Quantcast

തീരശോഷണം തടയാൻ പദ്ധതി; കണ്ടൽചെടികളും മരങ്ങളും നട്ടുപിടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    21 Aug 2023 6:03 PM GMT

Mangroves
X

തീരശോഷണവും പ്രത്യാഘാതങ്ങളും നേരിടാൻ പദ്ധതി തയാറാക്കി സുപ്രീം കൗൺസിൽ ഫോർ എൻവയേൺമെന്റ്. തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനും കാലാവസ്ഥാ പ്രത്യാഘാതങ്ങളെ നേരിടാനാവശ്യമായ പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നതായി സുപ്രീം കൗൺസിൽ അറിയിച്ചു.

കാലാവസ്ഥമാറ്റത്തിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളും നേരിടുന്ന പ്രശ്നമാണ് സമുദ്രനിരപ്പിലുണ്ടാകുന്ന വർധന. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലമായി തീരപ്രദേശങ്ങൾ നഷ്ടപ്പെടാറുണ്ട്. ഇതിനെ ചെറുക്കാനായി കണ്ടൽചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയാണ് ഒരു മാർഗ്ഗം.

ബീച്ചുകളിലെ നിർമിതികൾ തീരപ്രദേശങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നുണ്ട്. മരങ്ങളും കണ്ടൽക്കാടുകളും തീരദേശ സംരക്ഷണത്തിന് വളരെയേറെ സഹായകരമാണ്. ഈ ചെടികളുടെ വേരുകൾ ആഴത്തിൽ ഇറങ്ങുന്നതിനാൽ കരയെ അവ സംരക്ഷിച്ച് നിർത്തും.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാറ്റും മറ്റും അധികം ഉപദ്രവമുണ്ടാക്കാത്ത അറേബ്യൻ ഗൾഫ് മേഖലയിലാണ് ബഹ്‌റൈൻ സ്ഥിതിചെയ്യുന്നതെന്നതിനാൽ തീരശോഷണം ഇവിടെ അത്ര ഗുരുതരമല്ല. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ സമുദ്രനിരപ്പ് ഉയരുന്നതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി പഠനം നടത്തുന്നുണ്ട്.

സംരക്ഷണ മാർഗങ്ങൾ സംയോജിപ്പിച്ച് വിപുലമായ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് പരിമിതപ്പെടുത്താൻ തീരദേശ നടപ്പാതകൾക്ക് കഴിയും. തീരദേശ വാണിജ്യ ഔട്ട്‌ലറ്റുകൾ സ്ഥാപിക്കുന്നത് തീരസംരക്ഷണം ഉറപ്പുവരുത്തും എന്നതിനുപുറമെ സാമ്പത്തിക അവസരങ്ങളും നൽകും.

തീരശോഷണം ബാധിക്കാനിടയുള്ള സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും കണ്ടെത്താനും അവിടങ്ങളിൽ ഉചിതമായ സംരക്ഷണ പദ്ധതികൾ സ്വീകരിക്കാനും ആവശ്യമായ പ്രവർത്തന പദ്ധതികൾ തയറാക്കിയിട്ടുണ്ടെന്നും സുപ്രീം കൗൺസിൽ പറഞ്ഞു.

TAGS :

Next Story