെ കരട് അവതരിപ്പിക്കും. ഇത് സംബന്ധമായ പുതിയ താമസനിയമത്തിന് സർക്കാർ അന്തിമരൂപം നൽകിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധമായ നിയമം ചര്‍ച്ച ചെയ്യും. ഭേദഗതികൾ ദേശീയ അസംബ്ലി അംഗീകരിക്കുന്നതോടെ വിസ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നാണ് പ്രതീക്ഷ. കോവിഡിനെ തുടർന്ന് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നുവെങ്കിലും വിസാനടപടികൾക്ക് പുതിയ സംവിധാനം നടപ്പിലാക്കുന്നതിൻറെ ഭാഗമായി ആഭ്യന്തര മന്ത്രാലയം 2022 ജൂണിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തുകയായിരുന്നു.

അതിനിടെ, വിസ പുനരാരംഭിക്കുന്നതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഉറപ്പുനൽകിയതായി പാര്‍ലമെന്റ് അംഗം അബ്ദുൽവഹാബ് അൽ എസ്സ വ്യക്തമാക്കി. വിദേശികൾക്ക് ആശ്രിത വിസ നിർത്തലാക്കിയതിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. കുടുംബവിസകളും മറ്റ് വിസകളും മരവിപ്പിക്കുന്നത് സ്വകാര്യ മേഖലയിലും ചെറുകിട ബിസിനസ്സുകളിലും വിപണിയിലും ഉണ്ടാക്കുന്ന ആഘാതം പഠിക്കാൻ ദേശീയ അസംബ്ലിയോട് അനുമതി ചോദിച്ചതായും അൽ എസ്സ കൂട്ടിച്ചേർത്തു.

വിദഗ്ധരായ പ്രവാസികൾ മറ്റ് രാജ്യങ്ങളിൽ ജോലി ലഭിക്കുമ്പോൾ ഉടൻ കുവൈത്ത് വിടുകയാണ്. ഭാര്യയും മക്കളുമില്ലാതെ ഇവിടെ താമസിക്കാൻ ഒരു പ്രവാസിയും തയ്യാറല്ല. വിസകൾ നിർത്തലാക്കുന്നത് തൊഴിലാളിക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യങ്ങൾ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായി അൽ എസ്സ വ്യക്തമാക്കി.

Summary: Kuwait to resume all types of visas, including family visas

TAGS :

Next Story