Quantcast

കരീബിയൻ നൈറ്റിൽ കരിഞ്ഞുണങ്ങി ഡൽഹി; കൊൽക്കത്തക്ക് പടുകൂറ്റൻ വിജയം

MediaOne Logo

Web Desk

  • Updated:

    2024-04-03 18:02:33.0

Published:

3 April 2024 4:07 PM GMT

sunil narine
X

വിശാഖപട്ടണം: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർമാർ പടുത്തുയർത്തിയ റൺമല കയറാനാകാതെ തലകറങ്ങി ഡൽഹി ബാറ്റർമാർ. 273 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് 17.2ഓവറിൽ 166 റൺ​സെടുക്കാനേ ആയുള്ളൂ. 25 പന്തിൽ 55 റൺസെടുത്ത ഋഷഭ് പന്തും 32 പന്തിൽ 54 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ​മാത്രമാണ് ഡൽഹിക്കായി ചെറുത്തുനിന്നത്. കൊൽക്കത്തക്കായി വരുൺ ചക്രവർത്തി വൈഭവ് അറോറ എന്നിവർ 3 വീതവും മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റും വീഴ്ത്തി. കളിച്ച 3 മത്സരങ്ങളും വിജയിച്ച കൊൽക്കത്ത കൂറ്റൻ ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ നാലുമത്സരങ്ങളിൽ നിന്നും ഡൽഹിയുടെ മൂന്നാം തോൽവിയാണിത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് കുറിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് തീർത്ത 277 റൺസിന്റെ റെ​ക്കോർഡ് ഒരുവേള വീഴുമെന്ന് തോന്നിയെങ്കിലും അവസാന ഓവറെറിഞ്ഞ ഇശാന്ത് ശർമ കൊൽക്കത്ത ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. സുനിൽ നരേൻ (39 പന്തിൽ 85), അങ്ക്രിഷ് രഘുവൻശി (27 പന്തിൽ 54), ആന്ദ്രേ റസൽ (19 പന്തിൽ 41), റിങ്കുസിങ് (8പന്തിൽ 26) എന്നിവരുടെ മികവിലാണ് കൊൽക്കത്തയുടെ സ്കോർ പാഞ്ഞുകയറിയത്.


.0ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ആദ്യപന്ത് തന്നെ ബൗണ്ടറി കടത്തി നയം വ്യക്തമാക്കി. നാലാം ഓവർ എറിയാനെത്തിയ വെറ്ററൻ പേസ് ബൗളർ ഇശാന്ത് ശർമയാണ് സുനിൽ നരേന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. മൂന്ന് സിക്സറും രണ്ടു ബൗണ്ടറിയുമടക്കം 26 റൺസാണ് ഒരൊറ്റ ഓവറിൽ നരേൻ അടിച്ചെടുത്തത്. ബാറ്റിങ് പവർ ​േപ്ല തീരുമ്പോൾ ഒരുവിക്കറ്റിന് 88 എന്ന നിലയിലായിരുന്നു കൊൽക്കത്ത. നരേനൊപ്പം അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അങ്ക്രിഷ് രഘുവൻശി (27 പന്തിൽ 54) കൂടി ചേർന്നതോടെ സ്കോർ കുതിച്ചുപാഞ്ഞു.

13ാം ഓവറിൽ മിച്ചൽ മാർഷിന്റെ പന്തിൽ ഋഷഭ് പന്തിന് പിടികൊടുത്ത് നരേൻ മടങ്ങുമ്പോൾ സ്കോർ 164 റൺസിലെത്തിയിരുന്നു.തൊട്ടുപിന്നാലെ രഘുവൻശിയും മടങ്ങിയെങ്കിലും ആഞ്ഞടിച്ച ആന്ദ്രേ റസലും റിങ്കു സിങ്ങും സ്കോർ നിരക്കുയർത്തി. ഡൽഹിക്കായി പന്തെടുത്തവരെല്ലാം തല്ലുകൊണ്ട മത്സരത്തിൽ നാലോവറിൽ 59 റൺസ് വഴങ്ങിയ ആന്റിച് നോകിയയാണ് റൺസ് വഴങ്ങിയവരിൽ മുന്നിലെത്തിയത്. ഇശാന്ത് മൂന്നോവറിൽ 43ഉം റാസിഖ് ദാർ സലാം മൂന്നാവറിൽ 47 റൺസും വഴങ്ങി.

TAGS :

Next Story