Quantcast

ബഹ്റൈനിലെ ടൂറിസം നിയമങ്ങളും ചട്ടങ്ങളും കർശനമാക്കുന്നു; ഇനി കടുത്ത നടപടികൾ

മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്.

MediaOne Logo

Web Desk

  • Published:

    30 Sep 2023 7:04 PM GMT

ബഹ്റൈനിലെ ടൂറിസം നിയമങ്ങളും ചട്ടങ്ങളും കർശനമാക്കുന്നു; ഇനി കടുത്ത നടപടികൾ
X

മനാമ: ബഹ്റൈനിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ടൂറിസം ഓപറേറ്റർമാർക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള നടപടികൾ കർശനമാക്കുന്ന നിയമഭേദഗതി നടപ്പിലാക്കും. നിയമം ലംഘനം നടത്തിയാൽ കനത്ത പിഴയും ശിക്ഷയും അടക്കമുള്ള നടപടികൾ സ്വീകരിക്കും.

ടൂറിസം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യാനും ഉടമകൾക്ക് ആറുമാസം വരെ തടവും പരമാവധി 30,000 ദിനാറിന്റെ പിഴയും ചുമത്താമെന്നും പുതിയ നിയമഭേദഗതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ടൂറിസം സംബന്ധിച്ച 1986ലെ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ബഹ്റൈൻ രാജാവ് ഉത്തരവിറക്കി.

മന്ത്രിസഭ അംഗീകാരത്തെയും പ്രധാനമന്ത്രിയുടെ നിർദേശത്തെയും അടിസ്ഥാനമാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരെ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി നടപടിയെടുക്കും. പരാതികളുണ്ടെങ്കിൽ പ്രത്യേക കോടതിയിൽ അപ്പീൽ നൽകാം. നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യം രേഖാമൂലമുള്ള മുന്നറിയിപ്പായിരിക്കും അധിക്യതർ നൽകുക.

സ്ഥാപനത്തിന് ടൂറിസ്റ്റ് സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ള കാറ്റഗറി തരംതാഴ്ത്തുകയാണ് അടുത്ത നടപടി. മൂന്നു മാസത്തിൽ കൂടാത്ത കാലയളവിലേക്ക് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുക, സ്ഥാപനം അടച്ചുപൂട്ടുക എന്നിവയും ഗൗരവമുള്ള ലംഘനങ്ങൾക്ക് ശിക്ഷയായി ചുമത്തും.

നിയമ ലംഘനത്തിന്റെ കാരണങ്ങൾ തിരുത്തുന്നതുവരെ പ്രതിദിനം 100 ദിനാർ എന്ന തോതിൽ പിഴയീടാക്കാനും വ്യവസ്ഥയുണ്ട്. തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്നു വർഷത്തിനുള്ളിൽ അതേ ലംഘനം ആവർത്തിക്കുകയാണെങ്കിൽ പ്രതിദിനം 200 ദീനാർ എന്ന തോതിൽ പിഴ ചുമത്താം. മൊത്തം പിഴ 20,000 ദിനാറിൽ കവിയാൻ പാടില്ലെന്നും ഭേദഗതിയിൽ വ്യക്തമാക്കി.

TAGS :

Next Story