Quantcast

ഗസ്സയിൽ സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ

MediaOne Logo

Web Desk

  • Published:

    11 Oct 2023 8:53 PM GMT

ഗസ്സയിൽ സമാധാനം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ
X

ഗസ്സയിൽ സായുധപോരാട്ടം അവസാനിപ്പിക്കുന്നതിലും സാധാരണ ജനത്തിന്റെ ജീവൻ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ഫലസ്തീൻ വിഭാഗങ്ങളും ഇസ്രായേൽ സേനയും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ സിവിലിയൻമാരുടെ സംരക്ഷണത്തിന് മുൻ‌ഗണന നൽകണം.

അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിക്കാൻ ഏവർക്കും ബാധ്യതയുണ്ട്. സമാധാനം കൈവരിക്കാൻ എല്ലാവരും ശ്രമിക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരം കൊണ്ടുവരുന്നതിന് ചർച്ചകൾ നടത്തുകയും നയതന്ത്ര പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം. ശൂറ കൗൺസിലിന്റെയും കൗൺസിൽ ഓഫ് റപ്രസന്റേറ്റിവ്സിന്റെയും ആറാം നിയമസഭ കാലയളവിന്റെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ പ്രസംഗത്തിന്റെ പ്രാധാന്യം കാബിനറ്റ് എടുത്തുപറഞ്ഞു.

വികസനത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ചുള്ള രാജാവിന്റെ മാർഗനിർദേശങ്ങൾ സർക്കാർ പ്രവർത്തനങ്ങളുടെ അടിത്തറയാണ്. രാജകീയ ഉത്തരവ് പ്രകാരം മുഹറഖ് നഗര വികസന പദ്ധതി ഉടൻ നടപ്പാക്കും. ബഹ്‌റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്‌കാരികവുമായ തനിമ കാത്തുസൂക്ഷിക്കാൻ കർമപദ്ധതി തയാറാക്കാൻ ഹമദ് രാജാവ് നിർദേശിച്ചിരുന്നു.

കൂടുതൽ പുരോഗതിയിലേക്കും വികസനത്തിലേക്കും നാട് മുന്നേറട്ടെ എന്നും അദ്ദേഹം ആശംസിച്ചിരുന്നു. 2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവൺമെന്റ് സർവേയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ സർക്കാർ സ്ഥാപനത്തിനും വെബ്‌സൈറ്റുകൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി സമർപ്പിച്ച നിവേദനം മന്ത്രിസഭ അംഗീകരിച്ചു. യുവജനകാര്യങ്ങളിലെ സഹകരണത്തിനായി ബഹ്‌റൈൻ സർക്കാറും മൊറോക്കോയും തമ്മിലുള്ള ധാരണപത്രം സംബന്ധിച്ച് നിയമ, നിയമനിർമാണ കാര്യങ്ങളുടെ മന്ത്രിതല സമിതി സമർപ്പിച്ച നിവേദനവും അംഗീകരിച്ചു.

TAGS :

Next Story