Quantcast

ഷെവർലെയുടെ മഹാരാഷ്ട്രയിലെ പ്ലാന്റ് ഏറ്റെടുക്കാൻ മഹീന്ദ്ര

നിലവിലെ ചക്കാനിലെ പ്ലാന്റിന്റെ വിപുലീകരണവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ചക്കാനിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണ് ജിഎമ്മിന്റെ പ്ലാന്റ്.

MediaOne Logo

Web Desk

  • Published:

    23 Aug 2022 4:08 PM GMT

ഷെവർലെയുടെ മഹാരാഷ്ട്രയിലെ പ്ലാന്റ് ഏറ്റെടുക്കാൻ മഹീന്ദ്ര
X

ജനറൽ മോട്ടോർസിന്റെ (GM) മഹാരാഷ്ട്രയിലെ ടെലിഗോണിലെ പ്ലാന്റ് ഏറ്റെടുത്താൻ മഹീന്ദ്ര ഒരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കൻ ഭീമനായ ജനറൽ മോട്ടോർസ് ഷെവർലെ എന്ന ബ്രാൻഡിലാണ് ഇന്ത്യയിൽ വാഹനങ്ങൾ പുറത്തിറക്കിയിരുന്നത്. 2017 ലാണ് കമ്പനി ഇന്ത്യ വിട്ടത്. അതിനുശേഷം ചൈനീസ് കമ്പനിയായ ഗ്രേറ്റ് വാൾ മോട്ടോർസ് ജിഎമ്മിന്റെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കുമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാൽ ഗ്രേറ്റ് വാൾ മോട്ടോർസിന് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാൻ പറ്റാതെ പോയതോടെ അവർ തമ്മിലുണ്ടായ കരാർ ജൂൺ 30 ന് അവസാനിച്ചു.

ഈ സാഹചര്യത്തിലാണ് പ്ലാന്റ് ഏറ്റെടുക്കാൻ മഹീന്ദ്ര രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് മഹീന്ദ്രയുടെ ഉദ്യോഗസ്ഥർ ജിഎം പ്ലാന്റ് സന്ദർശിച്ചിരുന്നു. അതേസമയം എംജി മോട്ടോർസും ഇതേ പ്ലാന്റ് ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ജിഎം കൂടുതൽ മുൻഗണന കൊടുക്കുന്നത് മഹീന്ദ്രക്കാണെന്നാണ് സൂചന.

മഹീന്ദ്ര നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉയർന്ന ബുക്കിങിന് അനുസൃതമായി രീതിയിൽ ഉത്പാദനം നടത്താനുള്ള ശേഷിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ മിക്ക മഹീന്ദ്ര മോഡലുകളുടെയും വെയിറ്റിങ് പിരീഡ് രണ്ട് വർഷം വരെയായി വർധിച്ചിരുന്നു. 2,40,000 യൂണിറ്റുകളാണ് മഹീന്ദ്ര ഇപ്പോൾ ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. ഇതിന് പരിഹാരം വേണമെങ്കിൽ പുതിയ പ്ലാന്റ് മഹീന്ദ്രക്ക് ആവശ്യമാണ്. ഇതിനായാണ് ജിഎമ്മിന്റെ പ്ലാന്റ് വാങ്ങാൻ ശ്രമിക്കുന്നത്. നിലവിലെ ചക്കാനിലെ പ്ലാന്റിന്റെ വിപുലീകരണവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ചക്കാനിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണ് ജിഎമ്മിന്റെ പ്ലാന്റ്.

നേരത്തെ ഇത്തരത്തിൽ ഇന്ത്യ വിട്ട ഫോർഡിന്റെ പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുത്തിരുന്നു. ഫോർഡ് ഇന്ത്യയിലെ ഉത്പാദനവും വിൽപ്പനയും അവസാനിപ്പിച്ച് ഒരു വർഷം പിന്നിട്ടതിന് പിന്നാലെയാണ് ഫോർഡിന്റെ ഗുജറാത്തിലെ സാനന്ദ് പ്ലാന്റ് ടാറ്റ മോട്ടോഴ്സ്് ഏറ്റെടുത്തത്. യൂണിറ്റ് ട്രാൻസ്ഫർ എഗ്രിമെന്റ് (UTA) പ്രകാരമാണ് പ്ലാന്റ് ഏറ്റെടുത്തിരിക്കുന്നത്. ടാറ്റയ്ക്ക് കീഴിൽ പുതുതായി രൂപീകരിച്ച സബ്സിഡയറി കമ്പനിയായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ആണ് പ്ലാന്റ് ഏറ്റെടുത്തിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ വേണ്ടി പ്രത്യേകമായി ടാറ്റ രൂപീകരിച്ച കമ്പനിയാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോർഡ് ഇന്ത്യ വിട്ടത്.

ഈ ഏറ്റെടുക്കലിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭൂമിയും കെട്ടിടങ്ങളും പ്ലാന്റും മെഷിനറിയും ഉപകരണങ്ങളും കൂടാതെ ഫോർഡിന്റെ പ്ലാന്റിൽ നിലവിലുള്ള യോഗ്യരായ ജീവനക്കാരെയും ടാറ്റ ഏറ്റെടുക്കുമെന്നും കരാറിലുണ്ട്. 725.7 കോടി രൂപയാണ് ഇത്രയും കാര്യങ്ങൾക്കായി ഫോർഡിന് ടാറ്റ നൽകുക.

പ്ലാന്റ് ടാറ്റ ഏറ്റെടുത്താലും പ്ലാന്റിൽ നിന്ന് ലോകവിപണിയിലേക്കായി എഞ്ചിൻ നിർമിക്കുന്നത് ഫോർഡ് തുടരും. ഇതിന് ആവശ്യമായ മെഷീനറികൾ കെട്ടിടങ്ങളും മാറ്റിവെക്കും. ഭാവിയിൽ എപ്പോഴെങ്കിലും ഫോർഡ് എഞ്ചിൻ നിർമാണം അവസാനിപ്പിച്ചാൽ ആ ഉപകരണങ്ങളും സ്ഥലവും കെട്ടിടവും യോഗ്യരായ ജീവനക്കാരെയും ടാറ്റ തന്നെ ഏറ്റെടുക്കുമെന്നും കരാർ വ്യവസ്ഥയുണ്ട്

ഫോർഡിന്റെ പ്ലാന്റ് ടാറ്റ വാഹനങ്ങൾ നിർമിക്കാൻ ഉപയോഗിക്കണമെങ്കിൽ ടാറ്റ ഇനിയും പണം ചെലവഴിക്കേണ്ടതുണ്ട്. ഉപകരണങ്ങളും പ്രൊഡക്ഷൻ ലൈനും ഇവി വാഹനം നിർമിക്കാൻ ഉതകുന്ന രീതിയിൽ മാറ്റണം. നിലവിൽ പ്രതിവർഷം 3,00,000 യൂണിറ്റുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. ഇത് 4,20,000 വരെ ഉയർത്താനും സാധിക്കും.

ടാറ്റയുടെ ഇന്ത്യയിലെ പ്ലാന്റുകളെല്ലാം ഉത്പാദനശേഷിയുടെ പരമാവധിയോട് അടുക്കുന്ന സാഹചര്യത്തിൽ ഫോർഡിന്റെ പ്ലാന്റ് ഏറ്റെടുത്തത് ടാറ്റയ്ക്ക് ഗുണകരമാകും. പ്രതിവർഷം അഞ്ചു ലക്ഷം കാറുകൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ടാറ്റ കൂടുതൽ അടുക്കാനും ഇത് സഹായിക്കും.

അതേസമയം ഫോർഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റായ ചെന്നൈ പ്ലാന്റിന്റെ കാര്യത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

TAGS :

Next Story