Quantcast

പോലീസ് തമാശ പറയുമോ?

അനന്തൻപിള്ളയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നാട്ടുകാരെത്തിപ്പെട്ടത് പറഞ്ഞല്ലോ. അങ്ങനെ കാലം ഒരുപാട് കഴിഞ്ഞല്ലോ. ഞ്യായം ചെയ്യുമ്പോഴും മര്യാദ വേണമെന്ന് പിറുപിറുത്ത മുത്തശ്ശി മരിച്ചും പോയല്ലോ.

MediaOne Logo

  • Published:

    8 April 2020 11:17 AM GMT

പോലീസ് തമാശ പറയുമോ?
X

പറഞ്ഞല്ലോ. അനന്തൻപിള്ളയില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നാട്ടുകാരെത്തിപ്പെട്ടത് പറഞ്ഞല്ലോ. അങ്ങനെ കാലം ഒരു പാട് കഴിഞ്ഞല്ലോ. ഞ്യായം ചെയ്യുമ്പോഴും മര്യാദ വേണമെന്ന് പിറുപിറുത്ത മുത്തശ്ശി മരിച്ചും പോയല്ലോ.

മുത്തശ്ശി മരിച്ചിട്ട് വർഷങ്ങൾ അനവധിയായി. പേരക്കുട്ടിയായ വേണുഗോപാലന്‍ ഇന്നു പടുകിഴവനാണ്. വേണുഗോപാലന്റെ പേരക്കുട്ടിയായ കോച്ചുഗോപാലന് ഏഴുവയസ്സു തികയുന്ന അന്ന് അവനെ പൊന്നിന്റെ കടുക്കനിട്ട് കാണണമെന്ന് വേണുഗോപാലന് തോന്നി. രാവിലെ കഞ്ഞികുടി കഴിഞ്ഞ് അയാൾ പൊന്നുരുക്കുന്ന മൂത്താന്റെ പീടികയിലേക്ക് പുറപ്പെട്ടു. ഒരിരുപതുവാര നടന്നപ്പോഴാണ് പണസ്സഞ്ചിയെടുക്കാൻ മറന്നുപോയെന്ന് മനസ്സിലായത്. വേണുഗോപാലൻ വീട്ടിലേക്ക് തിരിച്ചു നടക്കാനാരംഭിച്ചു.

''ഏട്ടേയ്!'' സൗഹൃദം നിറഞ്ഞ ഒരു ശബ്ദം വേണുഗോപാലനെ വിളിച്ചു. വേണഗോപാലൻ നോക്കിയപ്പോൾ ഒരു നടപ്പുദീനപ്പോലീസുണ്ട് അയാളെ വണങ്ങി നിൽക്കുന്നു.

'' ഇതാര് ! രാമമ്പോലീസോ!'' - വേണു ഗോപാലൻ പറഞ്ഞു.

ആ പ്രദേശത്ത് പച്ചക്കറി വിറ്റുനടന്ന പഴയ പരിചയക്കാരനായിരുന്നു രാമൻ. കോഴിച്ചൂട്ടൻ പോലീസുതൊപ്പിയും വെച്ച് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി രാമൻപോലീസ് വേണുഗോപാലന്റെ മുന്നിൽ വന്നു നിന്നു.

'' എവടേക്കാന്നെല്ലേ'' രാമൻപോലീസ് കുശലം ചോദിച്ചു.

കടുക്കൻ വാങ്ങാൻ പോവുകയാണെന്നും പണം മറന്നത് എടുക്കാൻ വീട്ടിലേക്ക് മടങ്ങിയതാണെന്നും വേണുഗോപാലൻ പറഞ്ഞു. തിരിച്ചു വീട്ടിലേക്കുള്ള വഴിയിൽ ഒരടികൂടി വെച്ചപ്പോൾ രാമൻപോലീസ് തടഞ്ഞു.

'' വീട്ടിലെല്ലാവർക്കും സുകംതന്ന്യോ?'' രാമൻപോലീസ് ചോദിച്ചു.

"സുകം തന്നെ," വേണുഗോപാലൻ പറഞ്ഞു.

"നാണിക്കുട്ടിക്കോ?"

"സുകം തന്നെ"

"കമലാക്ഷി വയസ്സറിയിച്ചോ?"

"അറിയിച്ചു"

"കിരിഷിയോ?"

"ഒണക്കം"

"ചമ്പാനോ, ചിറ്റേനിയോ"

"ചിറ്റേനി"

"എന്താ വളം! ചാണകവോ തീട്ടവോ"

ചോദ്യങ്ങൾ പെരുകുംതോറും എന്തോ അകാരണമായി ഉത്തരങ്ങളിൽ സംഭ്രമം കലരാൻ തുടങ്ങി. നമ്മുടെ രാമനാണെങ്കിലും പോലീസിന്റെ കോഴിച്ചൂട്ടൻ കിരീടമല്ലേ തലയിൽ! ഒരു സർക്കാർ ചോദ്യപത്രം പൂരിപ്പിച്ചുകൊടുത്ത ഭയാനുഭവമായിരുന്നു വേണുഗോപാലന്. വേണുഗോപാലൻ വീണ്ടും വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും രാമൻപോലീസ് തടഞ്ഞു.

"ഞാനൊരു പാട്ട് പാടാ," എന്നായി രാമൻപോലീസ്.

"ഓ, അങ്ങനായ്‌ക്കോട്ടെ,"-നിസ്സഹായനായി വേണുഗോപാലൻ പറഞ്ഞു.

നിന്നനിൽപ്പിൽ ചെറുതായി തുള്ളിക്കൊണ്ട് രാമൻ പോലീസ് പാടി:

"ചപ്പിളി പിപ്പിളി പിളിപിളിപിപ്പിളി

അപ്പിളിയിപ്പിളി തുപ്പിലി തിപ്പലി

പെപ്പെപ്പെപ്പേ പിപ്പിരിപെപ്പേ

പപ്പിരി പിപ്പിരി പരിപിരി പിരിപിരി

തിത്തിരിതാതിരി പൂതിരിപാതിരി

പൂതാതിരിതിരി തിരിതിരിതിരിതിരി

തിരുവടി കുറുവടി മറുപടിയൊരുപടി

തരികിടതിരികിട തിത്താതരികിട"

അവശത കൊണ്ട് സന്ധിവാതത്തിന്റെ ദുർഘടം മറന്ന്, വേണുഗോപാലനും താളം ചവിട്ടിപ്പോയി. (ജീവിതം അവസാനിക്കുന്നതിനു മുമ്പുള്ള ഏതാനും തെളിഞ്ഞ നിമിഷങ്ങളിൽ ആ താളം ചവിട്ടോർത്ത് വേണുഗോപാലൻ ഖേദിക്കാനിടവന്നു എന്ന് വിജയര് എഴുതിയ തലക്കുറിയിൽ കാണാനുണ്ട്. ആ പ്രീണിപ്പിക്കൽ കൊണ്ട് ദാക്ഷിണ്യമൊന്നും നേടാനൊത്തില്ലല്ലോ എന്നായിരുന്നു ഖേദം)

പാട്ടുനിന്നപ്പോൾ വേണുഗോപാലൻ പറഞ്ഞു :

"ന്നാൽ രാമമ്പോലീസേ, ഞാന്നടക്കട്ടെ?"

"എങ്ങ്ണ്ട്?"-രാമമ്പോലീസ് ചോദിച്ചു.

തെല്ല് അവിശ്വാസത്തോടെ അതൊക്കെയും വേണുഗോപാലൻ ആവർത്തിച്ചു. മൂത്താന്റെ സ്വർണക്കടയിലേക്ക് പോവുകയാണ്, കൊച്ചുഗോപാലന് കടുക്കൻ വാങ്ങാൻ. കൊച്ചുഗോപാലന്റെ ഏഴാം പിറന്നാളാണ് - ഒരു വട്ടം പറഞ്ഞതായിരുന്നുവല്ലോ.

"ഞാന്നടക്കട്ടെ?" സൗമ്യമായും താണും വേണുഗോപാൽ ചോദിച്ചു.

"അതു പറ്റില്ല"

"പറ്റില്ലേ"

"ഇല്ല"

വേണുഗോപാലൻ അമ്പരന്നു നിന്നു. രാമൻ പോലീസ് പറഞ്ഞു. "നിങ്ങള് ഈ പാതയില് കാല് വെച്ച സിതിയ്ക്ക് അത് മുഴ്മനും നടന്നു തീർക്കണം."

"ശെരി," വേണുഗോപാൻ പറഞ്ഞു."ഞാമ്പോയി പണെട്‌ത്തോട്ടെ"

"പറ്റില്ല, പിന്തിരിയാമ്പാടില്ല."

പാതയിൽ കാലുവെച്ച സ്ഥിതിക്ക് ആ പാതയുടെ നീളമത്രയും നടന്നുതീർക്കണമെന്ന്. പക്ഷേ, പാത എവിടെത്തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു? അതൊക്കെ നടപ്പുദീനക്കാർ നിശ്ചയിക്കുമെന്നും അതതു സമയങ്ങളിൽ അവർ തനിയ്ക്ക് കൽപനകൾ തരുമെന്നും രാമൻപോലീസ് വേണുഗോപാലാനോട് പറഞ്ഞു.

"രാമമ്പോലീസേ," വേണുഗോപാലൻ പരീക്ഷിച്ചു നോക്കി... "നമ്മളൊക്കെ പഴേ പരിചേക്കാരാണ്"

ആ പറഞ്ഞത് രാമൻ പോലീസ് ഗൌനിച്ചില്ല.

"നടക്കിൻ" അയാൾ പറഞ്ഞു.

വേണുഗോപാലന് ഗതിമുട്ടി. "എങ്ങട്" അയാൾ ചോദിച്ചു.

"നിങ്ങള് നേരെ മിമ്പോട്ട് നടന്നോളി"-രാമൻ പോലീസ് പറഞ്ഞു. "കൊറേ പോയാ പിന്നത്തെ പോലീസിനെ കാണും. അയാള് പറഞ്ഞ് തരും"

പെട്ടെന്ന്, ഇത് സത്യമാകാൻ തരമില്ലെന്നും പച്ചക്കറിക്കാരൻ രാമന്റെ ഫലിതങ്ങളിലൊന്നു മാത്രമാവണമെന്നും വേണുഗോപാലനു തോന്നി. അയാൾ ഉറക്കെ ചിരിച്ചു. ചിരിച്ചുകൊണ്ട് അയാൾ വീട്ടിലേക്ക് തിരിഞ്ഞു.തിരിഞ്ഞതും രാമൻ പോലീസ് വേണുഗോപാലന്റെ കഴുത്തിനു പിടിച്ചു വീണ്ടും അങ്ങാടിയുടെ നേരെ തിരിച്ചു നിർത്തി.

"മുണ്ട്‌റെ മകനേ" രാമൻ പോലീസ് അലറി, "നടക്കെടാ!"

ഒരക്ഷരം പറയാതെ വേണുഗോപാലൻ നടന്നു. ഇത്തിരി നടന്നശേഷം നൊടിനേരം തിരിഞ്ഞു നോക്കി. വീടിന്റെ രണ്ടാംനിലയിലെ ജനലുകളിലൂടെ മരവിച്ച കണ്ണുകൾകൊണ്ട് തന്റെ കുടുംബമത്രയും തന്നെ നോക്കുന്നു. ആരും അനങ്ങുന്നില്ല.

- ഇവിടെ നിർത്തേണ്ടതാണ്. പക്ഷേ വിജയൻ നിർത്തിയിട്ടില്ല. ആ ദയനീയമായ നടപ്പ് ഏറെ കാണിച്ചു. വേണുഗോപാലൻ ഒറ്റക്കായിരുന്നില്ല. നിരത്തിൽ വേറേയും ആളുകളുണ്ടായിരുന്നു. വേണുഗോപാലനെപ്പോലെ പേരക്കുട്ടിക്ക് സമ്മാനം വാങ്ങാൻ ഇറങ്ങിയവർ, പണയം വെക്കാൻ ഇറങ്ങിയവർ, വ്യഭിചരിക്കാനും പച്ചക്കറിവാങ്ങാനും വിരുന്നുണ്ണാനും അങ്ങനെ പലപല സ്വകാര്യ ആവശ്യങ്ങൾക്കായി ഇറങ്ങിത്തിരിച്ചവർ. അവരൊക്കെ അങ്ങനെ നടക്കുകയാണ്. ആരും സംസാരിക്കുന്നില്ല. ചിരിക്കുന്നില്ല. അവരങ്ങനെ നടന്നു. നടന്നു നടന്നു അവര് അടുത്ത നടപ്പു ദിനപ്പോലീസിന് മുന്നിലെത്തി. അയാൾ മറ്റൊരു തിരിവിലേക്ക് കൈകാണിച്ചു. അതിലൂടെ കൂറേ നടന്നപ്പോൾ അടുത്ത തിരിവ്, അടുത്ത പോലീസ്. അതിനപ്പുറം. അതിനപ്പുറം. എന്തിനേറെ പറയുന്നു, നടന്ന് നടന്ന് നമ്മുടെ നായകൻ വേണുഗോപാലൻ ഒരു വായനശാലയിൽ ചെന്ന് കയറുകയാണ്. അവിടെ ലോക്ക്‌ഡൌണാകുകയാണ്!

രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയിൽ ജനലിന്നിടയിലൂടെ ചാടുന്നതും. പുറത്ത് കളിസ്ഥലത്തു നിന്ന കുട്ടികൾ പിടിക്കുന്നതും രക്ഷപ്പെടാനാകാതെ തന്റെ വിധിയെന്ന കുരുക്ക് വേണുഗോപാലന്റെ കഴുത്തിൽ മുറുകുന്നതുമൊക്കെ വിസ്തരിച്ച് കഥിക്കുന്നുണ്ട് വിജയൻ. അദ്ദേഹത്തിന് എത്രയും പോകാമല്ലോ. ഒ.വി വിജയനാണല്ലോ. നമുക്കത് വയ്യ, ഇനി നടക്കാൻ വയ്യ. ഇപ്പോൾതന്നെ ഒരുപാട് പുറകോട്ട് പോയി. ഇനി പോണ്ട.

ഉള്ളതു പറഞ്ഞാൽ, അന്ത്യം വിവരിക്കാൻ വയ്യാന്നും വെച്ചോളൂ. പിറന്നാള്ളുണ്ണാതെ വലിയമുത്തശ്ശനെത്തേടി തെരുവിലേക്ക് ഇറങ്ങിയോടിയ കൊച്ചുഗോപാലൻ വഴിതെറ്റി അലഞ്ഞതൊക്കെ വായിക്കുമ്പോൾ നിരൂപകൻ മാത്രമല്ല ആരും പുകയും.

ഒന്നും മനസ്സിലാകുന്നില്ല. ഇത്രയൊക്കെ പുറകോട്ടു നടന്നോ നമ്മൾ? ഒരു നടപ്പുദീനം മനുഷ്യരെ ഇത്രമേൽ നിസ്സഹായരാക്കുമോ? ഒരു നടപ്പുദീനം പോലീസിന് ഇത്രയും അധികാരം കൊടുക്കുമോ? ദീനത്തോടുള്ള ഭയത്തിൽ നിന്ന് മനുഷ്യർ അമിതാധികാരത്തെ ആരാധിക്കാൻ തുടങ്ങുമോ?. ഒന്നും അറിഞ്ഞൂടല്ലോ... അറിയാത്തത് പറഞ്ഞൂടല്ലോ. ആയിരംലാത്തിയുള്ള അനന്തൻപിള്ളയാണ് അവസാനവാക്ക്. നിർത്തുകയാണ്.

ये भी पà¥�ें- നടപ്പുദീനപ്പോലീസ്

TAGS :

Next Story